Kerala

കോട്ടയം നാഗമ്പടം പഴയ മേല്‍പാലം ഇന്ന് പൊളിക്കും; സ്‌ഫോടനം രാവിലെ 11ന്

രാവിലെ 11നും 12നും ഇടയ്ക്ക് ചെറുസ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിതസ്‌ഫോടനത്തിലൂടെയാവും പാലം തകര്‍ക്കുക. ഇതിന്റെ ഭാഗമായി പാലത്തിലും കോണ്‍ക്രീറ്റ് ബീമുകളിലും സുഷിരങ്ങളുണ്ടാക്കി സ്‌ഫോടകവസ്തു നിറച്ചു. പാലം മുഴുവന്‍ രാത്രിയോടെ പ്ലാസ്റ്റിക് വലകൊണ്ടു മൂടി. സ്‌ഫോടനത്തിന്റെ പൊടി പുറത്തുവരാതിരിക്കാനാണിത്.

കോട്ടയം നാഗമ്പടം പഴയ മേല്‍പാലം ഇന്ന് പൊളിക്കും; സ്‌ഫോടനം രാവിലെ 11ന്
X

കോട്ടയം: നാഗമ്പടം പഴയ റെയില്‍വേ മേല്‍പാലം ഇന്ന് പൊളിച്ചുനീക്കും. രാവിലെ 11നും 12നും ഇടയ്ക്ക് ചെറുസ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിതസ്‌ഫോടനത്തിലൂടെയാവും പാലം തകര്‍ക്കുക. ഇതിന്റെ ഭാഗമായി പാലത്തിലും കോണ്‍ക്രീറ്റ് ബീമുകളിലും സുഷിരങ്ങളുണ്ടാക്കി സ്‌ഫോടകവസ്തു നിറച്ചു. പാലം മുഴുവന്‍ രാത്രിയോടെ പ്ലാസ്റ്റിക് വലകൊണ്ടു മൂടി. സ്‌ഫോടനത്തിന്റെ പൊടി പുറത്തുവരാതിരിക്കാനാണിത്. വന്‍കെട്ടിടങ്ങള്‍ നിമിഷനേരംകൊണ്ട് പൊളിക്കുന്ന നിയന്ത്രിത സ്‌ഫോടന സാങ്കേതിക വിദ്യയിലൂടെയാണ് പാലം പൊളിക്കുന്നത്. പാശ്ചാത്യനഗരങ്ങളില്‍ സുപരിചിതമായ ഈ സ്‌ഫോടനം കേരളത്തില്‍ ആദ്യമായാണ് പരീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

തിരുപ്പൂര്‍ കേന്ദ്രമായ മാഗ് ലിങ്ക് ഇന്‍ഫ്രാ പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാലം പൊളിക്കുന്നതിന്റെ കരാര്‍ ഏറ്റെടുത്തത്. വന്‍ കെട്ടിടസമുച്ചയങ്ങള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന സുരക്ഷിതമായ 'ഇംപ്ലോസീവ്' മാര്‍ഗമാണ് നാഗമ്പടത്തും നടപ്പാക്കുന്നത്. സ്‌ഫോടനംവഴി പെട്ടെന്ന് തകരുന്നതിന് കോണ്‍ക്രീറ്റ് തൂണുകള്‍ക്കും ബീമുകള്‍ക്കും ബലക്ഷയമുണ്ടാക്കുന്ന ജോലി കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പാലത്തിന്റെ ബീം, കോണ്‍ക്രീറ്റ് അടിത്തറ എന്നിവിടങ്ങളില്‍ നൈട്രോഗ്ലിസറിന്‍, ഡൈനമിറ്റ് തുടങ്ങിയ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചു. റിമോട്ട് സംവിധാനത്തിലൂടെയാണ് സ്‌ഫോടനം നടത്തുക. ജനങ്ങള്‍ക്കു നെഹ്‌റു സ്‌റ്റേഡിയത്തില്‍നിന്നു സ്‌ഫോടനം കാണാന്‍ സൗകര്യമുണ്ട്.

റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടം, പോലിസ്, അഗ്‌നിശമനസേന, നഗരസഭ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പൊളിക്കല്‍. പാത ഇരട്ടിപ്പിക്കുന്നതിന്റ ഭാഗമായി പുതിയ റെയില്‍വേ മേല്‍പാലം നിര്‍മിച്ചതിനെ തുടര്‍ന്നാണ് പഴയപാലം പൊളിക്കുന്നത്. 1953ലാണ് നാഗമ്പടം പാലം നിര്‍മിക്കുന്നത്. കോട്ടയം പാത വൈദ്യുതീകരിച്ചപ്പോള്‍ ചെറുതായൊന്നുയര്‍ത്തി. എന്നാല്‍, പാലത്തിന് വീതി കുറവായതിനാല്‍ കോടതി ഉത്തരവ് പ്രകാരം ഇവിടം വേഗതകുറച്ചാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്. പുതിയ പാലം വന്നതോടെ പഴയപാലം പൊളിക്കാന്‍ ദിവസങ്ങളായി നടപടികള്‍ തുടങ്ങിയിരുന്നു. ആദ്യം പാലം പൊളിക്കുന്നതിനു മുന്നോടിയായി വൈദ്യുതി ലൈന്‍ അഴിച്ച് ട്രാക്കിലിടും. തുടര്‍ന്നു ട്രാക്ക് മണല്‍ചാക്കും തടിയുംകൊണ്ട് സുരക്ഷിതമായി മൂടും. പിന്നീടാണു പാലം പൊട്ടിച്ചുനീക്കുക.

തിരക്കുള്ള എംസി റോഡിലാണ് പാലം. 11 മണിയോടെ പാലത്തിനു 100 മീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പേരെയും മാറ്റും. തൊട്ടടുത്ത പുതിയ പാലത്തിലൂടെ ഗതാഗതവും കാല്‍നടയാത്രയും നിരോധിച്ചു. ഈ ഭാഗത്തെ വൈദ്യുതി വിതരണവും നിര്‍ത്തിവയ്ക്കും. 12 മണി വരെ നിയന്ത്രണങ്ങള്‍ തുടരും. വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതിനാല്‍ തിരക്ക് കൂടുമെന്നുള്ളതുകൊണ്ട് നഗരത്തിലെ പ്രധാന വഴികളില്‍ പാര്‍ക്കിങ് അനുവദിക്കില്ലെന്ന് പോലിസ് അറിയിച്ചു. പാലം പൊളിക്കുന്നതിന്റെ ഭാഗമായി കായംകുളം, കോട്ടയം, എറണാകുളം പാതയില്‍ 27ന് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാലം പൊളിക്കല്‍ ജോലികള്‍ നടക്കുന്ന രാവിലെ 9.30 മുതല്‍ വൈകീട്ട് 6.30 വരെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവയ്ക്കാനാണു റെയില്‍വേയുടെ തീരുമാനം. പാളത്തിലേക്കു വീഴുന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കംചെയ്ത് ഉടന്‍ ട്രാക്ക് പഴയ രീതിയിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. മൂന്ന് മെമു അടക്കം 12 പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും നാലു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 10 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍നിന്ന് നിരവധി യാത്രക്കാര്‍ കയറുന്ന കേരള, ശബരി, പരശുറാം, ഐലന്‍ഡ് തുടങ്ങിയ ട്രെയിനുകളാണു വഴിതിരിച്ചുവിടുക. വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍ക്ക് എറണാകുളം ജങ്ഷന്‍, ആലപ്പുഴ, ചേര്‍ത്തല, ഹരിപ്പാട് എന്നിവിടങ്ങളില്‍ അധികസ്‌റ്റോപ്പ് അനുവദിക്കും.

Next Story

RELATED STORIES

Share it