Kerala

പുതിയ ഇന്റര്‍-സ്റ്റേറ്റ് ബസ് സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി

തമിഴ്നാടുമായുള്ള പുതുക്കിയ അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസ് കരാര്‍ പ്രകാരം പുതിയ ഏതാനും സര്‍വ്വീസുകള്‍ കൂടി ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.

പുതിയ ഇന്റര്‍-സ്റ്റേറ്റ് ബസ് സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി
X

തിരുവനന്തപുരം: തമിഴ്നാടുമായുള്ള പുതുക്കിയ അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസ് കരാര്‍ പ്രകാരം പുതിയ ഏതാനും സര്‍വ്വീസുകള്‍ കൂടി ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി. ഇതുസംബന്ധിച്ച കുറിപ്പ് കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍ നിന്നും ബന്ധപ്പെട്ട യൂനിറ്റ് അധികാരികള്‍ക്കും മേഖലാ അധികാരികള്‍ക്കും നൽകി.

കെഎസ്ആര്‍ടിസി തുടങ്ങുവാനിരിക്കുന്ന പുതിയ ഇന്റര്‍-സ്റ്റേറ്റ് ബസ് സര്‍വ്വീസുകളും റൂട്ടും

1. കണ്ണൂര്‍ - കോയമ്പത്തൂര്‍: കണ്ണൂരില്‍ നിന്നും പാലക്കാട്, വാളയാര്‍ വഴി കോയമ്പത്തൂരിലേക്ക് സര്‍വ്വീസ് വരുന്നു. ഇതിനായി രണ്ടു ബസ്സുകളാണ് (അപ് & ഡൗണ്‍) പുതുതായി അനുവദിച്ചിരിക്കുന്നത്. നിലവില്‍ ചേര്‍ത്തല ഡിപ്പോയുടെ കീഴിലുള്ള AT 311, തൃശ്ശൂര്‍ ഡിപ്പോയുടെ കീഴിലുള്ള AT 314 എന്നീ ബസ്സുകള്‍ ഇതിനായി കണ്ണൂര്‍ ഡിപ്പോയിലേക്ക് അലോട്ട് ചെയ്തിട്ടുണ്ട്.

2. കോട്ടയം - പഴനി: കോട്ടയത്ത് നിന്നും കുമളി, തേനി വഴി പഴനിയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കും. ഇതിനായി രണ്ടു ബസ്സുകളാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. നിലവില്‍ ഇരിങ്ങാലക്കുട ഡിപ്പോയുടെ കീഴിലുള്ള AT 319, മാനന്തവാടി ഡിപ്പോയുടെ കീഴിലുള്ള AT 320 എന്നീ ബസ്സുകള്‍ ഇതിനായി കോട്ടയം ഡിപ്പോയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ പഴനിയിലേക്ക് നേരിട്ട് കൊട്ടാരക്കര, തിരുവനന്തപുരം, ചേര്‍ത്തല,എറണാകുളം, തൃശ്ശൂര്‍, ഗുരുവായൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുമാണ് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തുന്നത്.

3. എറണാകുളം - പഴനി: എറണാകുളത്തു നിന്നും മൂന്നാര്‍, മറയൂര്‍, ചിന്നാര്‍, ഉദുമല്‍പേട്ട വഴി പഴനിയിലേക്ക് പുതിയ സര്‍വ്വീസ് വരുന്നു. ഇതിനായി പാലക്കാട് ഡിപ്പോയിലെ AT 322, ഗുരുവായൂര്‍ ഡിപ്പോയിലെ AT 324 എന്നീ ബസുകള്‍ എറണാകുളത്തേക്ക് മാറ്റുന്നതിനായി അധികാരികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ എറണാകുളത്തു നിന്നും പഴനിയിലേക്ക് പാലക്കാട് വഴി ഒരു ലിമിറ്റഡ് സ്റ്റോപ്പ് സര്‍വ്വീസ് ഉണ്ടെങ്കിലും പുതിയ സര്‍വ്വീസ് മൂന്നാര്‍ വഴിയാണെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.

