Kerala

ഷഹബാസ് കൊലപാതകക്കേസ് പ്രതികളെ പരീക്ഷയെഴുതിപ്പിച്ചത് നീതികേട്; എന്റെ മകന്‍ ഇന്ന് പരീക്ഷയ്ക്ക് പോവേണ്ടതായിരുന്നു: പിതാവ്

ഷഹബാസ് കൊലപാതകക്കേസ് പ്രതികളെ പരീക്ഷയെഴുതിപ്പിച്ചത് നീതികേട്; എന്റെ മകന്‍ ഇന്ന് പരീക്ഷയ്ക്ക് പോവേണ്ടതായിരുന്നു: പിതാവ്
X

താമരശ്ശേരി: മകനെ കൊലപ്പെടുത്തിയവരെ പരീക്ഷയെഴുതാനായി ഈ സര്‍ക്കാര്‍ സമ്മതിക്കില്ലെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് ഇന്നലത്തോടെ നഷ്ടമായെന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇക്ബാല്‍. താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഷഹബാസിനെ ആക്രമിച്ച വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ സമ്മതിച്ച നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ മകന്‍ ഇന്ന് അണിഞ്ഞൊരുങ്ങി പരീക്ഷയ്ക്ക് പോവേണ്ടതായിരുന്നു. അവരെ പരീക്ഷയെഴുതിക്കും എന്നറിഞ്ഞതോടെ ഞങ്ങള്‍ തകര്‍ന്നുപോയി. നീതി പീഠത്തില്‍ ഇന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. സാധാരണ ഗതിയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ കോപ്പിയടിച്ചാല്‍ അടക്കം മാറ്റി നിര്‍ത്താറാണ് പതിവ്. എന്നിട്ടും കൊലപാതികയായ ആള്‍ക്കാരെ പരീക്ഷയെഴുതിക്കുന്നത് വിഷമം ഉണ്ടാക്കുന്നു.- ഇക്ബാല്‍ പറയുന്നു.

സര്‍ക്കാരിന്റെ ഇത്തരം നടപടി കുട്ടികള്‍ക്ക് ഇതുപോലയുള്ള ക്രൂരത ചെയ്യാനുള്ള പ്രചോദനമാണെന്നും ഇക്ബാല്‍ പറയുന്നു. ഇന്ന് ചെറിയ ആയുധം കൊണ്ട് വന്ന് ഈ ക്രൂരത കാണിച്ചവര്‍ നാളെ തോക്ക് കൊണ്ട് വന്ന് സഹപാഠികളെ വെടിവെയ്ക്കില്ലെന്ന് എന്ത് ഉറപ്പാണുള്ളത്- ഇക്ബാല്‍ ചോദിക്കുന്നു. ഈ വര്‍ഷം അവരെ പരീക്ഷയെഴുതുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തി അടുത്ത വര്‍ഷം പരീക്ഷയെഴുതാന്‍ അനുവദിച്ചാലും ഞങ്ങള്‍ക്ക് പ്രശ്നമില്ലായിരുന്നു. സര്‍ക്കാര്‍ അങ്ങനെയൊരു നടപടിയെടുത്തിരുന്നുവെങ്കില്‍ ഇത്തരം ക്രൂരതകള്‍ ചെയ്താല്‍ മുന്നോട്ട് പോവാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നത് ബാക്കിയുള്ളവര്‍ക്കും ഒരു പാഠമായേനെ.

ആര് എന്ത് ചെയ്താലും നീതി പീഠവും സര്‍ക്കാരും കുറ്റം ചെയ്തവര്‍ക്കൊപ്പമുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. സര്‍ക്കാരും നീതി പീഠവും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുറ്റം ചെയ്തവര്‍ക്ക് പരാമാവധി ശിക്ഷ നല്‍കണം.15 വയസില്‍ കുറ്റ കൃത്യം ചെയ്താല്‍ മുതിര്‍ന്ന വ്യക്തികള്‍ ചെയ്ത കുറ്റകൃത്യമായി കണക്കാക്കണമെന്നാണ് എന്റെ അഭിപ്രായം- ഇകബാല്‍ പറയുന്നു. ട്രിസ് ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് പരിപാടിയിലുണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്നായിരുന്നു ഷഹബാസിന്റെ മരണത്തിനിടയാക്കിയ അക്രമങ്ങള്‍ നടന്നത്.





Next Story

RELATED STORIES

Share it