Kerala

ഹെലികോപ്റ്റര്‍ ദുരന്തം: മരിച്ചവരില്‍ മലയാളി സൈനികനും

ഊട്ടി കൂനൂരിനു സമീപത്ത് വച്ചാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടം സംഭവിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും മരണപ്പെട്ടപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപെട്ടത്.

ഹെലികോപ്റ്റര്‍ ദുരന്തം: മരിച്ചവരില്‍ മലയാളി സൈനികനും
X

കുനൂര്‍: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും പത്നി മധുലിക റാവത്തും ഉൾപ്പെടെ 13 പേരുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. അസിസ്റ്റന്റ് വാറന്റ് ഓഫിസര്‍ എ പ്രദീപാണ് മരിച്ച മലയാളി സൈനികന്‍. തൃശൂര്‍ പുത്തൂർ- പൊന്നൂക്കര സ്വദേശിയാണ്.

ഊട്ടി കൂനൂരിനു സമീപത്ത് വച്ചാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടം സംഭവിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും മരണപ്പെട്ടപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപെട്ടത്. ഗുരുതര പരിക്കുകള്‍ പറ്റിയ വരുണ്‍ സിങ് വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയാണ്.

കോയമ്പത്തൂരിനടുത്തുള്ള സുലൂരിൽ നിന്ന് ഊട്ടി വെല്ലിങ്ടണിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്റർ ഉച്ചയ്ക്ക് 12.20നാണു തകർന്നുവീണത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്റ്റർ തകർന്നു വീണത് ലാൻഡ് ചെയ്യേണ്ട ഹെലിപാഡിന് 10 കിലോമീറ്റർ അകലെ ജനവാസ കേന്ദ്രത്തിനു സമീപമായിരുന്നു ഹെലികോപ്റ്റർ തകർന്ന് വീണത്.

നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ഊട്ടി പോലിസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. അപകടം സംബന്ധിച്ച് അന്വേഷണം നടത്താൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. അപകടം സംബന്ധിച്ച് വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കുവച്ചു. സംഭവത്തെക്കുറിച്ച് പ്രതിരോധ മന്ത്രി നാളെ പാർലമെന്റിൽ പ്രസ്താവന നടത്തും.

Next Story

RELATED STORIES

Share it