Kerala

രാജ്ഭവനിൽ ജോലിക്കുപോയ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

അടുത്തിടെയായി കുടുംബശ്രീ അംഗങ്ങൾ ചെയ്യേണ്ട ജോലികൾ ചെയ്യിക്കുന്നതും അമിതമായ ഡ്യൂട്ടികൾ നൽകുന്നതും വിനോദിനെ അസ്വസ്ഥനാക്കിയിരുന്നതായി പരാതി ഉയർന്നിരുന്നു.

രാജ്ഭവനിൽ ജോലിക്കുപോയ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി
X

തിരുവനന്തപുരം: രാജ്ഭവനിൽ ജോലിക്കുപോയ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി വിനോദ് രാജിനെ കാണാതാവുന്നത്. ഇയാളെ കാണാനില്ലെന്ന് ചൂണ്ടികാട്ടി സഹോദരൻ ബിപിൻ രാജ് മ്യൂസിയം പോലിസിന് പരാതി നൽകി.

അമിതമായ ഡ്യൂട്ടികൾ നൽകി ചില ജീവനക്കാർ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ഇത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്നും കാണാതാകുന്ന അന്നുരാവിലെ വിനോദ് ഭാര്യ ലിജി ദാസിനോട് ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞതായി പരാതിയുണ്ട്. അതിനുശേഷം ഫോണിൽ ബന്ധപ്പെടാൻ വീട്ടുകാർ ശ്രമിച്ചുവെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി വേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വിനോദിനെ കാണാതായെന്ന് മനസ്സിലാക്കുന്നത്. ഇരുചക്രവാഹനത്തിലോ കാറിലോ ആണ് ഇയാൾ പതിവായി യാത്ര ചെയ്യാറുള്ളത്. എന്നാൽ വാഹനങ്ങൾ ക്വാർട്ടേഴ്സിൽ തന്നെ കണ്ടെത്തിയതോടെ ദുരൂഹതയേറി.

കെഎസ്ഇബി ജീവനക്കാരനായ വിനോദ് 2017 ലാണ് ഡെപ്യൂട്ടേഷനിലൂടെ രാജ്ഭവനിൽ ലാസ്കർ ജോലിക്ക് പ്രവേശിക്കുന്നത്. അടുത്തിടെയായി കുടുംബശ്രീ അംഗങ്ങൾ ചെയ്യേണ്ട ജോലികൾ ചെയ്യിക്കുന്നതും അമിതമായ ഡ്യൂട്ടികൾ നൽകുന്നതും വിനോദിനെ അസ്വസ്ഥനാക്കിയിരുന്നതായി പരാതി ഉയർന്നിരുന്നു.

Next Story

RELATED STORIES

Share it