Kerala

മന്ത്രിസഭ പിരിച്ചുവിട്ട് ഉടനടി തിരഞ്ഞെടുപ്പിനെ നേരിടണം: മുല്ലപ്പള്ളി

മന്ത്രി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍ഐഎ ചോദ്യം ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണ്. മന്ത്രിസഭയിലെ നാലുമന്ത്രിമാര്‍ സംശയത്തിന്റെ നിഴലിലാണ്. സ്പീക്കറും അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്.

മന്ത്രിസഭ പിരിച്ചുവിട്ട് ഉടനടി തിരഞ്ഞെടുപ്പിനെ നേരിടണം: മുല്ലപ്പള്ളി
X

തിരുവനന്തപുരം: മന്ത്രിമാരുടെ ഗുരുതര ക്രമക്കേടുകളെ വെള്ളപൂശുന്നതിന് പകരം മന്ത്രിസഭ ഉടനടി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.

മന്ത്രി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍ഐഎ ചോദ്യം ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണ്. മന്ത്രിസഭയിലെ നാലുമന്ത്രിമാര്‍ സംശയത്തിന്റെ നിഴലിലാണ്. സ്പീക്കറും അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്. മന്ത്രിമാരേയും കുടുംബാംഗങ്ങളേയും തുടരെത്തുടരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി.

എല്ലാ ക്രമക്കേടുകളുടേയും കേന്ദ്രബിന്ദു മുഖ്യമന്ത്രിയാണ്.അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം ഈ സര്‍ക്കാരിനില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മന്ത്രിയെ ചോദ്യം ചെയ്യുന്നത് നിസ്സാരവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.സമനില തെറ്റിയ മുഖ്യമന്ത്രി പലപ്പോഴും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായിട്ടാണ് പ്രതികരിക്കുന്നത്. മന്ത്രിയെ എന്‍.ഐ.എചോദ്യം ചെയ്തത് ലാഘവബുദ്ധിയോടെ കാണാന്‍ കഴിയില്ല. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വശങ്ങളാണ് എന്‍.ഐ.എ പ്രധാനമായും അന്വേഷിക്കുക. കൂടാതെ സൈബര്‍ കുറ്റകൃത്യങ്ങള്‍,ആയുധക്കള്ളക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയവയും എന്‍.ഐ.എയുടെ അന്വേഷണ പരിധിയില്‍ വരുന്ന വിഷയങ്ങളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊവിഡുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന ഒരുമണിക്കൂര്‍ വാര്‍ത്തസമ്മേളനങ്ങളില്‍ പ്രധാനമായും മന്ത്രിമാരുടേയും അവരുടെ മക്കളുടേയും പാര്‍ട്ടി സെക്രട്ടറിയുടെ മകന്റേയും ക്രമക്കേടുകളെ ന്യായീകരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കള്ളക്കടത്തുകാര്‍, മയക്കുമരുന്നു ലോബി, അഴിമതിക്കാര്‍ തുടങ്ങിയവരുമായിട്ടാണ് പാര്‍ട്ടി സെക്രട്ടിയുടെയും വ്യവസായ മന്ത്രിയുടെയും മക്കള്‍ക്ക് ബന്ധം. എല്ലാ തട്ടിപ്പുസംഘങ്ങള്‍ക്കും മുഖ്യമന്ത്രി രക്ഷാകവചം തീര്‍ക്കുന്നു.ഇത് കേരളത്തിന് അപമാനകരമാണ്. മലയാളികള്‍ക്ക് തലയുര്‍ത്തി പുറത്ത് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മന്ത്രി ജലീല്‍ തുടരെ പച്ചക്കള്ളം പറയുകയാണ്.ജലീലിന് ഒളിച്ചുവയ്ക്കാന്‍ ഒന്നും ഇല്ലെങ്കില്‍ തലയില്‍ മുണ്ടിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായതും ഇപ്പോള്‍ രഹസ്യമായി എന്‍.ഐ.എക്ക് മുന്നില്‍ ഹജരായതും ആരെ കബളിപ്പിക്കാനാണ്. പൊതുജനത്തോട് എല്ലാം തുറന്ന് പറയാനുള്ള ധീരതയാണ് മന്ത്രി ജലീലില്‍ കാട്ടേണ്ടത്. കുറ്റവാളികളെ തുടരത്തുടരെ സംരക്ഷിക്കുന്ന നടപടികളെ കുറിച്ച് നല്ല കമ്യൂണിസ്റ്റുകാര്‍ ഗൗരവത്തോടെ കാണണമെന്നും മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Next Story

RELATED STORIES

Share it