Kerala

കാലവര്‍ഷം : എറണാകുളത്ത് കണ്‍ട്രോള്‍ റൂം സജീവമായി;നദികളിലെ ജലനിരപ്പ് മണിക്കൂര്‍ തോറും വിലയിരുത്താന്‍ സംവിധാനം

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത് . ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ മേല്‍ നോട്ടത്തില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനനിരതമാണ്.കണ്‍ട്രോള്‍ റൂമിലെ ടോള്‍ ഫ്രീ നമ്പറായ 1077 ല്‍ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും ബന്ധപ്പെടാവുന്ന സജ്ജീകരണം ഒരുക്കി കഴിഞ്ഞു

കാലവര്‍ഷം : എറണാകുളത്ത് കണ്‍ട്രോള്‍ റൂം സജീവമായി;നദികളിലെ ജലനിരപ്പ് മണിക്കൂര്‍ തോറും വിലയിരുത്താന്‍ സംവിധാനം
X

കൊച്ചി: കാലവര്‍ഷം ആരംഭിച്ചതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എറണാകുളം കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം സജീവമായി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത് . ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ മേല്‍ നോട്ടത്തില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനനിരതമാണ്.കണ്‍ട്രോള്‍ റൂമിലെ ടോള്‍ ഫ്രീ നമ്പറായ 1077 ല്‍ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും ബന്ധപ്പെടാവുന്ന സജ്ജീകരണം ഒരുക്കി കഴിഞ്ഞു. അടിയന്തര വിവരങ്ങള്‍ പോലിസിന് കൈമാറാനും പോലിസില്‍ നിന്നുള്ള വിവരങ്ങള്‍ ജില്ലാ തലത്തില്‍ ലഭിക്കാനും വയര്‍ലസ് സെറ്റിന്റെ സേവനം പ്രയോജനപ്പെടുത്തും. ആശയ വിനിമയത്തിനായി ഹോട്ട് ലൈന്‍ നമ്പറുകളും സജ്ജീകരിച്ചു. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും കണ്‍ട്രോള്‍ റൂമില്‍ തയാറാക്കി.

പോലിസ്, ഫയര്‍ഫോഴ്‌സ്, ജലസേചനം, റവന്യൂ, ആരോഗ്യം, പബ്ലിക്ക് റിലേഷന്‍സ് തുടങ്ങിയ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനമാണ് കണ്‍ട്രോള്‍ റൂമിലുളളത്. ഡാമുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ ഭരണകൂടത്തിനും ദുരന്ത നിവാരണ അതോറിറ്റിക്കും കൈമാറുന്നതിനായി ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കണ്‍ട്രോള്‍ റൂമില്‍ ചുമതലയേറ്റു. ഡാമുകളിലെ ജലനിരപ്പു സംബന്ധിച്ച വിവരങ്ങളും ഷട്ടറുകള്‍ തുറക്കുക വഴി പുഴകളില്‍ ഉണ്ടാകുന്ന ജലനിരപ്പിന്റെ വ്യത്യാസങ്ങള്‍ തുടങ്ങിയ വിവരങ്ങളും അപ്പപ്പോള്‍ ജനങ്ങളെ അറിയിക്കാനും ഇതുവഴി സാധിക്കും. വെള്ളപ്പൊക്കം ബാധിക്കുന്ന പഞ്ചായത്തുകള്‍ക്ക് മുന്നറിയിപ്പു നല്‍കാനും കഴിയും.

