Kerala

കൊവിഡിന്റെ മറവില്‍ മുഖ്യമന്ത്രി സ്വഭാവഹത്യ നടത്തുന്നു: മുല്ലപ്പള്ളി

മുഖ്യമന്ത്രിയുടെ സമനില തെറ്റിയുള്ള പ്രതികരണം കൊവിഡിനെതിരേയുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന് വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നത്.

കൊവിഡിന്റെ മറവില്‍ മുഖ്യമന്ത്രി സ്വഭാവഹത്യ നടത്തുന്നു: മുല്ലപ്പള്ളി
X

തിരുവനന്തപുരം: കൊവിഡിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പ്രതിദിന വാർത്താസമ്മേളനം പ്രതിപക്ഷ നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് സ്വഭാവഹത്യ നടത്താനുള്ള സങ്കുചിത രാഷ്ട്രീയമായി മാറിയിരിക്കുകയാണെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

മുഖ്യമന്ത്രിയുടെ സമനില തെറ്റിയുള്ള പ്രതികരണം കൊവിഡിനെതിരേയുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന് വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നത്. ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന് പനി ബാധിച്ചപ്പോള്‍ അദ്ദേഹത്തെ ബോധപൂര്‍വ്വം അപമാനിക്കാന്‍ മുഖ്യമന്ത്രി കാട്ടിയ ഉത്സാഹം കേരളം ഞെട്ടലോടെയാണു കണ്ടത്. അദ്ദേഹത്തിന് കൊവിഡ് ഇല്ലെന്നു അന്തിമമായി സ്ഥിരീകരിച്ചപ്പോള്‍ മുഖ്യമന്ത്രിയില്‍ നിന്നു കേരളം ക്ഷമാപണമാണ് പ്രതീക്ഷിച്ചത്. പക്ഷേ അതുണ്ടായില്ല. കൊവിഡിനെ മുഖ്യമന്ത്രി രാഷ്ട്രീയമായി ദുരുപയോഗിക്കുകയാണെന്ന ആദ്യ സൂചന ഈ സംഭവത്തില്‍ നിന്നാണ് വ്യക്തമായത്.

തുടര്‍ന്ന് എന്നെയും പ്രതിപക്ഷ നേതാവിനെയും ഒറ്റതിരിഞ്ഞ് വളഞ്ഞിട്ട് ആക്രമിക്കുന്ന സംഭവങ്ങളാണ് കേരളം കണ്ടത്. ഏറ്റവുമൊടുവിലത്തെ മുഖ്യമന്ത്രിയുടെ അക്രമണത്തിന് ഇരയായത് കെ എം ഷാജി എംഎല്‍എയാണെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും പൊതുഖജനാവില്‍ നിന്നും ചെലവഴിക്കുന്ന ഓരോ ചില്ലിക്കാശും ഇന്നാട്ടിലെ പാവപ്പെട്ടവരുടേതു കൂടിയാണ്. ഒരു കിലോ അരി വാങ്ങുന്നവനും നികുതി നല്‍ക്കുന്നുണ്ട്. നികുതിദായകര്‍ നല്‍കുന്ന ഓരോ ചില്ലിക്കാശും സത്യസന്ധമായും സുതാര്യമായും ചെലവഴിക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നത് അവരുടെ അവകാശമാണ്. ജനങ്ങളുടെ പണം ഹെലികോപ്റ്റര്‍ വാങ്ങാനും ഷുഹൈബിന്റെയും ശരത്‌ലാരല്‍, കൃപേഷ് തുടങ്ങിയവരുടെ വാടകകൊലയാളികളെ രക്ഷിക്കാനും മുഖ്യമന്ത്രിയുടെ പാര്‍ശ്വവര്‍ത്തികള്‍ക്ക് ധൂര്‍ത്തടിക്കുവാനും അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ട അടിയന്തിര ധനസഹായം സിപിഎമ്മുകാര്‍ കട്ടുമുടിക്കുപ്പെടുമ്പോഴും ഒരായിരിം ഷാജിമാര്‍ ചോദ്യം ചെയ്യും. അതിന് മറുപടി ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി ക്ഷുഭിതനായി കെഎം ഷാജിയെ കടന്നാക്രമിച്ചത്.

കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഭിന്നിപ്പിക്കാനുള്ള ഗൂഢശ്രമവും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലൂടെ പുറത്തുവരുന്നുണ്ട്. രാഹുല്‍ ഗാന്ധിയും എകെ ആന്റണിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും മത്സരിച്ച് കോവിഡ് പുനരധിവാസ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അതില്‍ ചിലരെ മാത്രം പുകഴ്ത്തുകയും മറ്റുള്ളവരെ ഇകഴ്ത്തുകയും ചെയ്യുന്നത് ഭിന്നിപ്പിക്കല്‍ തന്ത്രത്തിന്റെ ഭാഗമാണെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് അപ്രിയമായ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ആ മുഖത്ത് പടരുന്ന അസഹിഷ്ണുതയും കോപവും മൂലം ആ പരിസരംപോലും കരിഞ്ഞുപോകുന്ന പ്രതീതിയാണ് ഉണ്ടാകുന്നത്. മാധ്യമപ്രവര്‍ത്തകരെ വിരട്ടി അനിഷ്ട ചോദ്യങ്ങള്‍ തടയാമെന്നു കരുതിയാല്‍ അതു നടക്കില്ല. എല്ലാവരും സ്തുതിപാഠകരാണെന്ന് കരുതരുത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പാരമ്പര്യമുള്ളവരാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെന്ന് മുഖ്യമന്ത്രി മറക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഡേറ്റ കച്ചവടവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ മുഖ്യമന്ത്രിയുടെ അസഹിഷ്ണുത പ്രകടമായിരുന്നു. അമേരിക്കന്‍ കമ്പനിയോട് എന്താണിത്ര വിധേയത്വമെന്ന് മനസിലാകുന്നില്ല. സാമ്രാജ്യത്വത്തിനും എഡിബിക്കും ലോകബാങ്കിനുമൊക്കെ എതിരേ നടത്തിയ ഗര്‍ജനം ഇപ്പോള്‍ പുച്ചയുടെ കരച്ചില്‍പോലെയായെന്ന് മുല്ലപ്പള്ളി പരിഹസിച്ചു.

Next Story

RELATED STORIES

Share it