Kerala

വനിതാ ഐഎഎസ് ഉദ്യോഗസ്ഥരോട് മോശം പെരുമാറ്റം: ബിശ്വനാഥ് സിന്‍ഹ അവധിയില്‍

മൂന്നുമാസത്തെ അവധി അപേക്ഷയാണ് ചീഫ് സെക്രട്ടറിക്ക് സിന്‍ഹ നല്‍കിയത്. അവധിക്ക് അപേക്ഷ നല്‍കിയ സിന്‍ഹ അതിനു മുമ്പായി സെക്രട്ടറിമാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍നിന്നും സ്വയം പുറത്തുപോവുകയും ചെയ്തു.

വനിതാ ഐഎഎസ് ഉദ്യോഗസ്ഥരോട് മോശം പെരുമാറ്റം: ബിശ്വനാഥ് സിന്‍ഹ അവധിയില്‍
X

തിരുവനന്തപുരം: യുവ വനിതാ ഐഎഎസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മുന്‍ പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അവധിക്ക് അപേക്ഷ നല്‍കി. മൂന്നുമാസത്തെ അവധി അപേക്ഷയാണ് ചീഫ് സെക്രട്ടറിക്ക് സിന്‍ഹ നല്‍കിയത്. അവധിക്ക് അപേക്ഷ നല്‍കിയ സിന്‍ഹ അതിനു മുമ്പായി സെക്രട്ടറിമാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍നിന്നും സ്വയം പുറത്തുപോവുകയും ചെയ്തു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് സിന്‍ഹ അവധിക്ക് അപേക്ഷ നല്‍കിയതെന്നും സൂചനയുണ്ട്. ബിശ്വനാഥ് സിന്‍ഹ നിരന്തരം തനിക്ക് എസ്എംഎസും വാടാസ്പ്പ് സന്ദേശങ്ങളും അയക്കുന്നതായി ഒരു യുവ വനിത ഐഎഎസ് ഓഫിസര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് പരസ്യമായി വെളിപ്പെടുത്തിയത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം പങ്കുവച്ചിരുന്നു.

വനിതകളായ ജൂനിയര്‍ ഐഎഎസ് ഓഫിസര്‍മാരോട് മോശമായി പെരുമാറിയതിനാണ് ബിശ്വനാഥ് സിന്‍ഹയെ ആ സ്ഥാനത്തുനിന്നും മാറ്റിയതെന്ന് ജ്യോതികുമാര്‍ ചാമക്കാല പറയുന്നു. ഒരു ജൂനിയര്‍ ഐഎഎസ് ഓഫിസറോട് സിന്‍ഹ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അവരുടെ രക്ഷിതാക്കള്‍ നേരത്തെ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിരുന്നു. പിന്നീട് ട്രെയിനിങ്ങിലുള്ള രണ്ട് യുവ വനിത ഐഎഎസുകാരോടും ബിശ്വനാഥ് സിന്‍ഹ സമാനമായ രീതിയില്‍ പെരുമാറി. ഇവര്‍ മുസൂറിയിലെ ഐഎഎസ് അക്കാദമിയില്‍ ഇതെക്കുറിച്ച് പരാതി നല്‍കി. ഈ പരാതി മസൂറിയില്‍നിന്നും മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി.

പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ബിശ്വനാഥ് സിന്‍ഹ നേരിട്ട് ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇതോടെയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റിയതെന്നും ജ്യോതികുമാര്‍ ചാമക്കാല ആരോപിക്കുന്നു. എന്നാല്‍, ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസും ചീഫ് സെക്രട്ടറിയുടെ ഓഫിസും നിഷേധിക്കുകയായിരുന്നു. എന്നാല്‍, എന്തിനാണ് ബിശ്വനാഥ് സിന്‍ഹയെ മാറ്റിയതെന്ന കാര്യം ഇനിയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും സിന്‍ഹക്കെതിരായ പരാതി സര്‍ക്കാര്‍ മുക്കിയിരിക്കുകയാണെന്നുമാണ് ജ്യോതികുമാര്‍ ചാമക്കാല പറയുന്നത്.

Next Story

RELATED STORIES

Share it