Kerala

കളമശേരിയിലെ ജുഡീഷ്യല്‍ സിറ്റി പദ്ധതിക്ക് ഭൂമി കൈമാറാനാകില്ല; എച്ച്എംടി സുപ്രിംകോടതിയില്‍

കളമശേരിയിലെ ജുഡീഷ്യല്‍ സിറ്റി പദ്ധതിക്ക് ഭൂമി കൈമാറാനാകില്ല; എച്ച്എംടി സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: ജുഡീഷ്യല്‍ സിറ്റി പദ്ധതിക്ക് കളമശേരിയിലെ ഭൂമി കൈമാറാനാകില്ലെന്ന് എച്ച്എംടി. ഇക്കാര്യം വ്യക്തമാക്കി എച്ച്എംടി സുപ്രിം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. 2014-ലെ അടിസ്ഥാന മൂല്യനിര്‍ണയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാം എന്നായിരുന്നു കേരളത്തിന്റെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ആകില്ലെന്നാണ് എച്ച്എംടി അറിയിച്ചത്.

സര്‍ക്കാര്‍ നിശ്ചയിച്ച തുക വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്നും എച്ച്എംടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. പുതിയ ഹൈക്കോടതി മന്ദിരം ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി പദ്ധതിക്കായി 27 ഏക്കര്‍ ഭൂമി എച്ച്എംടിയില്‍ നിന്ന് ഏറ്റെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.

ഭൂപരിഷ്‌കരണ നിയമ പ്രകാരം എച്ച്എംടി ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതിയുടെ 2014-ലെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ 2016-ല്‍ അപ്പീല്‍ നല്‍കിയിരുന്നു. ഹരജിയില്‍ നോട്ടീസ് അയച്ചെങ്കിലും ഭൂമിയില്‍ തല്‍സ്ഥിതി ഉത്തരവാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. 2016-ലെ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

സീപോര്‍ട്ട് - എയര്‍ പോര്‍ട്ട് റോഡിനും കിന്‍ഫ്രക്ക് ഗസ്റ്റ് ഹൗസ് പണിയുന്നതിനും മുമ്പ് ഭൂമി വിട്ടുനല്‍കിയിരുന്നു. എന്നാല്‍ 27 ഏക്കറോളം ഭൂമി ജുഡീഷ്യല്‍ സിറ്റിക്കായി കുറഞ്ഞ നഷ്ടപരിഹാര തുകയ്ക്ക് വിട്ടുനല്‍കാന്‍ ആകില്ലെന്ന് എച്ച്എംടി സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്. ഭൂപരിഷ്‌കരണ നിയമത്തില്‍നിന്ന് ഒഴിവാക്കിയ ഭൂമിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതെന്നും എച്ച് എം ടി വ്യക്തമാക്കുന്നു.




Next Story

RELATED STORIES

Share it