Kerala

കെ മുരളീധരന് മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷൻ; അച്ചടക്കമില്ലാതെ പാര്‍ട്ടിയില്‍ മുന്നോട്ട് പോവാനാവില്ല

ബൂത്ത് പ്രസിഡന്‍റ് ആകാൻ പോലും യോഗ്യതയില്ലാത്തവർ ഭാരവാഹികളാകുന്നുവെന്നും ഇത് പാർട്ടിക്ക് ദോഷമാണെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്.

കെ മുരളീധരന് മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷൻ; അച്ചടക്കമില്ലാതെ പാര്‍ട്ടിയില്‍ മുന്നോട്ട് പോവാനാവില്ല
X

തിരുവനന്തപുരം: കെപിസിസി പുനസംഘടനക്കെതിരേ പരസ്യവിമർശനം നടത്തിയ കെ മുരളീധരന്‍ എംപിക്ക് മറുപടിയുമായി സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. കാര്യങ്ങള്‍ പറയേണ്ട സ്ഥലത്ത് പറയണം. പാര്‍ട്ടിയില്‍ അച്ചടക്കമില്ലാതെ മുന്നോട്ട് പോവാനാവില്ല. ആഭ്യന്തര കാര്യങ്ങൾ പുറത്ത് പറയുന്നത് പാർട്ടിക്ക് ഗുണമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ദളിത് വിഭാഗത്തിൽപ്പെട്ട ഡോ.സോന മികച്ച നേതാവാണെന്നും അവരെ ഭാരവാഹിയാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി ഭാരവാഹി പട്ടികയിൽ അനർഹരില്ല. പാർട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവന്ന പാരമ്പര്യമാണ് കോൺഗ്രസിന്റെതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പുറത്തുവന്ന കെപിസിസി ഭാരവാഹി പട്ടികക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കെ മുരളീധരന്‍ നടത്തിയത്. ബൂത്ത് പ്രസിഡന്‍റ് ആകാൻ പോലും യോഗ്യതയില്ലാത്തവർ ഭാരവാഹികളാകുന്നുവെന്നും ഇത് പാർട്ടിക്ക് ദോഷമാണെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്. വനിതാ പ്രാതിനിധ്യത്തിന്റെ പേരിൽ ഇടംനേടിയ ഡോ. സോന ആരാണെന്നായിരുന്നു മുരളീധരന്റെ ചോദ്യം. കെപിസിസി ലിസ്റ്റിൽ ഉള്ളവരെ മാത്രമേ ഭാരവാഹികൾ ആക്കാവു എന്നൊരു തീരുമാനം രാഷ്ട്രീയകാര്യ സമിതി എടുത്തിരുന്നു. അത്തരമൊരു ലിസ്റ്റും തയ്യാറാക്കി. പക്ഷേ ഈ സോനയൊക്കെ അതിലുണ്ടോ എന്ന് അറിയില്ലെന്നായിരുന്നു മുരളിയുടെ പരിഹാസം.

ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ട മോഹൻ ശങ്കറിനെതിരെയും മുരളീധരൻ വിമർശനം ഉന്നയിച്ചിരുന്നു. കെപിസിസി ഭാരവാഹി പട്ടികയിൽ ബിജെപിക്കാരെ ഉൾപ്പെടുത്തിയ പോലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കാരെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയാൽ ഒരുവട്ടം കൂടി പ്രതിപക്ഷത്തിരിക്കാമെന്നും മുരളീധരൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പാർട്ടി വിട്ട് പുറത്തുപോയവരെ തിരികെ കൊണ്ടുവന്ന പാരമ്പര്യമാണ് പാർട്ടിക്കുള്ളതെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it