Kerala

കെ-ഇനം ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക്, റീട്ടെയില്‍ രംഗത്തും ചുവടുറപ്പിക്കാന്‍ കുടുംബശ്രീ

കെ-ഇനം ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക്, റീട്ടെയില്‍ രംഗത്തും ചുവടുറപ്പിക്കാന്‍ കുടുംബശ്രീ
X

തിരുവനന്തപുരം: കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവും ഊര്‍ജിതമാക്കുന്നതിനും അതുവഴി സംരംഭകര്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീ റീട്ടെയില്‍ രംഗത്തേക്ക് കടക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് പ്രാദേശിക തലത്തില്‍ നിലവിലുള്ള വിവിധ ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സികള്‍ മുഖേന കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ റീട്ടെയില്‍ വിപണിയിലെത്തിക്കുന്നത്. ഇതിനായി 14 ജില്ലകളിലും പ്രധാനപ്പെട്ട ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സികളെ കണ്ടെത്തി അവരെ കുടുംബശ്രീ സംരംഭകരുമായി ബന്ധിപ്പിക്കുന്ന ബി 2 ബി മീറ്റുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു.

900-ലേറെ സംരംഭകരും 227 ഡിസ്ട്രിബ്യൂട്ടര്‍മാരും ഇതില്‍ പങ്കെടുത്തു. ഏജന്‍സികളും സംരംഭകരുമായി നേരിട്ട് സംവദിക്കുന്നതിനും ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വില, മാര്‍ജിന്‍ എന്നിവയില്‍ ധാരണയാകുന്നതിനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന മിക്ക ഉല്‍പന്നങ്ങളും കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. മികച്ച ഗുണമേന്‍മയുള്ള ഈ ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നതിന് കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിത വിപണന ശൃംഖലയായ ഹോംഷോപ്പ്, വിപണന മേളകള്‍, സരസ് മേളകള്‍, മാര്‍ക്കറ്റിംഗ് ഔട്ട് ലെറ്റ് കിയോസ്‌ക്, കുടുംബശ്രീയുടെ ഇ-കൊമേഴ്സ് ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമായ പോക്കറ്റ്മാര്‍ട്ട് ആപ്ളിക്കേഷന്‍ എന്നിങ്ങനെ നിരവധിയായ വിപണന മാര്‍ഗ്ഗങ്ങള്‍ കുടുംബശ്രീയുടേതായിട്ടുണ്ട്.

കൂടാതെ കുടുംബശ്രീ യൂണിറ്റുകളുടെ ഉല്‍പന്നങ്ങള്‍ പ്രാദേശിക അടിസ്ഥാനത്തില്‍ ചെറുകിട കച്ചവടക്കാര്‍ മുഖേനയും വിപണനം നടത്തുന്നുണ്ട്. വിപണിയിലെ മാറ്റങ്ങള്‍ക്കും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി ഉല്‍പാദന രംഗത്തും വിപണന രംഗത്തും കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റീട്ടെയില്‍ രംഗത്ത് ചുവടുറപ്പിക്കുന്നത്. കുടുംബശ്രീ ഏകികൃത ബ്രാന്‍ഡില്‍ പുറത്തിറക്കിയിട്ടുള്ള കറിപൗഡറുകള്‍, പുട്ടുപൊടി, അപ്പപ്പൊടി, സാമ്പാര്‍ മസാല, ചിക്കന്‍ മസാല, വെജ് മസാല, മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിപ്സ്, ശര്‍ക്കര വരട്ടി തുടങ്ങിയ ഉല്‍പന്നങ്ങളോടൊപ്പം ഓരോ ജില്ലയിലെയും സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന മികച്ച ഉല്‍പന്നങ്ങളുമാണ് ആദ്യഘട്ടത്തില്‍ ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സികള്‍ വഴി വിപണനത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്.

കൂടാതെ 'കെ ഇനം' എന്ന പുതിയ ബ്രാന്‍ഡില്‍ ആഗോള വിപണിയിലെത്തിച്ച കുടുംബശ്രീയുടെ വിവിധ കാര്‍ഷിക ഭക്ഷ്യവിഭവങ്ങളും റീട്ടെയില്‍ വിപണനത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്.



Next Story

RELATED STORIES

Share it