Kerala

മാധ്യമ ധാര്‍മികത കനത്ത വെല്ലുവിളി നേരിടുന്നു: ഗവര്‍ണര്‍

പരസ്യസ്വഭാവമുളള വാര്‍ത്തകളും പെയ്ഡ് ന്യൂസുകളും യഥാര്‍ഥവസ്തുതകളെ മൂടിവയ്ക്കുന്നു. വാര്‍ത്തകള്‍ വില്‍പ്പനച്ചരക്കാവുമ്പോള്‍ മാധ്യമധാര്‍മികത വിപണി സമ്മര്‍ദങ്ങളുടെ വെല്ലുവിളി നേരിടുകയാണ്.

മാധ്യമ ധാര്‍മികത കനത്ത വെല്ലുവിളി നേരിടുന്നു: ഗവര്‍ണര്‍
X

കോട്ടയം: മാധ്യമധാര്‍മികത കനത്ത വെല്ലുവിളി നേരിടുന്നതായി ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി സദാശിവം. കോട്ടയം പ്രസ്‌ക്ലബ് കെട്ടിടത്തിന്റെ പുതിയ നിലയുടെ ഉദ്ഘാടനവും ജേണലിസം സ്‌കൂളിന്റെ 20ാമത് വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്യസ്വഭാവമുളള വാര്‍ത്തകളും പെയ്ഡ് ന്യൂസുകളും യഥാര്‍ഥവസ്തുതകളെ മൂടിവയ്ക്കുന്നു. വാര്‍ത്തകള്‍ വില്‍പ്പനച്ചരക്കാവുമ്പോള്‍ മാധ്യമധാര്‍മികത വിപണി സമ്മര്‍ദങ്ങളുടെ വെല്ലുവിളി നേരിടുകയാണ്.

ഡിജിറ്റല്‍വല്‍ക്കരണം മാധ്യമങ്ങള്‍ക്ക് അതിരുകളില്ലാത്ത സ്വാതന്ത്ര്യം നല്‍കി. ഇത് പലരും ദുരുപയോഗപ്പെടുത്തുന്നു. അത് വിശ്വാസ്യത, ധാര്‍മികത, നിയമപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നു. വ്യാജ ഹര്‍ത്താല്‍ പ്രഖ്യാപനത്താല്‍ പല ജില്ലകളും നിശ്ചലമാവുന്നു. വ്യാജറിപോര്‍ട്ടുകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തുകയും അത് തുറന്നുകാട്ടുകയും ചെയ്യുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ ഉപയോഗം വര്‍ധിക്കുന്ന ഈ കാലഘട്ടത്തില്‍ ഉത്തരവാദിത്വത്തോടെയുളള സമീപനം ആവശ്യമാണ്.

യുവജനതയെ ബോധവല്‍ക്കരിക്കാനായി ജേണലിസം സ്‌കൂള്‍ മുന്‍കൈയെടുത്ത് പ്രചാരണം നടത്തണം. കേന്ദ്രതൊഴില്‍ നയത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് പ്രധാനമന്ത്രിയോടും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയോടും ആശയവിനിമയം നടത്താന്‍ ഗവര്‍ണര്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ നല്‍കുന്ന നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടത്താം. തനിക്ക് ഇ-മെയിലില്‍ അടക്കം ലഭിക്കുന്ന പരാതികളില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തി സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കാറുണ്ട്. കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താ റിപോര്‍ട്ടിങ്ങിന് പ്രത്യേകസ്ഥലവും സൗകര്യങ്ങളുമൊരുക്കാന്‍ ഹൈക്കോടതിയും സുപ്രിംകോടതിയിലും ജഡ്ജിയായിരിക്കെ സ്വീകരിച്ച നടപടികളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകരുമായുളള ഊഷ്മളബന്ധത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് സാനു ജോര്‍ജ് തോമസ് മുഖ്യപ്രഭാഷണം നടത്തി. കൊച്ചിന്‍ ഷിപ്പ്‌യാഡ് ഓഡിറ്റ് കമ്മിറ്റി ചെയര്‍മാന്‍ ബി രാധാകൃഷ്ണമേനോന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി എന്‍ സമ്പത്ത്കുമാര്‍, കെയുഡബ്ല്യുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍, സംസ്ഥാന സെക്രട്ടറി ഷാലു മാത്യു, പ്രസ്‌ക്ലബ് സെക്രട്ടറി എസ് സനില്‍കുമാര്‍, ട്രഷറര്‍ റെജി ജോസഫ്, എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ്, ഗവര്‍ണറുടെ പത്‌നി സരസ്വതി സദാശിവം പങ്കെടുത്തു.

Next Story

RELATED STORIES

Share it