Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിനു നഷ്ടമായി; പി കെ രാഗേഷ് ഡെപ്യൂട്ടര്‍ മേയറായി തുടരും

പുതിയ ഭരണസമിതിയില്‍ ആദ്യ ടേമില്‍ കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനും അവസാന ടേമില്‍ ലീഗിന്റെ സി സീനത്തും മേയറാവുമെന്നാണു സൂചന

കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിനു നഷ്ടമായി; പി കെ രാഗേഷ് ഡെപ്യൂട്ടര്‍ മേയറായി തുടരും
X

കണ്ണൂര്‍: ഏക കോണ്‍ഗ്രസ് വിമതന്റെ പിന്തുണയില്‍ നാലുവര്‍ഷം ഭരിച്ച കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിനു നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായതോടെ പ്രഥമമേയറായ സിപിഎമ്മിലെ ഇ പി ലതയ്ക്കു കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കവേ സ്ഥാനം നഷ്ടമായി. ആകെയുള്ള 45 കൗണ്‍സിലര്‍മാരില്‍ 28 പേര്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 26 പേര്‍ എതിര്‍ത്തു. കോണ്‍ഗ്രസ് വിമതനായ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതാണ് എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടാന്‍ കാരണം. ഒരു ഇടതു കൗണ്‍സിലര്‍ മരണപ്പെട്ടിരുന്നു. നേരത്തേ 27, 27 എന്ന നിലയിലായിരുന്നു എല്‍ഡിഎഫ്, യുഡിഎഫ് കക്ഷിനില. കോണ്‍ഗ്രസ് നേതാവായിരുന്ന പി കെ രാഗേഷ് തെറ്റിപ്പിരിഞ്ഞ് വിമതനായി മല്‍സരിച്ച് ജയിച്ചപ്പോള്‍ ഇടതമുന്നണിയെ പിന്തുണയ്ക്കുകയായിരുന്നു. ഇത്തവണ രാഗേഷുമായി കെ സുധാകരന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് യുഡിഎഫിനെ പിന്തുണച്ചതോടെയാണ് ഭരണമാറ്റമുണ്ടായത്. നാലു മണിക്കൂര്‍റോളം നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് വോട്ടെടുപ്പ് നടന്നത്. ചര്‍ച്ചാവേളയില്‍ കൗണ്‍സില്‍ ഹാളില്‍ പ്രവേശിപ്പിക്കുന്നതിനു വരണാധികാരിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വിലക്കേര്‍പ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. വനിതാ സംവരണമായതിനാല്‍ കെപിസിസി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍ മേയറാവാനാണു സാധ്യത കൂടുതല്‍. ആറു മാസത്തിനുശേഷം മേയര്‍ പദവി ലീഗിനു കൈമാറാനും ധാരണയായിട്ടുണ്ട്. ഡെപ്യൂട്ടി മേയറായി പി കെ രാഗേഷ് തന്നെ തുടരും.

നഗരസഭയായിരുന്നപ്പോഴെല്ലാം എല്ലാകാലവും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ ഭരണം കൈയാളുന്ന കണ്ണൂരില്‍ ആദ്യമായി കോര്‍പറേഷനായപ്പോള്‍ ഗ്രൂപ്പുതര്‍ക്കമാണ് ഭരണനഷ്ടത്തിനും ഇടതുമുന്നണിയുടെ അപ്രതീക്ഷിത സ്ഥാനാരോഹണത്തിനും കാരണമായത്. പള്ളിക്കുന്ന് ബാങ്കുമായും മേഖലയില്‍ ലീഗുമായുമുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പി കെ രാഗേഷും അനുയായികളും ചേര്‍ന്ന് വിമതരായി മല്‍സരിച്ചതാണു യുഡിഎഫിനു ക്ഷീണം ചെയ്തത്. സ്വതന്ത്രനായി മല്‍സരിച്ച രാഗേഷ് ജയിക്കുകയും ഇരുമുന്നണികള്‍ക്കും തുല്യസീറ്റുണ്ടാവുകയും ചെയ്തതോടെ ഭരണം പിടിക്കാന്‍ രാഗേഷിന്റെ പിന്തുണ അത്യാവശ്യമായി വന്നു. എന്നാല്‍, ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതോടെ മേയര്‍ തിരഞ്ഞെടുപ്പില്‍ രാഗേഷ് ഇടതുമുന്നണിക്ക് വോട്ട് ചെയ്തു. അങ്ങനെ കണ്ണൂര്‍ കോര്‍പറേഷന്റെ പ്രഥമ മേയറായി സിപിഎമ്മിലെ ഇ പി ലത മേയറായി. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ രാഗേഷ് വിട്ടുനിന്നു. ഇരുപക്ഷത്തും തുല്യവോട്ടായതോടെ നറുക്കെടുപ്പില്‍ ലീഗിലെ സി സമീര്‍ ഡെപ്യൂട്ടി മേയറായി. വീണ്ടും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥിരംസമിതി തിരഞ്ഞെടുപ്പില്‍ രാഗേഷ് യുഡിഎഫിനെ പിന്തുണച്ചു. ഇതോടെ എട്ടില്‍ ഏഴു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും യുഡിഎഫിനു ലഭിച്ചു. ഒരു ലീഗ് കൗണ്‍സിലറുടെ വോട്ട് അസാധുവായതോടെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം എല്‍ഡിഎഫിനു ലഭിച്ചു. എന്നാല്‍, ഉറപ്പ് പാലിക്കാതിരുന്നതോടെ രാഗേഷിന്റെ പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് തന്നെ ലീഗിലെ സി സമീര്‍ രാജിവച്ചു. തുടര്‍ന്ന് എല്‍ഡിഎഫ് പിന്തുണയോടെയാണു പി കെ രാഗേഷ് ഡെപ്യൂട്ടി മേയറാവുകയായിരുന്നു. പുതിയ ഭരണസമിതിയില്‍ ആദ്യ ടേമില്‍ കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനും അവസാന ടേമില്‍ ലീഗിന്റെ സി സീനത്തും മേയറാവുമെന്നാണു സൂചന.



Next Story

RELATED STORIES

Share it