Kerala

എം ശിവശങ്കര്‍ തെറിക്കും; സിബിഐ അന്വേഷണത്തിനും ശുപാര്‍ശ

സ്വര്‍ണക്കടത്തിലെ സാമ്പത്തികക്കുറ്റം കസ്റ്റംസും എന്‍ഐഎയും അന്വേഷിക്കുന്നതിനു പുറമേയാണു ശിവശങ്കറിനെതിരേ സിബിഐ അന്വേഷണവും വരുന്നത്.

എം ശിവശങ്കര്‍ തെറിക്കും; സിബിഐ അന്വേഷണത്തിനും ശുപാര്‍ശ
X

തിരുവനന്തപുരം: എം ശിവശങ്കറിനെതിരേ 2018ലെ അഴിമതി നിരോധന (ഭേദഗതി) നിയമപ്രകാരം സിബിഐ അന്വേഷണത്തിനു ശുപാര്‍ശ. അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിനു നല്‍കിയ ശുപാര്‍ശയിലാണ് ഇക്കാര്യമുള്ളത്. സ്വര്‍ണക്കടത്തിലെ സാമ്പത്തികക്കുറ്റം കസ്റ്റംസും എന്‍ഐഎയും അന്വേഷിക്കുന്നതിനു പുറമേയാണു ശിവശങ്കറിനെതിരേ സിബിഐ അന്വേഷണവും വരുന്നത്. ശിവശങ്കറിനെതിരേ വകുപ്പുതല അന്വേഷണമാണ് ആദ്യം പരിഗണിച്ചതെങ്കിലും ഔദ്യോഗികപദവി ദുരുപയോഗം ചെയ്തെന്നു വ്യക്തമായ വിവരം ലഭിച്ചതോടെയാണു സിബിഐ അന്വേഷണത്തിനു ശുപാര്‍ശ വന്നിരിക്കുന്നത്. ശിവശങ്കര്‍ ഇടപെട്ടു നടത്തിയ നിയമനങ്ങളെക്കുറിച്ചും വരവില്‍ കവിഞ്ഞ സ്വത്തുണ്ടോയെന്നും അന്വേഷണമുണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷല്‍ ഓഫീസര്‍ പദവിയിലെത്തിയശേഷമുള്ള മൂന്നുവര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍, വിദേശയാത്ര, സ്വത്തുവിവരം, നിക്ഷേപം തുടങ്ങിയവ പരിശോധിക്കും.കേസില്‍ എന്‍ഫോഴ്സ്മെന്റ്, റോ, കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് എന്നീ ഏജന്‍സികളും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതേസമയം, എം ശിവശങ്കറിനെതിരേ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ തലത്തില്‍ നിന്ന് കിട്ടുന്ന വിവരം. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മറ്റന്നാള്‍ സര്‍ക്കാരിനു ലഭിക്കും. ഇദ്ദേഹത്തിനെതിരേ നിര്‍ണായക തെളിവുകള്‍ കസ്റ്റംസിനു ലഭിച്ചെന്നാണ് സൂചന കൂടി വന്നതോടെ മുഖ്യമന്ത്രി കടുത്ത അതൃപ്തിയിലാണ്. കേന്ദ്രതീരുമാനം വരുന്നതിനു മുമ്പ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തു വിജിലന്‍സ് അന്വേഷണത്തിനും സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it