Kerala

ജനകീയ സമരം ഫലം കണ്ടു; മണിയാറന്‍കുടി ടാര്‍ മിക്‌സിങ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും

ജനകീയ സമരം ഫലം കണ്ടു; മണിയാറന്‍കുടി ടാര്‍ മിക്‌സിങ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും
X

ഇടുക്കി: പൈനാവ് താന്നിക്കണ്ടം റോഡ് പണിക്കായി മണിയാറന്‍കുടിയില്‍ സ്ഥാപിച്ച ടാര്‍ മിക്‌സിങ് പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്താനും അതിനെതിരേ തുടര്‍ന്നുവന്ന ജനകീയ സമരം അവസാനിപ്പിക്കാനും ജില്ലാ കലക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന സമരസമിതി പ്രതിനിധികളുടെയും കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ധാരണയായി. പ്ലാന്റിന്റെ പ്രവര്‍ത്തനാനുമതി മലിനീകരണനിയന്ത്രണ ബോര്‍ഡ് റദ്ദാക്കും. അനുമതി റദ്ദാക്കുന്ന മുറയ്ക്ക് ഉപകരണങ്ങള്‍ കരാറുകാരന്‍ സ്ഥലത്തുനിന്ന് നീക്കം ചെയ്യും.

പ്ലാന്റിന് സമീപം സ്ഥാപിച്ച കുഴല്‍ കിണറില്‍നിന്ന് അമിതമായി ജലമെടുക്കുന്നെന്ന പരാതിയ്ക്കും പരിഹാരമായി. റോഡ് പണിക്കായുള്ള കോണ്‍ക്രീറ്റ് കൂട്ടുന്നതിന് കരാറുകാരന്് ഓരോ ദിവസവും എടുക്കാവുന്ന വെള്ളത്തിന്റെ പരിധി ഭൂഗര്‍ഭ ജലവകുപ്പ് നിശ്ചയിച്ച് നല്‍കും. പരിസരവാസികളുടെ കിണറിലെ ജലനിരപ്പ് ക്രമാതീതമായി താഴാത്ത വിധത്തിലുള്ള അളവ് നിശ്ചയിച്ച് നല്‍കി മീറ്റര്‍ ഘടിപ്പിച്ച് ജലോപയോഗം ക്രമപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ ഭൂഗര്‍ഭ വകുപ്പിന് നിര്‍ദേശം നല്‍കി.

വാഴത്തോപ്പ് പഞ്ചാത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍, വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ഭൂഗര്‍ഭ വകുപ്പ് ജില്ലാ ഓഫിസര്‍ ഡോ. വി.ബി. വിനയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍ സതീഷ്‌കുമാര്‍, കരാറുകാരന്‍, ജനകീയ സമരസമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it