Kerala

കുനിയില്‍ ബഷീര്‍ വധശ്രമം: സഹോദരങ്ങള്‍ ഉള്‍പ്പെടെ ആറംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍

മന്നംപറമ്പത്ത് ഷിജു എന്ന കപാലി ടിങ്കു (32), മന്നംപറമ്പത്ത് വിപിന്‍ രാജ് എന്ന കുഞ്ചു, പടിഞ്ഞാറെ തൊടികയില്‍ ജിതേഷ് (25) എന്ന അപ്പുട്ടന്‍, ചീനിച്ചാലില്‍ ദീപക്ക് എന്ന ദീപു, കൊല്ലരുകണ്ടി ഷിബിനു (26) എന്ന മൊട്ട, മന്നംപറമ്പത്ത് വിജേഷ് (36) എന്ന പൈങ്കിളി തൈയ്ക്കലാട്ട് എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

കുനിയില്‍ ബഷീര്‍ വധശ്രമം: സഹോദരങ്ങള്‍ ഉള്‍പ്പെടെ ആറംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍
X

അരീക്കോട്: കിഴുപറമ്പ് കുനിയിലെ കോളകോടന്‍ ബഷീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആറംഗ ക്വാട്ടേഷന്‍ സംഘം പിടിയിലായി. ആഗസ്ത് നാലിന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വീട്ടില്‍ക്കയറി വാതില്‍ ചവിട്ടിപ്പൊളിച്ച ക്വട്ടേഷന്‍ സംഘം വടിവാളുകൊണ്ട് ബഷീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മന്നംപറമ്പത്ത് ഷിജു എന്ന കപാലി ടിങ്കു (32), മന്നംപറമ്പത്ത് വിപിന്‍ രാജ് എന്ന കുഞ്ചു, പടിഞ്ഞാറെ തൊടികയില്‍ ജിതേഷ് (25) എന്ന അപ്പുട്ടന്‍, ചീനിച്ചാലില്‍ ദീപക്ക് എന്ന ദീപു, കൊല്ലരുകണ്ടി ഷിബിനു (26) എന്ന മൊട്ട, മന്നംപറമ്പത്ത് വിജേഷ് (36) എന്ന പൈങ്കിളി തൈയ്ക്കലാട്ട് എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പ്രതികള്‍ക്ക് സഹായംചെയ്ത തൈക്കലാട്ട് നിബിന്‍ എന്നയാളെ ബംഗളൂരുവില്‍നിന്നും പിടികൂടിയിരുന്നു.

പ്രതികള്‍ വന്ന വാഹനവും ഇയാളില്‍നിന്നും പിടിച്ചെടുത്തിരുന്നു. ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് സഞ്ചരിക്കുന്നതിന് വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് നല്‍കുന്നതും കൃത്യം നടത്തിക്കഴിഞ്ഞാല്‍ വാഹനങ്ങള്‍ ഒളിപ്പിക്കുന്നതും ഇയാളാണ്. കൂടാതെ ബംഗളൂരു കേന്ദ്രീകരിച്ച് ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാനുള്ള സൗകര്യങ്ങളും ഇയാളാണ് നല്‍കിയത്. കൃത്യത്തിനുശേഷം ഇവര്‍ വന്ന വാഹനം അന്നുതന്നെ ഇയാള്‍ ബംഗളൂരുവിലേക്ക് കടത്തുകയും വ്യാജനമ്പരിട്ട് രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിക്കുകയുമായിരുന്നു. ഇയാളെ പിടികൂടി രഹസ്യകേന്ദ്രത്തില്‍നിന്നും വാഹനം കണ്ടെടുത്തു. ചോദ്യം ചെയ്തതില്‍നിന്നും കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി കേസുകളില്‍ പ്രതികളായ ക്വട്ടേഷന്‍ സംഘാംഗങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ടിങ്കുവടക്കം നാലുപേര്‍ മുംബൈ, അന്തേരി ദാദര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന ഇവരെ അടുത്ത ഒളിത്താവളത്തിലേക്ക് പോവാന്‍ ശ്രമിക്കുന്നതിനിടയിലും മറ്റു രണ്ടുപേരെ കോഴിക്കോടുനിന്നുമാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇവരെ ചോദ്യംചെയ്തതില്‍ ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയ ആളുകളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. പിടിയിലായ ടിങ്കുവിന് കുന്ദമംഗലം, മെഡിക്കല്‍ കോളജ്, നല്ലളം പോലിസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ആയുധനിയമം, കാപ്പയടക്കം 15 ഓളം കേസുകളും കുഞ്ചുവിന് അഞ്ചോളം കേസുകളും അപ്പൂട്ടന് കൊലപാതകശ്രമമടക്കം രണ്ടുകേസുകളും പൈങ്കിളിക്ക് 10 ഓളം കേസുകളും നിലവിലുണ്ട്.

2019 ഒക്ടോബറില്‍ കുനിയില്‍ അങ്ങാടിയില്‍ പുല്‍പ്പറമ്പില്‍ ഫസലുള്ള എന്ന വാപ്പുവിനെ പൂലര്‍ച്ചെ അഞ്ചുമണിക്ക് മുഖംമൂടിയിട്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിനും 2020 സപ്തംബര്‍ മാസം മാവൂര്‍, മുക്കം ഭാഗങ്ങളിലായി രാത്രി നാലോളം ബസ്സുകളുടെ ചില്ല് തകര്‍ത്ത സംഭവങ്ങള്‍ക്കും ഇതോടെ തുമ്പായി. കേസുമായി ബന്ധപ്പെട്ട് ഇനിയും പ്രതികള്‍ പിടിയിലാവാനുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ക്ക് സഹായം ചെയ്ത നിരവധി പേരെ നിരീക്ഷിച്ചുവരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ഹരിദാസന്‍, സിഐ എന്‍ വി ദാസന്‍, ഇന്‍സ്‌പെക്ടര്‍ കെ എം ബിജു എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘാംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ് എന്നിവര്‍ക്ക് പുറമെ അരീക്കോട് സ്റ്റേഷനിലെ എസ്‌ഐ വിജയന്‍, എഎസ്‌ഐ കബീര്‍, സിപിഒ സലേഷ്, വനിതാ സിപിഒ ഷിബിന എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it