Kerala

കെഎസ്ഇബിയിലെ സമരം: യൂനിയന്‍ നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; പ്രസിഡന്റിനെ സ്ഥലം മാറ്റി, സെക്രട്ടറിയുടെ പ്രൊമോഷന്‍ റദ്ദാക്കി

കെഎസ്ഇബിയിലെ സമരം: യൂനിയന്‍ നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; പ്രസിഡന്റിനെ സ്ഥലം മാറ്റി, സെക്രട്ടറിയുടെ പ്രൊമോഷന്‍ റദ്ദാക്കി
X

തിരുവനന്തപുരം: കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട് യൂനിയന്‍ നേതാക്കളെ സസ്‌പെന്റ് ചെയ്ത നടപടി റദ്ദാക്കി. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ബി ഹരികുമാര്‍ എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും ഇവര്‍ക്കെതിരേ മാനേജ്‌മെന്റ് വകുപ്പുതല നടപടി സ്വീകരിച്ചു. സുരേഷ് കുമാറിനെ പെരിന്തല്‍മണ്ണയിലേക്ക് സ്ഥലം മാറ്റിയപ്പോള്‍ ഹരികുമാറിന്റെ പ്രൊമോഷന്‍ റദ്ദാക്കി.

തിരുവനന്തപുരം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയനായിരുന്ന ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ നേരത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍, സീതത്തോട് ഡിവിഷനിലേക്ക് അവരെ സ്ഥലം മാറ്റിയിരിക്കുകയാണ്. ഇന്ന് ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ഇവരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍, നേരത്തെയുള്ള സ്ഥലത്ത് പോസ്റ്റിങ് നല്‍കാനാവില്ലെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ അടക്കമുള്ള സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

15 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണം, അച്ചടക്ക നടപടി തുടരും എന്നീ കര്‍ശന ഉപാധികളോടെയാണ് ജാസ്മിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. എന്നാല്‍, നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് ജാസ്മിന്‍ ബാനു പറഞ്ഞു. കോടതി പറഞ്ഞതിന് വിരുദ്ധമായിട്ടാണ് സ്ഥലം മാറ്റമെന്ന് അവര്‍ കുറ്റപ്പെടുത്തി. ബോര്‍ഡിനെതിരേ സമരം ചെയ്തതിനും മാധ്യമങ്ങളോട് സംസാരിച്ചതിനുമാണ് കെഎസ്ഇബിയിലെ ഏറ്റവും പ്രബലമായിട്ടുള്ള ഇടത് സംഘടനാ നേതാവായ സുരേഷ് കുമാറിനെ ചെയര്‍മാന്‍ ബി അശോക് സസ്‌പെന്റ് ചെയ്തിരുന്നത്. നേരത്തെ തന്നെ ചെയര്‍മാനും കെഎസ്ഇബി ഓഫിസേര്‍സ് അസോസിയേഷനും തമ്മില്‍ ഭിന്നത രൂക്ഷമായിരുന്നു.

രണ്ടുദിവസം പണിമുടക്ക് നടത്തുകയും സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതിനായിരുന്നു സസ്‌പെന്‍ഷന്‍. സസ്പന്‍ഷന്‍ നടപടി തെറ്റായിരുന്നുവെന്ന് ബോര്‍ഡ് മാനേജ്‌മെന്റ് സമ്മതിച്ചിരിക്കുകയാണെന്ന് ജി സുരേഷ് കുമാര്‍ പ്രതികരിച്ചു. ഏകപക്ഷീയ സമീപനം തിരുത്താന്‍ മാനേജ്‌മെന്റ് തയ്യാറാവണം. ബോര്‍ഡ് ചെയര്‍മാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് ഖേദപ്രകടനം നടത്തണം. ആവശ്യങ്ങളില്‍ തീരുമാനമാവാത്തതിനാല്‍ സമരം തുടരും. ജാസ്മിന്‍ ബാനുവിനെ സീതത്തോടേക്ക് സ്ഥലം മാറ്റിയത് അംഗീകരിക്കാനാവില്ല. യോഗത്തില്‍ സിഎംഡി പങ്കെടുത്തില്ല. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ് പങ്കെടുത്തത്. ഇനി പോസിറ്റീവായ തീരുമാനമുണ്ടായാല്‍ സമരം അവസാനിപ്പിക്കുമെന്നും ദുരൂഹമായ നടപടികളാണ് ബോര്‍ഡ് മാനേജ്‌മെന്റ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Next Story

RELATED STORIES

Share it