Kerala

ലോക്ക് ഡൗണ്‍: കടകളില്‍ പരിശോധനയ്‌ക്കെത്തിയ നഗരസഭാസംഘത്തിന് പോലിസ് മര്‍ദനം

വ്യാഴാഴ്ച രാവിലെ മുണ്ടപ്പലത്തെ പലചരക്കുകടയില്‍ പരിശോധനയ്‌ക്കെത്തിയ നഗരസഭാധ്യക്ഷ കെ സി ഷീബയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ലാത്തിയടിയേറ്റത്. സെക്രട്ടറി പി ടി ബാബു, ജെഎച്ച്‌ഐ അനില്‍കുമാര്‍, കൗണ്‍സിലര്‍ യു കെ മമ്മദിശ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ലോക്ക് ഡൗണ്‍: കടകളില്‍ പരിശോധനയ്‌ക്കെത്തിയ നഗരസഭാസംഘത്തിന് പോലിസ് മര്‍ദനം
X

കൊണ്ടോട്ടി: വിലക്കയറ്റം നിയന്ത്രിക്കാന്‍ കടകളില്‍ പരിശോധന നടത്തിയ നഗരസഭാ സംഘത്തെ ആള്‍ക്കൂട്ടമെന്ന് തെറ്റിദ്ധരിച്ച് പോലിസ് മര്‍ദിച്ചു. വ്യാഴാഴ്ച രാവിലെ മുണ്ടപ്പലത്തെ പലചരക്കുകടയില്‍ പരിശോധനയ്‌ക്കെത്തിയ നഗരസഭാധ്യക്ഷ കെ സി ഷീബയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ലാത്തിയടിയേറ്റത്. സെക്രട്ടറി പി ടി ബാബു, ജെഎച്ച്‌ഐ അനില്‍കുമാര്‍, കൗണ്‍സിലര്‍ യു കെ മമ്മദിശ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അബദ്ധം തിരിച്ചറിഞ്ഞ പോലിസ് പിന്നീട് ഇവരോട് മാപ്പുചോദിച്ചു.

സംഘം കടയില്‍ കയറി കാര്യങ്ങള്‍ അന്വേഷിക്കുന്നതിനിടെ പോലിസ് വാഹനത്തിലെത്തിയ എസ്‌ഐ ചാടിയിറങ്ങി സംഘത്തെ അടിക്കുകയായിരുന്നു. സെക്രട്ടറി പി ടി ബാബുവിനും ജെഎച്ച്‌ഐ അനില്‍കുമാറിനും അടികൊണ്ടു. നഗരസഭാധ്യക്ഷ കെ സി ഷീബ ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു. യു കെ മമ്മദിശയെ കണ്ടതോടെയാണ് എസ്‌ഐയ്ക്ക് അവിടെയുള്ളത് നഗരസഭാ അധികൃതരാണെന്ന് മനസ്സിലായത്. തെറ്റ് തിരിച്ചറിഞ്ഞ എസ്‌ഐ സംഭവസ്ഥലത്ത് വച്ചുതന്നെ മാപ്പുപറഞ്ഞു. വൈകീട്ട് നഗരസഭാ കാര്യാലയത്തിലെത്തിയ ഇന്‍സ്പെക്ടര്‍ ബിജുവും ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലും പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ ക്ഷമ ചോദിച്ചു.

എസ്‌ഐയ്‌ക്കെതിരേ വകുപ്പുതല അന്വേഷണം നടത്താമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലിസിനെതിരേ നല്‍കിയ പരാതി നഗരസഭാ അധികൃതര്‍ പിന്‍വലിച്ചു. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നഗരസഭ കൈക്കൊള്ളുന്ന നടപടികളില്‍ പോലിസ് പൂര്‍ണസഹായം വാഗ്ദാനം ചെയ്തു. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചതായി പോലിസും നഗരസഭാ അധികൃതരും പിന്നീട് വ്യക്തമാക്കി.

Next Story

RELATED STORIES

Share it