Kerala

അര്‍ജുനന്‍ മാഷിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

അര്‍ജുനന്‍ മാഷിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
X

തിരുവനന്തപുരം: നാടക- ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീതസംവിധായകനാണ് അര്‍ജുനന്‍ മാഷെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ശ്രവണസുന്ദരങ്ങളായ നിരവധി ഗാനങ്ങള്‍കൊണ്ട് മലയാളി ആസ്വാദകസമൂഹത്തെ അതുവരെ അറിയാത്ത അനുഭൂതികളുടെ തലങ്ങളിലേക്ക് അദ്ദേഹം ഉയര്‍ത്തി. അംഗീകാരങ്ങളെക്കുറിച്ച് ആലോചിക്കാതെ കലാസപര്യയില്‍ മുഴുകിയ ജീവിതമായിരുന്നു അര്‍ജുനന്‍ മാസ്റ്ററുടേത്. പൂര്‍ണമായും സംഗീതത്തിനായി സമര്‍പ്പിക്കപ്പെട്ട വ്യക്തിത്വം. പല തലമുറയിലെ ഗായകര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു.

വളരെ വൈകിയാണ് അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. അപ്പോള്‍ അത് അദ്ദേഹം സ്വീകരിക്കുമോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഒരു പരാതിയും കൂടാതെ അദ്ദേഹം അത് സ്വീകരിച്ചു. ഏതുപുരസ്‌കാരം ലഭിക്കുന്നു, ഏതുപുരസ്‌കാരം ലഭിക്കുന്നില്ല എന്നതൊന്നും അദ്ദേഹത്തിന്റെ ചിന്തയിലേ ഉണ്ടായിരുന്നില്ല. മൗലികവും സര്‍ഗാത്മകവുമായ തന്റെ സംഭാവനകളിലൂടെ ആസ്വാദക സമൂഹത്തിന്റെ മനസ്സില്‍ അദ്ദേഹം വലിയ ഒരു സ്ഥാനം നേടി. മലയാള സംഗീത ആസ്വാദകരുടെ മനസ്സില്‍ എന്നും ആ സ്ഥാനം നിലനില്‍ക്കുകയും ചെയ്യും. അര്‍ജുനന്‍ മാസ്റ്ററുടെ വിയോഗം സംഗീതലോകത്തിനു മാത്രമല്ല, സമൂഹത്തിനാകെ നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it