4. സുല്‍ത്താന്‍ ബത്തേരി - കോയമ്പത്തൂര്‍: വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഊട്ടി, മേട്ടുപ്പാളയം വഴി കോയമ്പത്തൂരിലേക്ക് വീണ്ടും ഒരു പുതിയ സര്‍വ്വീസ് വരുന്നു. ഇതിനായി നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും AT 327 എന്ന ബസ് ബത്തേരിയിലേക്ക് അലോട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ബത്തേരി - കോയമ്പത്തൂര്‍ റൂട്ടില്‍ ഒരു സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വ്വീസ് നടത്തുന്നുണ്ട്.

5. മാനന്തവാടി - കോയമ്പത്തൂര്‍: സുല്‍ത്താന്‍ ബത്തേരിക്ക് പുറമെ വയനാട് ജില്ലയിലെത്തന്നെ മാനത്താവടിയില്‍ നിന്നും കല്‍പ്പറ്റ, ഊട്ടി, മേട്ടുപ്പാളയം വഴി കോയമ്പത്തൂരിലേക്ക് പുതിയ സര്‍വ്വീസ് കൂടി ആരംഭിക്കും. ഇതിനായി ആലുവ ഡിപ്പോയില്‍ നിന്നും AT 325 എന്ന ബസ് മാനന്തവാടിയിലേക്ക് മാറ്റിയിട്ടുണ്ട്.

6. തൃശ്ശൂര്‍ - ഊട്ടി: മധ്യകേരളത്തില്‍ നിന്നും ഒരു ഊട്ടി സര്‍വ്വീസ് വേണമെന്ന് യാത്രക്കാര്‍ മുറവിളി കൂട്ടുവാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പാലക്കാട് നിന്നുമായിരിക്കും ഊട്ടി സര്‍വ്വീസ് തുടങ്ങുകയെന്നു എല്ലാവരും കരുതിയെങ്കിലും നറുക്ക് വീണത് കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനമായ തൃശ്ശൂരിനായിരുന്നു. തൃശ്ശൂരില്‍ നിന്നും പാലക്കാട്, വാളയാര്‍, കോയമ്പത്തൂര്‍, മേട്ടുപ്പാളയം വഴിയാണ് ഊട്ടി സര്‍വ്വീസ്. ഈ സര്‍വ്വീസ് നടത്തുന്നതിനായി പത്തനാപുരം ഡിപ്പോയില്‍ നിലവിലുള്ള AT 313 എന്ന ബസ് തൃശ്ശൂര്‍ ഡിപ്പോയ്ക്ക് നല്‍കിയിട്ടുണ്ട്.

7. അര്‍ത്തുങ്കല്‍ - വേളാങ്കണ്ണി: ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ ആര്‍ത്തുങ്കലില്‍ നിന്നും പാലക്കാട്, കോയമ്പത്തൂര്‍, കാരൂര്‍, ട്രിച്ചി, തഞ്ചാവൂര്‍ വഴി വേളാങ്കണ്ണിയിലേക്ക് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു. ചേര്‍ത്തല ഡിപ്പോയായിരിക്കും ഈ സര്‍വ്വീസ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിനായി തിരുവനന്തപുരം ഡിപ്പോയിലെ AT 330, മൂവാറ്റുപുഴ ഡിപ്പോയിലെ AT 323 എന്നീ ബസുകള്‍ ചേര്‍ത്തല ഡിപ്പോയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്.

8. കോഴിക്കോട് - ഗൂഡല്ലൂര്‍: കോഴിക്കോട് നിന്നും നിലമ്പൂര്‍ വഴി തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലേക്ക് പുതിയ സര്‍വ്വീസുകള്‍ വരുന്നു. ഇതിനായി പാലക്കാട് ഡിപ്പോയില്‍ നിന്നും AT 408, AT 409, AT 410 എന്നീ ബസുകളും എറണാകുളത്തു നിന്നും AT 400 എന്ന ബസ്സും ഉള്‍പ്പെടെ മൊത്തം നാലു ബസ്സുകള്‍ നിലമ്പൂര്‍ ഡിപ്പോയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it