Kerala

കവിതയെഴുതിയ ചലച്ചിത്രകാരന്‍; വേറിട്ട വ്യക്തിത്വത്തിനുടമ

വേനല്‍, മഴ, ദൈവത്തിന്റെ വികൃതികള്‍ അങ്ങനെ എത്രയോ സിനിമകളില്‍ ആ കവിഹൃദയത്തെ നേരിട്ടുകാണാം. ഒഎന്‍വി, മധുസൂദനന്‍ നായര്‍ തുടങ്ങിയ പ്രഗത്ഭരുടെ കവിതകളെ അദ്ദേഹം അഭ്രപാളികളിലെത്തിച്ചു.

കവിതയെഴുതിയ ചലച്ചിത്രകാരന്‍; വേറിട്ട വ്യക്തിത്വത്തിനുടമ
X

കോഴിക്കോട്: കവിതയും സംഗീതവുംകൊണ്ട് നോവലോളം ദീര്‍ഘമായ വിഷയത്തെ സിനിമയാക്കി അവതരിപ്പിക്കുന്നതില്‍ വൈദഗ്ധ്യമുള്ള സംവിധായകനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. വേനല്‍, മഴ, ദൈവത്തിന്റെ വികൃതികള്‍ അങ്ങനെ എത്രയോ സിനിമകളില്‍ ആ കവിഹൃദയത്തെ നേരിട്ടുകാണാം. ഒഎന്‍വി, മധുസൂദനന്‍ നായര്‍ തുടങ്ങിയ പ്രഗത്ഭരുടെ കവിതകളെ അദ്ദേഹം അഭ്രപാളികളിലെത്തിച്ചു. ലെനിന്‍ രാജേന്ദ്രനെ പലരും വിളിക്കുക ഒരു കവിയെന്നാണ്. സിനിമാപ്രവര്‍ത്തകനെന്നതിനുപരി കവിയായി അറിയപ്പെടാന്‍ ആഗ്രഹിച്ച മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. രചനാഭംഗികൊണ്ടു വേറിട്ടുനില്‍ക്കുന്ന പത്തു മലയാള സിനിമാഗാനങ്ങള്‍ തിരഞ്ഞാല്‍ അതിലൊന്ന് ലെനിന്‍ രാജേന്ദ്രന്റെ ചിത്രത്തിലേതാവും. ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്ത് വെറുതെ ഇരിക്കുവാന്‍ മോഹം എന്ന ഗാനം ഇന്നും മലയാളി മനസുകളില്‍ ഗൃഹാതുരത്വമുളവാക്കുന്നതാണ്. സിനിമാഗാനങ്ങള്‍ നേരംകൊല്ലികളാവരുതെന്നു വിശ്വസിക്കുന്ന സംവിധായകനായിരുന്നു ലെനിന്‍. ആദ്യ ചിത്രമായ വേനല്‍ മുതല്‍ രാത്രിമഴ വരെയുള്ള ലെനിന്‍ രാജേന്ദ്രന്റെ ചിത്രങ്ങളിലെ പാട്ടുകളിലെല്ലാം സിനിമയെ ഗൗരവമായി കാണുന്ന അദ്ദേഹത്തിന്റെ സമീപനം കാണാം.

