Kerala

ഒറ്റ പദവിയില്‍ കുരുങ്ങി കെപിസിസി പുനസംഘടന

ഈ മാസം അവസാനത്തോടെ ഭാരവാഹികളെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പുനസംഘടന മുടങ്ങിയതോടെ കെപിസിസി ഭാരവാഹികളുടെ ദ്വിദിന ക്യാമ്പ് മാറ്റിവെച്ചു. ഒറ്റ പദവി ആശയത്തിന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ ലഭിച്ചെങ്കിലും രമേശ് ചെന്നിത്തല അംഗീകരിച്ചിട്ടില്ല.

ഒറ്റ പദവിയില്‍ കുരുങ്ങി കെപിസിസി പുനസംഘടന
X

തിരുവനന്തപുരം: ഒരാള്‍ക്ക് ഒരു പദവി എന്ന നിബന്ധനയില്‍ മുതിര്‍ന്ന നേതാക്കള്‍ ഭിന്നാഭിപ്രായം ഉയര്‍ത്തിയതോടെ കെപിസിസി പുനസംഘടന വഴിമുട്ടി. ഈ മാസം അവസാനത്തോടെ ഭാരവാഹികളെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പുനസംഘടന മുടങ്ങിയതോടെ കെപിസിസി ഭാരവാഹികളുടെ ദ്വിദിന ക്യാമ്പ് മാറ്റിവെച്ചു. ഒറ്റ പദവി ആശയത്തിന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ ലഭിച്ചെങ്കിലും രമേശ് ചെന്നിത്തല അംഗീകരിച്ചിട്ടില്ല. ഐ വിഭാഗക്കാരായ വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനും പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരനും പാര്‍ലമെന്റ് അംഗങ്ങളായ സാഹചര്യത്തില്‍ ഇരുവരും പദവി ഒഴിയേണ്ടി വരുമെന്നതാണ് എതിര്‍പ്പിന് പ്രധാന കാരണം.

അതേസമയം, നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിച്ച് പുനസംഘടന പൂര്‍ത്തീകരിക്കാനാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമം. പ്രസിഡന്റ് പദവി ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിടുമ്പോഴും സഹഭാരവാഹികളെ നിയമിക്കാന്‍ കഴിയാത്തതില്‍ അദ്ദേഹം അസംതൃപ്തി അറിയിച്ചിട്ടുണ്ട്. എ, ഐ ഗ്രൂപ്പ് തര്‍ക്കങ്ങളാണ് പുനസംഘടനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. കെപിസിസി പുനസംഘടനയ്ക്ക് പിന്നാലെ പോഷക സംഘടനകളും പുനസംഘടിപ്പിക്കാനായിരുന്നു തീരുമാനം. ജംബോ കമ്മിറ്റി ഒഴിവാക്കി 25 പേരടങ്ങുന്ന ഭാരവാഹി പട്ടിക തയ്യാറാക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഈ കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ നേരത്തെ തന്നെ ധാരണ ഉണ്ടാക്കിയിരുന്നു. പരിചയ സമ്പന്നരായ നേതാക്കള്‍ക്കൊപ്പം യുവാക്കള്‍ക്കും വനിതകള്‍ക്കും തുല്യ പ്രാധാന്യം നല്‍കണമെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഭാരവാഹികളെ നിശ്ചയിക്കാനാണ് ശ്രമം.

പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന നേതൃതല ക്യാമ്പുകള്‍ അന്തിമഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ക്യാമ്പുകള്‍ നടത്തുന്നത്. ബൂത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് കെപിസിസി പ്രസിഡന്റ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനം സാമൂഹിക മാധ്യമങ്ങളില്‍ ഒതുങ്ങുന്ന പ്രവണതയ്ക്ക് മാറ്റമുണ്ടാകണമെന്നും പരദൂഷണവും പാരവെപ്പും കൈമുതല്ലാക്കി ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ജില്ലാ നേതാക്കള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it