Kerala

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതിനെതിരെ കെ എസ് യു കമ്മീഷ്ണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖമന്ത്രിയുടെ കോലം കത്തിച്ചു

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച നടപടിയില്‍ പ്രതിക്ഷേധിച്ച കെ എസ് യു വിന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.മുഖ്യമന്ത്രിയുടെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും ഗൂഢാലോചനയുടെ ഫലമായാണ് വനിതാ മതിലിന്റെ പേരില്‍ കേരളം ജനതയുടെ ശ്രദ്ധ തിരിച്ചുകൊണ്ടു ഇരുട്ടിന്റെ മറവില്‍ സ്ത്രീകളെ പോലീസ് അകമ്പടിയോടെ സന്നിധാനത്ത് എത്തിച്ചതെന്ന് കെഎസ് യു ആരോപിച്ചു.വിശ്വാസികളെ മുറിവേല്പിച്ചുകൊണ്ട് ജനങ്ങളുടെ ഇടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാണ്.

ഓഖി ദുരന്തബാധികര്‍ക്കും, പ്രളയബാധിതര്‍ക്കും അനുവദിച്ച നഷ്ടപരിഹാരങ്ങള്‍ പോലും വൈകുമ്പോഴും ശബരിമലയില്‍ സ്ത്രീകളെ കയറ്റി സ്വയം നവോത്ഥാന നായകനാകാനുള്ള തത്രപ്പാടിലേക്കായി വര്‍ഗീയതയ്ക്ക് വിളനിലം ഒരുക്കി വര്‍ഗീയ ലഹളയ്ക്ക് വഴിയൊരുക്കിക്കൊടുക്കുകയാണ് മുഖ്യമന്ത്രിയെന്ന് കെഎസ് യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആരോപിച്ചു.കേരളത്തിലെ ജനലക്ഷങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തി വര്‍ഗീയത ആളിക്കത്തിക്കാനുള്ള സര്‍ക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്ന് മാര്‍ച്ച് ഉത്ഘാടനം ചെയ്ത ഡി സി സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.കെ എസ് യു ജില്ല വൈസ് പ്രസിഡന്റ് ഭാഗ്യനാഥ് എസ് നായര്‍, സംസ്ഥാന സെക്രട്ടറി പി എച് അസ്‌ലം ,ജില്ല ഭാരവാഹികളായ ആനന്ദ് കെ ഉദയന്‍ , അനസ് കെ എം , അനില്‍ സൂര്യ , കെ എസ് യു നേതാക്കളായ കാനന്‍ , അല്‍ അമീന്‍ , സോണി പനംതാനം,ഹാഷിം, കിരണ്‍ എം, ജെറിന്‍ പട്ടംകുളം നിമിത് സാജന്‍, ഡിറ്റോ , ജിബിന്‍ , ലിയോ മാത്യൂസ്,റൊണാള്‍ഡ് സിബി, എന്നിവര്‍ നേതൃത്വം കൊടുത്തു.

Next Story

RELATED STORIES

Share it