Kerala

കൃതി രാജ്യാന്തര പുസ്തക മേളയ്ക് ഫെബ്രുവരി എട്ടിന് കൊച്ചിയില്‍ തുടക്കം

250 സ്റ്റാളുകളിലായി 125ഓളം പ്രമുഖ പ്രസാധകര്‍ പങ്കെടുക്കും. ചെറുകിട പ്രസാധകരുടെ 22 സ്റ്റാന്‍ഡുകളും കൃതിയുടെ സവിശേഷതയാകും. ഭാവിയിലേയ്‌ക്കൊരു മടക്കയാത്ര എന്നതായിരിക്കും കൃതി 2019ന്റെ ഇതിവൃത്തം.175ഓളം എഴുത്തുകാരും വിവിധ വിഷയ വിദഗ്ധരുമുള്‍പ്പെട്ട 70 സെഷനുകള്‍ വിജ്ഞാനോത്സവത്തിന്റെ ഭാഗമാകും

കൃതി രാജ്യാന്തര പുസ്തക മേളയ്ക്  ഫെബ്രുവരി എട്ടിന് കൊച്ചിയില്‍ തുടക്കം
X

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് കൃതി രാജ്യാന്തര പുസ്തകോല്‍സവവും വിജ്ഞാനോല്‍സവവും ഫെബ്രുവരി എട്ടിന് തുടക്കമാകും.എട്ടിന് വൈകിട്ട് ആറിന് ് കൊച്ചി മറൈന്‍ ഡ്രൈവിലെ പ്രദര്‍ശനനഗരിയില്‍ ഗവര്‍ണര്‍ റിട്ട.ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. കഥാകൃത്ത് ടി. പത്മനാഭനെ ഗവര്‍ണര്‍ ചടങ്ങില്‍ ആദരിക്കും.ആദ്യപതിപ്പിനേക്കാള്‍ വിപുലമായ രീതിയിലാണ് കൃതിയുടെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, ഫോക് ലോര്‍ അക്കാദമി, മീഡിയ അക്കാദമി, കലാമണ്ഡലം, കാര്‍ട്ടൂണ്‍ അക്കാദമി, സാക്ഷരതാ മിഷന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, അസാപ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവരും കൃതിയുടെ സംഘാടനത്തില്‍ സഹകരിക്കുന്നുണ്ട്. 42,500 ച അടി വിസ്തൃതിയുണ്ടായിരുന്ന പ്രദര്‍ശനനഗരിക്ക് ഇക്കുറി 50,000 ച അടിയിലേറെ വിസ്തൃതിയുണ്ടാകും. പൂര്‍ണമായും ശീതികരിച്ച് ആഗോള സൗകര്യങ്ങളോടെ ഒരുങ്ങുന്ന പ്രദര്‍ശന നഗരി കൊച്ചിയെ ഒരു വമ്പന്‍ സാംസ്‌കാരിക ഉത്സവവേദിയാക്കുമെന്നും മന്ത്രി പറഞ്ഞു.

250 സ്റ്റാളുകളിലായി 125ഓളം പ്രമുഖ പ്രസാധകര്‍ പങ്കെടുക്കും. ചെറുകിട പ്രസാധകരുടെ 22 സ്റ്റാന്‍ഡുകളും കൃതിയുടെ സവിശേഷതയാകും. ഭാവിയിലേയ്‌ക്കൊരു മടക്കയാത്ര എന്നതായിരിക്കും കൃതി 2019ന്റെ ഇതിവൃത്തം.175ഓളം എഴുത്തുകാരും വിവിധ വിഷയ വിദഗ്ധരുമുള്‍പ്പെട്ട 70 സെഷനുകള്‍ വിജ്ഞാനോത്സവത്തിന്റെ ഭാഗമാകും. ഇതില്‍ത്തന്നെ കേരളം 2.0 എന്ന ലക്ഷ്യത്തിനായി സാംസ്‌കാരികം, പാരിസ്ഥിതികം, സാമ്പത്തികം, അടിസ്ഥാനസൗകര്യ മേഖല എന്നിങ്ങനെ നാല് മാനങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സെഷനുകള്‍ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് വൈജ്ഞാനികവും രാഷ്ട്രീയവുമായ പിന്തുണ നല്‍കുന്ന വലിയൊരു ആശയശേഖരം കൃതിയിലൂടെ രൂപപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. അയല്‍സംസ്ഥാനമായ തമിഴ്‌നാടിന്റെ സംസ്‌കാരവും ജീവിതവും പ്രതിപാദിക്കുന്ന സവിശേഷ സെഷനുകളും കൃതിയുടെ പ്രധാന പ്രമേയങ്ങളിലൊന്നാകും.

ഫെബ്രുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള സന്ദര്‍ശിക്കും, അന്ന് 3 മണിക്ക് നവകേരളം, നവോത്ഥാനം, സഹകരണം എന്ന വിഷയത്തില്‍ മുഖ്യമന്ത്രി സംസാരിക്കും. ഫെബ്രുവരി 16ന് സംഘടിപ്പിക്കുന്ന കുട്ടികളുടെ പാര്‍ലമെന്റില്‍ പ്രളയാനന്തര കേരളത്തിനുള്ള പ്രതിവിധികള്‍ ചര്‍ച്ച ചെയ്യും. ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയില്‍ ഇക്കുറി 50,000 വിദ്യാര്‍ത്ഥികള്‍ക്ക് 1.25 കോടി രൂപയുടെ പുസ്തകങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ പ്രളയ ബാധിത വായനശാലകള്‍ക്കൊരു കൈത്താങ്ങ് പദ്ധതിയിലൂടെ 50 ലക്ഷം രൂപയുടെ പുസ്തകങ്ങളും നല്‍കും.കൃതി ഒന്നാം പതിപ്പിന് ഏറെ ജനപ്രീതി നല്‍കിയ ആര്‍ട് ഫെസ്റ്റിവലിന് ഇക്കുറി കൂടുതല്‍ വൈവിധ്യം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പത്തു ദിവസവും വൈകീട്ട് 6 മണിക്കാണ് പ്രദര്‍ശന നഗരിയോട് ചേര്‍ന്ന പ്രത്യേക വേദിയില്‍ കലാപരിപാടികള്‍ അരങ്ങേറുക. ഇവയ്ക്കു പുറമെ പകല്‍ സമയങ്ങളില്‍ തെരഞ്ഞെടുത്ത സ്‌കൂള്‍കോളജേ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, പുസ്തക പ്രകാശനങ്ങള്‍, ബുക്ക് പിച്ചിംഗ് തുടങ്ങിയവും അരങ്ങേറും.

Next Story

RELATED STORIES

Share it