Kerala

ലൈഫ് മിഷൻ വിവാദം: സിഇഒ യു വി ജോസിനെ ഇഡി ചോദ്യം ചെയ്യും; റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു

തദ്ദേശഭരണവകുപ്പ് മന്ത്രി എ സി മൊയ്തീനും സമാനമായ രീതിയിൽ ഫയലുകൾ ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്. നടപടിക്രമം പാലിക്കാതെയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന ആരോപണത്തിനിടെയാണ് മുഖ്യമന്ത്രി ഫയലുകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

ലൈഫ് മിഷൻ വിവാദം: സിഇഒ യു വി ജോസിനെ ഇഡി ചോദ്യം ചെയ്യും; റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു
X

തിരുവനന്തപുരം: ലൈഫ് മിഷൻ വിവാദത്തിൽ അഴിമതി ആരോപണം കടുത്തതോടെ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധനകൾക്കായി മുഖ്യമന്ത്രി വിളിപ്പിച്ചു. നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് വിളിപ്പിച്ചത്. അതേസമയം, ലൈഫ് മിഷൻ സിഇഒ യു വി ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.

തദ്ദേശഭരണവകുപ്പ് മന്ത്രി എ സി മൊയ്തീനും സമാനമായ രീതിയിൽ ഫയലുകൾ ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്. നടപടിക്രമം പാലിക്കാതെയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന ആരോപണത്തിനിടെയാണ് മുഖ്യമന്ത്രി ഫയലുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. ലൈഫ് മിഷൻ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കിലും ലൈഫ് മിഷന് ഒരു സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലാത്തതുകൊണ്ട് ഇതിന്റെ ഫയലുകൾ കൈകാര്യം ചെയ്തത് തദ്ദേശഭരണവകുപ്പിലാണ്. കരട് ധാരണാപത്രം പരിശോധിച്ചത് നിയമവകുപ്പാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടുവകുപ്പുകളിൽ നിന്നും മുഖ്യമന്ത്രി ഫയലുകൾ വിളിപ്പിച്ചത്. വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി റെഡ്ക്രസന്റ് തയ്യാറാക്കിയ ധാരണാപത്രം നടപടിക്രമം പാലിക്കാതെ തിടുക്കത്തിൽ ഒപ്പിടുകയാണ് ഉണ്ടായതെന്ന ആക്ഷേപം ഉയർന്നിരുന്നു. അത് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മുഖ്യമന്ത്രി വിളിപ്പിച്ചത്.

ലൈഫ്മിഷൻ സിഇഒ യു വി ജോസാണ് റെഡ്ക്രസന്റുമായി ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നത്. ധാരാണാപത്രം തയ്യാറാക്കിക്കൊണ്ടുവന്നത് റെഡ്ക്രസന്റാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് വിളിച്ചുവരുത്തും. ലൈഫ് മിഷൻ ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജോസിനെ ഇഡി ചോദ്യം ചെയ്യുമെന്നുള്ള സൂചനകൾ പുറത്തുവരുന്നത്.

Next Story

RELATED STORIES

Share it