Kerala

മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ ഏകാധിപത്യമെന്ന് കെഎസ്‌യു

ഫാഷിസ്റ്റു നടപടികള്‍ കാംപസുകളില്‍ നടപ്പാക്കി എസ്എഫ്‌ഐക്കെതിരെ വരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധമാണ്.

മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ ഏകാധിപത്യമെന്ന് കെഎസ്‌യു
X

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ ഇതര വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ പ്രവര്‍ത്തിക്കാന്‍ എസ്എഫ്‌ഐ അനുവദിക്കുന്നില്ലെന്ന് പരാതിയുമായി കെഎസ്‌യു രംഗത്ത്. അഭിമന്യുവിന്റെ കൊലപാതകം വാഴ്ത്തിപ്പാടി അക്രമരാഷ്ട്രീയത്തിനെതിരെ വാതോരാതെ സംസാരിക്കുന്ന എസ്എഫ്‌ഐ മഹാരാജാസ് കോളജില്‍ ഇതര വിദ്യാര്‍ഥി പ്രസ്ഥാനങ്ങളോട് കാണിക്കുന്ന രാഷ്ട്രീയ ശൈലി തികച്ചും പ്രാകൃതമാണ്. മഹാരാജാസ് കോളജിലെ എസ്എഫ്‌ഐയുടെ നിരന്തര ആക്രമണ ശൈലി അവസാനിപ്പിക്കണമെന്ന് കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. മദ്യത്തിന്റെയും മയക്കുമരുന്നിനും കേന്ദ്രമാക്കി കാംപസിന് പുറത്തുനിന്നും വന്ന് അവിടെ തമ്പടിച്ചു അക്രമസംഭവങ്ങള്‍ക്ക് നിരന്തരം നേതൃത്വം കൊടുക്കുന്ന പ്രശ്‌നങ്ങള്‍ പലതവണ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിനെതിരെ നടപടി എടുക്കുവാന്‍ കോളജ് അധികാരികളുടെയും പോലീസിന്റെയും ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മഹാരാജാസ് കോളജില്‍ കെഎസ്‌യുവിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ കൃഷ്ണന്‍ലാലിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചത് ഇതിനു ഉദാഹരണമാണ്. എസ്എഫ്‌ഐ ഭരണം നടത്തുന്ന കോളജില്‍ ഇതര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്നത് കാലാകാലങ്ങളായുള്ള എസ്എഫ്‌ഐയുടെ നെറികെട്ട രാഷ്ട്രീയ ശൈലിയാണ്. നവോത്ഥാനത്തെ പറ്റി കവലകളില്‍ പ്രസംഗം നടത്തുകയും ഇത്തരത്തിലുള്ള ഫാഷിസ്റ്റു നടപടികള്‍ കാംപസുകളില്‍ നടപ്പാക്കി എസ്എഫ്‌ഐ അവര്‍ക്കെതിരെ വരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധമാണ്. ഇത് അവസാനിപ്പിക്കാന്‍ എസ്എഫ്‌ഐ തയ്യാറാകണം. പല ക്രിമിനല്‍ കേസുകളിലും പ്രതിയായ മഹാരാജാസ് കോളജിന് പുറത്തുള്ള വ്യക്തിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കെഎസ്‌യു നിയമപരമായും സംഘടനാപരമായി നേരിടുമെന്നും അലോഷ്യസ് സേവ്യര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it