ആദ്യ ചിത്രമായ വേനലിലെ അയ്യപ്പപ്പണിക്കരുടെ കവിത അക്കാലത്ത് യുവഹൃദയങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടവയായിരുന്നു. എണ്‍പതുകളില്‍ അദ്ദേഹം ചെയ്ത 'പ്രേംനസീറിനെ കാണ്‍മാനില്ല' പോലെ തൊഴിലില്ലായ്മയെ ഇത്ര തീക്ഷ്ണമായി പ്രതിഫലിപ്പിച്ച ചിത്രം ഇന്ത്യന്‍ സിനിമയിലുണ്ടായിട്ടുണ്ടോയെന്നു സംശയമാണ്. ആള്‍ദൈവങ്ങളെക്കുറിച്ച് അദ്ദേഹം സംവിധാനം ചെയ്ത 'വചനം' പോലൊരു സിനിമ ഇക്കാലത്തു ചിന്തിക്കാന്‍ പോലും കഴിയില്ല. ഇതിനെല്ലാം കാരണം അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്ന എഴുത്തുകാരനാണ്. ഏതു വിഷയത്തെയും കൃത്യമായ കാഴ്ചപ്പാടോടെ സമീപിച്ചു. അടിസ്ഥാനവര്‍ഗത്തിന്റെയും സാധാരണ സര്‍ക്കാര്‍ ജീവനക്കാരുടെയും വേദനകള്‍ കണ്ടയൊരാളെന്ന നിലയില്‍ ഏറ്റവും താഴെയുള്ള മനുഷ്യര്‍ക്കൊപ്പം നില്‍ക്കണം, അവരെ അറിയണം എന്ന രാഷ്ട്രീയബോധ്യമാണ് വച്ചുപുലര്‍ത്തിയത്. വലിയ ആളുകള്‍ക്കൊപ്പം കസേര പങ്കിട്ടപ്പോഴും ഏറ്റവും താഴെയുള്ള ജനങ്ങളെയും അദ്ദേഹം കണ്ടു, ഒപ്പം ചേര്‍ത്തുനിര്‍ത്തി. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച ലെനിന്‍ ആ പാരമ്പര്യത്തെ ഉജ്വലമായി മുന്നോട്ടുകൊണ്ടുപോവാന്‍ പ്രത്യയശാസ്ത്ര പ്രതിബദ്ധതയോടെ പോരാടുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. 1953 ല്‍ നെയ്യാറ്റിന്‍കരയ്ക്കടുത്ത് ഊരൂട്ടമ്പലത്ത് എം വേലുക്കുട്ടി- ഭാസമ്മ ദമ്പതികളുടെ മകനായാണ് ലെനിന്‍ രാജേന്ദ്രന്‍ ജനിച്ചത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍നിന്നും ബിരുദം നേടി. എറണാകുളത്തു ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസില്‍ പ്രവര്‍ത്തിക്കവെ അവിടെവച്ചു പി എ ബക്കറെ പരിചയപ്പെട്ടതാണ് ലെനിന്‍ രാജേന്ദ്രന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ബക്കറിന്റെ സഹസംവിധായകനായി സിനിമയിലെത്തിയത്. 'ഉണര്‍ത്തുപാട്ട്' എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായി. 1981ല്‍ 'വേനല്‍' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. 'ദൈവത്തിന്റെ വികൃതികളും' 'മഴ'യും മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. രാത്രിമഴയിലൂടെ 2006ല്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു. ദേശീയസംസ്ഥാന അവാര്‍ഡ് കമ്മിറ്റികളില്‍ ജൂറി അംഗമായിരുന്നു. കെപിഎസിയുടെ രാജാ രവിവര്‍മ ഉള്‍പ്പെടെ നാല് നാടകങ്ങള്‍ സംവിധാനം ചെയ്തു.

മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളെ ആസ്പദമാക്കിയുള്ള ടെലിഫിലിം വയലാറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി എന്നിവയാണ് മറ്റ് പ്രധാന ചലച്ചിത്ര സംഭാവനകള്‍. ആ ചുവന്നകാലത്തിന്റെ ഓര്‍മയ്ക്ക് (ഓര്‍മ), അന്യര്‍, മഴ, ചില്ല് (തിരക്കഥകള്‍) എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. 1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തുനിന്നു സിപിഎം സ്ഥാനാര്‍ഥിയായി കെ ആര്‍ നാരായണനെതിരേ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരളാ സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലെനിന്‍ രാജേന്ദ്രന്‍ പിന്നീട് സംസ്ഥാന ചലച്ചിത്ര വികസന കേര്‍പ്പറേഷനില്‍ ഫിലിം ഓഫിസറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഭാര്യ: ഡോ. രമണി, മക്കള്‍: ഡോ. പാര്‍വതി, ഗൗതമന്‍.




Next Story

RELATED STORIES

Share it