Kerala

ലക്ഷദ്വീപ്: അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ രാഷ്ട്രപ്രതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ച് ഹൈബി ഈഡന്‍ എംപി

ലക്ഷദ്വീപില്‍ പുതിയതായി നിയമിതനായ അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ദ്വീപ് നിവാസികളുടെ താല്‍പ്പര്യങ്ങള്‍ക്കും സംസ്‌കാരത്തിനും എതിരായ നടപടികളാണെന്നും ഈ വിഷയങ്ങളില്‍ ഇടപെട്ട് അടിയന്തരമായി പരിഹാരം കാണണമെന്നും ഹൈബി ഈഡന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു

ലക്ഷദ്വീപ്: അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ രാഷ്ട്രപ്രതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ച് ഹൈബി ഈഡന്‍ എംപി
X

കൊച്ചി: ലക്ഷദ്വീപില്‍ പുതിയതായി നിയമിതനായ അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിനെതിരെ നടപടിയാവശ്യപ്പെട്ട് രാഷ്ട്രപത്രി,പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് കത്തയച്ച് ഹൈബി ഈഡന്‍ എംപി.സാംസ്‌കാരികമായും, ഭാഷാപരമായും കേരളീയരോട് സാമ്യമുള്ള ലക്ഷദ്വീപ് നിവാസികളായ അനവധി വിദ്യാര്‍ഥികള്‍ കേരളത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തെ ആശ്രയിക്കുന്നു. 2020 ഡിസംബറില്‍ നിയമിതനായ പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ജനഹിതത്തിനെതിരായ ഒട്ടനവധി പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്നും ഇതെല്ലാം ദ്വീപിലെ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രധിഷേധങ്ങള്‍ക്കിടയാക്കുകയാണെന്നും ഹൈബി ഈഡന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറച്ച് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, മല്‍സബന്ധനം എന്നീ വകുപ്പുകളിലുള്ള നിയന്ത്രണം അഡ്മിനിസ്‌ട്രേറ്റര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും ഹൈബി ഈഡന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 70,000 ത്തോളം ആളുകള്‍ അധിവസിക്കുന്ന ദ്വീപിലെ ഭൂരിഭാഗം ആളുകളും സര്‍ക്കാര്‍ ജോലികളോ മല്‍സ്യബന്ധനമോ ആയി ബന്ധപ്പെട്ടാണ് ഉപജീവനം നടത്തുന്നത്. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നിയമിതനായ ശേഷം ഒട്ടനവധി ആളുകളെ സര്‍ക്കാര്‍ കരാര്‍ ജോലികളില്‍ നിന്നും ഒഴിവാക്കുകയും തീര ദേശ നിയമത്തിന്റെ പേരില്‍ മല്‍സ്യ തൊഴിലാളികളുടെ ഷെഡുകള്‍ തീരദേശ നിയമത്തിന്റെ പേരില്‍ പൊളിക്കുകയും ഉണ്ടായി.

രണ്ടിലധികം കുട്ടികള്‍ ഉള്ളവരെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കുന്നതുള്‍പ്പടെ ഉള്ള പരിഷ്‌കാരങ്ങള്‍ ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും പ്രതിഷേധം ഉളവാക്കുന്നു. വളരെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ ദ്വീപ് പ്രദേശത്തു ആന്റി ഗുണ്ടാ നിയമങ്ങള്‍ പോലുള്ള കരി നിയമങ്ങള്‍ നടപ്പിലാക്കുന്നത് വ്യാപകമായി ദുരപയോഗം ചെയ്യപ്പെടും എന്നതിന്റെ ആശങ്ക ജനങ്ങളിലുണ്ടെന്നും ഹൈബി ഈഡന്‍ എംപി ചൂണ്ടിക്കാട്ടുന്നു.

നാളിതുവരെ ബേപ്പൂര്‍ തുറമുഖവും ആയി ഉണ്ടായിരുന്ന വ്യാപാരബന്ധങ്ങള്‍ അവസാനിപ്പിച്ചു കൊണ്ട് എല്ലാ ചരക്കുകളും മംഗലാപുരം വഴി ആക്കണം എന്നതടക്കം, ടൂറിസത്തിന്റെ പേരില്‍ മദ്യ വില്‍പന ശാലകള്‍ അനുവദിക്കുന്നതും, ബീഫ് നിരോധനം ഏര്‍പ്പെടുത്തുന്നതും, അംഗന്‍വാടി കുട്ടികളുടെ ഉച്ച ഭക്ഷണത്തില്‍ നിന്നും മാംസ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതുമെല്ലാം ദ്വീപ് നിവാസികളുടെ താല്‍പ്പര്യങ്ങള്‍ക്കും സംസ്‌കാരത്തിനും എതിരായ നടപടികളാണെന്നും ഈ വിഷയങ്ങളില്‍ ഇടപെട്ട് അടിയന്തരമായി പരിഹാരം കാണണമെന്നും ഹൈബി ഈഡന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു

Next Story

RELATED STORIES

Share it