Kerala

അപകടത്തില്‍പ്പെട്ട അപസ്മാര രോഗിയെ വഴിയില്‍ ഉപേക്ഷിച്ചു; ഒടുവില്‍ ദാരുണാന്ത്യം

അപകടത്തില്‍പ്പെട്ട അപസ്മാര രോഗിയെ വഴിയില്‍ ഉപേക്ഷിച്ചു; ഒടുവില്‍ ദാരുണാന്ത്യം
X

കോട്ടയം: അപകടത്തില്‍പ്പെട്ട അപസ്മാര രോഗിയായ യുവാവിനെ സഹയാത്രികനും നാട്ടുകാരും വഴിയില്‍ ഉപേക്ഷിച്ചു. മണിക്കൂറുകളോളം ആരും സഹായിക്കാതെ റോഡരികില്‍ കിടന്ന യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. കോട്ടയം ഏറ്റുമാനൂരിലാണ് മനസ്സാക്ഷി മരവിക്കുന്ന ദാരുണമായ സംഭവമുണ്ടായത്. എട്ട് മണിക്കൂര്‍ സമയം റോഡരികില്‍ കിടന്ന അതിരമ്പുഴ സ്വദേശി ബിനുവാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ഓട്ടോ ഡ്രൈവര്‍ അടക്കമുള്ളവര്‍ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ച് പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

മദ്യപസംഘം സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് യുവാവ് തെറിച്ചുവീണു. അമിതമായി മദ്യപിക്കുകയും അപസ്മാരമുണ്ടാവുകയും ചെയ്ത യുവാവിനെ വഴിയിലുപേക്ഷിച്ച് സുഹൃത്തെന്ന് കരുതുന്ന ഓട്ടോ ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. പരിസരവാസികളും തിരിഞ്ഞുനോക്കിയില്ല. രാത്രി മുതല്‍ എട്ട് മണിക്കൂറോളം റോഡില്‍ കിടന്ന യുവാവിനെ രാവിലെയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ പോലിസ് സ്‌റ്റേഷനില്‍നിന്ന് നൂറുമീറ്റര്‍ അകലെയാണ് സംഭവം നടന്നത്. നീണ്ടൂര്‍ റോഡില്‍നിന്ന് വന്ന ഓട്ടോറിക്ഷ ജങ്ഷനില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ബിനു തെറിച്ചുവീണു. ബിനുവിന്റെ ദേഹത്തേക്കാണ് ഓട്ടോ മറിഞ്ഞത്. സമീപത്തുണ്ടായിരുന്ന ആളുകളാണ് ബിനുവിനെ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍നിന്ന് പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ട ബിനുവിനെ ഓട്ടോയില്‍തന്നെ കിടത്തുകയും ചെയ്തു.

പരിക്കേറ്റ ബിനുവിനെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് അപകടസ്ഥലത്തുനിന്ന് അല്‍പം മുന്നോട്ടുപോയ ശേഷം ബിനുവിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ വണ്ടി നിര്‍ത്തി പരിക്കേറ്റ ബിനുവിനെ ഒരു കടയുടെ വരാന്തയില്‍ കിടത്തുകയും ചെയ്തു. അല്‍പസമയത്തിന് ശേഷം ബിനുവിനെ ഉപേക്ഷിച്ച് സുഹൃത്ത് ഓട്ടോയുമായി കടന്നുകളയുകയായിരുന്നു. പരിക്കേറ്റ ബിനു റോഡരികില്‍ കിടന്ന് പുളയുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബിനു അപസ്മാരത്തിന് ചികില്‍സയിലായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. സമീപപ്രദേശത്തെ കടയുടമ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പോലിസ് വന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. ബിനുവിന് അപസ്മാരത്തിന്റെ ബുദ്ധിമുട്ടുകളുണ്ടെന്ന് ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ട്. ഇതാണോ മരണകാരണമെന്ന് വ്യക്തമല്ല. അസ്വാഭിവിക മരണത്തിന് പോലിസ് കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it