Kerala

മുഖ്യമന്ത്രിയുടെ കൊവിഡ് പാക്കേജ് വെറും തട്ടിപ്പ്: മുല്ലപ്പള്ളി

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക ആറുമാസത്തെ ഉണ്ടെന്നിരിക്കെ രണ്ടുമാസത്തെ അഡ്വാന്‍സ് നല്‍കുമെന്ന പ്രഖ്യാപനം പട്ടിണി പാവങ്ങളായ പെന്‍ഷന്‍കാരെ പരിഹസിക്കുന്നതിന് തുല്യമാണ്.

മുഖ്യമന്ത്രിയുടെ കൊവിഡ് പാക്കേജ് വെറും തട്ടിപ്പ്: മുല്ലപ്പള്ളി
X

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച 20000 കോടി രൂപയുടെ കൊവിഡ് 19 പാക്കേജ് വെറും തട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍പ് പ്രഖ്യാപിച്ച നിരവധി പാക്കേജുകളുടെ ദുരവസ്ഥ കോവിഡ് 19ന്റെ പാക്കേജിന് ഉണ്ടാകരുതെന്നും മുല്ലപ്പള്ളി അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രിയും ധനമന്ത്രിയും സ്ഥിരം നടത്താറുള്ള അധരവ്യായമമാണ് ഇപ്പോഴത്തെ കോവിഡ് 19 പാക്കേജും. ഒന്നും രണ്ടും പ്രളയ പാക്കേജും ഓഖി പാക്കേജും കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകളുടെയും അവസ്ഥ പരിശോധിച്ചാല്‍ അറിയാം അതിന്റെ ദുരവസ്ഥ. 20000 കോടിയില്‍ 14,000 കോടിയും സര്‍ക്കാര്‍ നല്‍കാനുള്ള തുക കൊടുത്തു തീര്‍ക്കാനുള്ളതാണ്.

ട്രഷറി നിയന്ത്രണത്തെ തുടര്‍ന്ന് ഉണ്ടായ ബാധ്യതയാണ് ഈ 14000 കോടി. സര്‍ക്കാരിന്റെ ധൂര്‍ത്തും ധനകാര്യരംഗത്തെ പരാജയവും കെടുകാര്യസ്ഥതയും കൊണ്ടുണ്ടായതാണ് ഈ ബാധ്യത. അതിനെ കോവിഡ് 19 ന്റെ പാക്കേജില്‍ ഉള്‍പ്പെടുത്തി സ്വയം അപഹാസ്യമാവുകയാണ് പിണറായി സര്‍ക്കാര്‍. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് കടമെടുക്കാന്‍ അനുവദനീയമായ തുകയുടെ സിംഹഭാഗവും എടുത്ത് നിലവിലെ കടം വീട്ടുകയാണ് ലക്ഷ്യം. അതിന് കോവിഡ് 19നെ ഒരു മറയാക്കി എന്നതുമാത്രമാണ് യാഥാര്‍ത്ഥ്യം. സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ കടബാധ്യത രണ്ടര ലക്ഷം കോടിയിലധികമാണ്. കടബാധ്യത പരിധി വീണ്ടും ഉയര്‍ത്തുമ്പോള്‍ അടുത്ത സാമ്പത്തിക വര്‍ഷവും വരും വര്‍ഷങ്ങളിലും വന്‍പദ്ധതികളുടെ നടത്തിപ്പ് അവതാളത്തിലാക്കും എന്നതില്‍ സംശയമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഒരു മഹാമാരിയെപ്പോലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ഒട്ടും ഭൂഷണമല്ല. പ്രളയദുരിതാശ്വാസ ധനസഹായത്തിന്റെ ഗുണഭോക്താക്കള്‍ ആരാണെന്ന് കേരളം കണ്ടതാണ്. ലക്ഷങ്ങളാണ് പ്രളയഫണ്ട് തിരിമറിയിലൂടെ സിപിഎം നേതാക്കളുടെ അക്കൗണ്ടിലേക്ക് എത്തിയത്. ഇതില്‍ വിശദമായ അന്വേഷണം നടത്തിയാല്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ കുടങ്ങുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക ആറുമാസത്തെ ഉണ്ടെന്നിരിക്കെ രണ്ടുമാസത്തെ അഡ്വാന്‍സ് നല്‍കുമെന്ന പ്രഖ്യാപനം പട്ടിണി പാവങ്ങളായ പെന്‍ഷന്‍കാരെ പരിഹസിക്കുന്നതിന് തുല്യമാണ്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തശേഷം സര്‍ക്കാര്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരുന്നെങ്കില്‍ അതിന് ഒരു അന്തസ്സുണ്ടാകുമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

Next Story

RELATED STORIES

Share it