ജില്ലാ കലക്ടറുടെ facebook.com/dcekm, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെfacebook.com/dioekm എന്നീ ഫേസ് ബുക്ക് പേജുകളില്‍ ജില്ലയെ സംബന്ധിച്ച കാലാവസ്ഥാ വിവരങ്ങള്‍, അണക്കെട്ടുകളിലെ ജലനിരപ്പ്, മുന്നറിയിപ്പുകള്‍എന്നിവ യഥാസമയം നല്‍കിവരുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന അറിയിപ്പുകളും ഈ പേജുകളില്‍ ലഭിക്കും. മൂവാറ്റുപുഴയാര്‍, പെരിയാര്‍ എന്നീ നദികളിലെയും കൈവഴികളിലും നിശ്ചിത കേന്ദ്രങ്ങളിലെ ജലനിരപ്പും മണിക്കൂര്‍ തോറും നിരീക്ഷിച്ച് രേഖപ്പെടുത്തുന്നുണ്ട്. രണ്ട് നദികളിലും ജലനിരപ്പ് ഇപ്പോള്‍ സാധാരണ നിലയിലാണ്. മൂവാറ്റുപുഴയാറിലേക്ക് ജലമെത്തുന്ന മലങ്കര അണക്കെട്ടിലെയും പെരിയാറിലെ ഭൂതത്താന്‍കെട്ട് ബാരേജിലെയും ഷട്ടറുകള്‍ ആവശ്യാനുസരണം തുറന്ന് ഈ നദികളിലെ ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇടമലയാര്‍ അണക്കെട്ടില്‍ സംഭരണശേഷിയുടെ കാല്‍ഭാഗത്തോളം മാത്രമാണ് നിലവില്‍ വെള്ളമുള്ളത്. ഇടമലയാറിലെ ജലനിരപ്പില്‍ കാര്യമായ വ്യതിയാനം വരാത്തിടത്തോളം പെരിയാറിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മൂലമറ്റം വൈദ്യുതനിലയത്തില്‍ഉല്‍പാദനത്തിന് ശേഷം പുറന്തള്ളുന്ന ജലമെത്തുന്ന മലങ്കര അണക്കെട്ടിലെ സ്ഥിതിയും നിരീക്ഷണത്തിലാണ്. ഇടുക്കി ജില്ലാ ഭരണകൂടം, വൈദ്യുതി ബോര്‍ഡ്, മൂവാറ്റുപുഴ നദിതടജലസേചന പദ്ധതി എന്നിവരുമായി മൂവാറ്റുപുഴയാറിലെ തല്‍സ്ഥിതി സംബന്ധിച്ച് നിരന്തര സമ്പര്‍ക്കത്തിലാണ് എറണാകുളം ജില്ലാ ഭരണകൂടം. തൊടുപുഴ, കാളിയാര്‍, കോതമംഗലം എന്നീ നദികളിലെഗേജിംഗ് സ്റ്റേഷനുകള്‍ മുഖേനയാണ്മൂവാറ്റുപുഴയാറിലെ മൊത്തത്തിലുള്ള സ്ഥിതി വിലയിരുത്തുന്നത്. പെരിയാറില്‍ കാലടി, മാര്‍ത്താണ്ഡവര്‍മ്മ പാലം, മംഗലപ്പുഴ പാലം എന്നിവിടങ്ങളിലാണ് ജലനിരപ്പ് വിലയിരുത്തുന്നതിനുള്ള ഗേജിംഗ് സ്റ്റേഷനുകള്‍. പുറപ്പിള്ളിക്കാവിലും മഞ്ഞുമ്മലിലും റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളമൊഴുക്കുന്നുണ്ട്.

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ദുരന്ത നിവാരണ പദ്ധതി ആസൂത്രണ രേഖ കണ്‍ട്രോള്‍ റൂമില്‍ സൂക്ഷിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ സഹിതമാണ് ആസൂത്രണ രേഖ തയാറാക്കിയിരിക്കുന്നത്. സേവനം ആവശ്യപ്പെട്ട് കണ്‍ട്രോള്‍ റൂമിലെത്തുന്ന സന്ദേശം പ്രദേശത്തെ ക്യാംപ് ചാര്‍ജ് ഓഫീസര്‍ക്കും, വില്ലേജ് ഓഫീസര്‍ക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ കണ്‍ട്രോള്‍ റൂമിലേക്കുമാണ് കൈമാറുന്നത്. ഇതോടൊപ്പം പോലിസ് , ഫയര്‍ഫോഴ്‌സ് വകുപ്പുകളെയും അറിയിക്കും. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. ജില്ലാതലത്തില്‍ കൂടാതെ താലൂക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it