Kerala

ബിനീഷിനെതിരേ ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ; പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്: കോടിയേരി

ബിനീഷൊരു പൊതുപ്രവര്‍ത്തകനോ പബ്ലിക് സര്‍വന്റോ അല്ല. വ്യക്തിപരമായാണ് ആരോപണമുയര്‍ന്നുവന്നിരിക്കുന്നത്. ആ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍തന്നെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി.

ബിനീഷിനെതിരേ ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ; പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്: കോടിയേരി
X

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരേ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം ഒരു വ്യക്തിയ്‌ക്കെതിരായി ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണമാണെന്നും സര്‍ക്കാരുമായി ബന്ധപ്പെട്ട എന്തെങ്കിലും സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആളല്ല ബിനീഷെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനീഷൊരു പൊതുപ്രവര്‍ത്തകനോ പബ്ലിക് സര്‍വന്റോ അല്ല. വ്യക്തിപരമായാണ് ആരോപണമുയര്‍ന്നുവന്നിരിക്കുന്നത്. ആ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍തന്നെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി.

അന്വേഷിക്കട്ടെ, ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ. എത്ര ഉയര്‍ന്ന ശിക്ഷ വേണമെങ്കിലും കൊടുക്കട്ടെ എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്. ഇപ്പോഴും അതേ നിലപാടാണ്. പാര്‍ട്ടിയെന്ന നിലയില്‍ പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ല. ഇപ്പോഴും ഇടപെടാന്‍ ഉദ്ദേശിക്കുന്നുമില്ല. അന്വേഷണം അന്വേഷണത്തിന്റെ വഴിക്ക് നടക്കട്ടെ. അതെല്ലാം അന്വേഷിച്ച് തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കട്ടെ. കോടതി തീരുമാനിക്കട്ടെ. ഒരു വ്യക്തിക്കെതിരായ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ബന്ധപ്പെട്ട അന്വേഷണ ഏജന്‍സിക്ക് പൂര്‍ണസ്വാതന്ത്ര്യമുണ്ട്. അവരത് അന്വേഷിക്കട്ടെ. എന്തെല്ലാം കണ്ടുപിടിക്കാന്‍ സാധിക്കുന്നു എങ്കില്‍ കണ്ടുപിടിക്കട്ടെ.

കണ്ടുപിടിച്ചത് കോടതിയില്‍ സമര്‍പ്പിക്കട്ടെ. കോടതി തീരുമാനിക്കട്ടെ തെറ്റുചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന്. ഇപ്പോള്‍ ആരോപണം മാത്രമാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തെറ്റായ നടപടിയുണ്ടാവുമ്പോള്‍ അത് ചോദ്യംചെയ്യാന്‍ കുടുംബത്തിന് അവകാശമുണ്ട്. ആ അവകാശം അനുവദിച്ചുകൊടുക്കണമെന്നും കോടിയേരി പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച ആക്ഷേപം കുടുംബം ഉന്നയിച്ചിട്ടുണ്ട്. അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ആക്ഷേപം. അതുസംബന്ധിച്ച പരാതി ബന്ധപ്പെട്ടവര്‍ ഇഡി ഡയറക്ടര്‍ക്കും കോടതിക്കും സമര്‍പ്പിച്ചിട്ടുണ്ട്. ആ കാര്യങ്ങള്‍ നിയമസംവിധാനം പരിശോധിക്കട്ടെ.

പരാതി കൊടുക്കാന്‍ അനുഭവിച്ചവര്‍ക്ക് അവകാശമുണ്ട്. നിയമവിരുദ്ധമായിട്ട് ഏതെങ്കിലും ഏജന്‍സി പ്രവര്‍ത്തിച്ചാല്‍ അതിനെ നിയമപരമായി ചോദ്യം ചെയ്യാന്‍ വ്യക്തിക്കും എല്ലാവര്‍ക്കും അവകാശമുണ്ട്. താനൊരു പാര്‍ട്ടി സെക്രട്ടറിയായിട്ടാണ് സംസാരിക്കുന്നത്. ഒരാളുടെ അച്ഛനെന്ന നിലയിലല്ല. പാര്‍ട്ടിയെ സംബന്ധിച്ച്, പാര്‍ട്ടിയും ഒരു വ്യക്തിയും തമ്മിലുള്ള താല്‍പര്യം വന്നാല്‍ പാര്‍ട്ടി താല്‍പര്യമാണ് ഉയര്‍ത്തിപ്പിടിക്കുക. അതാണ് ഈകാര്യത്തിലും നിലപാട്. അതിനാല്‍, ഏതന്വേഷണവും നടക്കട്ടെയെന്ന നേരത്തേയും ഇപ്പോഴത്തേയും നിലപാടില്‍തന്നെയാണ് താനും പാര്‍ട്ടിയും നില്‍ക്കുന്നത്. പരാതി കിട്ടിയാല്‍ ബാലാവകാശ കമ്മീഷന്‍ അത് അന്വേഷിക്കും.

ബിനീഷിന്റെ കുട്ടിയായാല്‍ പീഡിപ്പിക്കാമെന്നുണ്ടോ ?. അതിനാല്‍, പരാതി കൊടുക്കാനും കമ്മീഷന് ഇടപെടാനും അവകാശമുണ്ട്. ഞങ്ങളുടെ പാര്‍ട്ടിയുടെ സെക്രട്ടറി ആരായിരിക്കുമെന്ന് തീരുമാനിക്കുന്നത് ഞങ്ങളുടെ പാര്‍ട്ടിയാണ്. അത് ഞങ്ങളുടെ പാര്‍ട്ടിക്ക് വിട്ടുകൊടുക്കുന്നതായിരിക്കും നല്ലത്. കെപിസിസി പ്രസിഡന്റ് ആരാണെന്നുള്ളത് ഞങ്ങളുടെ പാര്‍ട്ടി തീരുമാനിച്ചാല്‍ ശരിയാവുമോ. അതവരല്ലെ തീരുമാനിക്കേണ്ടതെന്നും കോടിയേരി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി

Next Story

RELATED STORIES

Share it