Kerala

ഇന്നുമുതല്‍ ആറ് പ്രവൃത്തിദിനം; റെഡ് സോണുകളില്‍ തൽസ്ഥിതി തുടരും

റെഡ് സോണായി പ്രഖ്യാപിച്ച ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായിത്തന്നെ തുടരും. ഹോട്ട്‌സ്‌പോട്ടായ വാര്‍ഡും അതിനോട് ചുറ്റുമുള്ള വാര്‍ഡുകളും അടച്ചിടുകയാണ് ചെയ്യുക. പഞ്ചായത്തുകളിലാണ് ഈ രീതി. നഗരസഭകളുടെ കാര്യത്തില്‍ അതത് വാര്‍ഡുകള്‍ മാത്രം അടച്ചിടും.

ഇന്നുമുതല്‍ ആറ് പ്രവൃത്തിദിനം; റെഡ് സോണുകളില്‍ തൽസ്ഥിതി തുടരും
X

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇന്ന് മുതല്‍ മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളും നിലവില്‍ വരും. ഇന്ന് മുതല്‍ ആറ് പ്രവൃത്തി ദിനമാണ് കേരളത്തിലുണ്ടാവുക. ഞായറാഴ്ച അവധി ആയിരിക്കും. പുതിയ അറിയിപ്പ് വരും വരെ ഞായറാഴ്ചകളില്‍ ഗ്രീന്‍ സോണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പൂര്‍ണ ഒഴിവുദിനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഫീസുകള്‍ തുറക്കാനോ, വാഹനങ്ങള്‍ നിരത്തിലിറക്കാനോ അനുവാദമില്ല. റെഡ് സോണായി പ്രഖ്യാപിച്ച ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായിത്തന്നെ തുടരും. ഹോട്ട്‌സ്‌പോട്ടായ വാര്‍ഡും അതിനോട് ചുറ്റുമുള്ള വാര്‍ഡുകളും അടച്ചിടുകയാണ് ചെയ്യുക. പഞ്ചായത്തുകളിലാണ് ഈ രീതി. നഗരസഭകളുടെ കാര്യത്തില്‍ അതത് വാര്‍ഡുകള്‍ മാത്രം അടച്ചിടും. റെഡ്സോണുകളിലും ഓറഞ്ചു സോണിലും ഗ്രീന്‍ സോണിലും കടകള്‍ നിലവിലുള്ളത് പോലെ രാവിലെ 7 മുതല്‍ വൈകിട്ട് ഏഴരവരെ തുറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഏതു സോണിലായാലും ഹോട്സ്പോട്ടുകള്‍ ഉണ്ടെങ്കില്‍ അവിടെ പൂര്‍ണമായും അടഞ്ഞുകിടക്കും. ഗ്രീന്‍സോണില്‍ ഉള്‍പ്പടെ ഒരിടത്തും പൊതുഗതാഗതമോ ബാര്‍ബര്‍ ഷോപ്പോ ഉണ്ടാവില്ല.

അതേസമയം, ഇന്ന് മുതല്‍ ബാങ്കുകള്‍ രാവിലെ 10 മണിമുതല്‍ അഞ്ചുവരെ പ്രവര്‍ത്തിക്കും. എല്ലാ സോണുകളിലും ബാങ്കുകള്‍ തുറക്കും. ഇതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് പുതിയ അഡ്വൈസറി പുറത്തിറക്കി. വായ്പയെടുക്കാനും സൗകര്യം ഉണ്ടാകും. കണ്ടെയ്ന്‍മെന്റ് ഏരിയയില്‍ അന്തിമ തീരുമാനം ജില്ലാ കലക്ടറുടേതായിരിക്കും. മറ്റ് ഇളവുകളും നിയന്ത്രണങ്ങളും താഴെ പറയും വിധമാണ്.

ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും. ഗ്രീന്‍ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും. ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍ ആന്റ് റസ്റ്റാറന്റുകള്‍ക്ക് പാഴ്സലുകള്‍ നല്‍കാനായി തുറന്നുപ്രവര്‍ത്തിക്കാം. നിലവിലുള്ള സമയക്രമം പാലിക്കണം. ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാവുന്നതാണ്. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഈ ഇളവുകള്‍ ഗ്രീന്‍/ ഓറഞ്ച് സോണുകള്‍ക്കാണ് ബാധകം.

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ടാക്സി, യൂബര്‍ പോലുള്ള കാബ് സര്‍വീസുകള്‍ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളു. ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ അന്തര്‍ ജില്ല യാത്രയ്ക്ക് (അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്കു മാത്രം) അനുമതി നല്‍കും. കാറുകളില്‍ പരമാവധി രണ്ട് യാത്രക്കാരും ഡ്രൈവറും. ചരക്കുവാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. പ്രത്യേക പെര്‍മിറ്റും വേണ്ടതില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. (ഹോട്ട്സ്പോട്ടിലൊഴികെ). എന്നാല്‍, 65 വയസ്സിനു മുകളിലുള്ളവരും പത്തുവയസ്സിനു താഴെയുള്ളവരും വീടുകളില്‍ തന്നെ കഴിയണം.

വൈകിട്ട് 7.30 മുതല്‍ രാവിലെ ഏഴുവരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും. കൃഷിയും വ്യവസായവുമായി ബന്ധപ്പെട്ട് നേരത്തേ അനുവദിച്ച ഇളവുകള്‍ തുടരും. കേന്ദ്രം അനുവദിച്ച ഇവിടെ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലാത്ത മറ്റ് ഇളവുകളും സംസ്ഥാനത്ത് ബാധകമായിരിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിശ്ചിത സ്ഥലങ്ങളില്‍ പ്രഭാത സവാരി അനുവദിക്കും. ഈ പൊതുവായ സമീപനം സ്വീകരിക്കുമ്പോള്‍ തന്നെ ഒരോ പ്രദേശത്തിന്റെയും സവിശേഷത കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ സമര്‍പ്പിക്കേണ്ടതാണ്. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര-ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, റവന്യൂ-തദ്ദേശ-ആരോഗ്യ-ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, പൊലീസ് മേധാവി എന്നിവരടങ്ങുന്ന ഉന്നതതല സമിതി ഇത് പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും. ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ക്ക് കലക്ട് ചെയ്ത പണം പോസ്റ്റ് ഓഫീസുകളില്‍ അടയ്ക്കാന്‍ ആഴ്ചയില്‍ ഒരുദിവസം അനുവാദം നല്‍കും. (ഹോട്ട്സ്പോട്ടുകളിലൊഴികെ) കാര്‍ഷിക നാണ്യവിളകളുടെ വ്യാപാരം സ്തംഭിച്ചത് കാര്‍ഷികവൃത്തിയെയും കര്‍ഷക ജീവിതത്തെയും ബാധിക്കുന്നുണ്ട്. സംസ്ഥാനത്തെ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ ആഴ്ചയില്‍ രണ്ടുദിവസം തുറക്കാന്‍ അനുമതി നല്‍കും.

Next Story

RELATED STORIES

Share it