Big stories

പിരിച്ചുവിട്ട കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങി

സര്‍ക്കാരും തൊഴിലാളി യൂനിയനുകളും വഞ്ചിച്ചെന്നാരോപിച്ച് ജീവനക്കാരുടെ കൂട്ടായ്മ സെക്രട്ടേറിയറ്റ് വളയലും ശയനപ്രദക്ഷിണവും നടത്തും. കുടുംബാംഗങ്ങളെക്കൂടി അണിനിരത്തിയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം.

പിരിച്ചുവിട്ട കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങി
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍നിന്ന് പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി. സര്‍ക്കാരും തൊഴിലാളി യൂനിയനുകളും വഞ്ചിച്ചെന്നാരോപിച്ച് ജീവനക്കാരുടെ കൂട്ടായ്മ സെക്രട്ടേറിയറ്റ് വളയലും ശയനപ്രദക്ഷിണവും നടത്തും. കുടുംബാംഗങ്ങളെക്കൂടി അണിനിരത്തിയാണ് രാവിലെ 10 മണി മുതല്‍ സമരം ആരംഭിച്ചത്. പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുകയോ മാന്യമായ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം. സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതിനെതിരേ നിയമപോരാട്ടം തുടരുമ്പോഴും പ്രത്യക്ഷസമരത്തിലേക്ക് കടക്കുകയാണ് പിരിച്ചുവിടപ്പെട്ടവരുടെ കൂട്ടായ്മ.

നിയമസഭാ സമ്മേളനം ആരംഭിച്ചാല്‍ സമരവേദി നിയമസഭയ്ക്ക് മുന്നിലേക്ക് മാറ്റാനും ആലോചനയുണ്ട്. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുനപ്പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താല്‍ക്കാലിക ജീവനക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതിയില്‍ ഹരജി നല്‍കാനായിരുന്നു സുപ്രിംകോടതി നിര്‍ദ്ദേശം. ഇതനുസരിച്ച് ഇന്നുതന്നെ കൂട്ടായ്മ ഹൈക്കോടതിയില്‍ ഹരജി നല്‍കും. സമരത്തോടും പ്രതിഷേധങ്ങളോടും നിഷേധാത്മക സമീപനമാണ് തൊഴിലാളി യൂനിയനും സര്‍ക്കാരും സ്വീകരിച്ചതെന്ന് പിരിച്ചുവിടപ്പെട്ടവര്‍ ആരോപിക്കുന്നു. പലരും ഇനിയൊരു സര്‍ക്കാര്‍ ജോലികിട്ടാനുളള പ്രായപരിധി മാനദണ്ഡത്തിന് പുറത്തുള്ളവരാണ്. കോടതി വിധി പ്രതികൂലമായാല്‍ അര്‍ഹമായ നഷ്ടപരിഹാരമെങ്കിലും കിട്ടാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനാണ് ഇവരുടെ തീരുമാനം.

അതേസമയം, താല്‍ക്കാലിക കണ്ടക്ടര്‍മാരെ ഒഴിവാക്കുന്നത് സംബന്ധിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ശേഷം 1,421 പേര്‍ ജോലിയില്‍ പ്രവേശിച്ചെന്നും 71 പേര്‍ സമയം ചോദിച്ചെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിരുന്നു. 3,941 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിട്ടുണ്ട്. നിലവില്‍ അവധിയിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. അതിനു ശേഷം മാത്രമെ സ്ഥിരം ഒഴിവുകള്‍ കണക്കാക്കാനാകുവെന്നുമാണ് കെഎസ്ആര്‍ടിസി വിശദീകരണം നല്‍കിയിട്ടുള്ളത്.




Next Story

RELATED STORIES

Share it