Kerala

കൂടത്തായി കൊലപാതക പരമ്പര; പ്രതികളുടെ കസ്റ്റഡി കാലാവധി രണ്ടുദിവസത്തേക്ക് നീട്ടി

ജോളി, കൂട്ടുപ്രതികളായ പ്രജികുമാര്‍, എം എസ് മാത്യു എന്നിവരുടെ കസ്റ്റഡിയാണ് നീട്ടിനല്‍കിയത്. താമരശ്ശേരി കോടതിയാണ് വെള്ളിയാഴ്ച വൈകീട്ട് നാലുവരെ പ്രതികളുടെ പോലിസ് കസ്റ്റഡി അനുവദിച്ചത്. മൂന്നുദിവസത്തേക്കായിരുന്നു പ്രതികളെ പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.

കൂടത്തായി കൊലപാതക പരമ്പര; പ്രതികളുടെ കസ്റ്റഡി കാലാവധി രണ്ടുദിവസത്തേക്ക് നീട്ടി
X

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുള്‍പ്പടെയുള്ള മൂന്നുപേരുടെയും കസ്റ്റഡി കാലാവധി രണ്ടുദിവസത്തേക്കുകൂടി നീട്ടി. ജോളി, കൂട്ടുപ്രതികളായ പ്രജികുമാര്‍, എം എസ് മാത്യു എന്നിവരുടെ കസ്റ്റഡിയാണ് നീട്ടിനല്‍കിയത്. താമരശ്ശേരി കോടതിയാണ് വെള്ളിയാഴ്ച വൈകീട്ട് നാലുവരെ പ്രതികളുടെ പോലിസ് കസ്റ്റഡി അനുവദിച്ചത്. മൂന്നുദിവസത്തേക്കായിരുന്നു പ്രതികളെ പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കൊലപാതകത്തിനുപയോഗിച്ച സയനൈഡ് പ്രതികള്‍ വാങ്ങിയത് കോയമ്പത്തൂരില്‍നിന്നാണെന്നും ഇത് മനസ്സിലാക്കാന്‍ ഇവടേക്ക് പോവേണ്ടതുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. കോയമ്പത്തൂരില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്താന്‍ മൂന്നുദിവസത്തെ സാവകാശംകൂടി വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, വെള്ളിയാഴ്ച വൈകീട്ട് നാലിന് മുമ്പ് പ്രതികളെ ഹാജരാക്കണമെന്ന നിര്‍ദേശത്തോടെ രണ്ടുദിവസംകൂടി കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കേസില്‍ പ്രതികളെ 24 മണിക്കൂര്‍വരെ പോലിസ് തുടര്‍ച്ചയായി ചോദ്യംചെയ്യുന്നതായി പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ അറിയിച്ചു. പ്രതികളെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും ഉറങ്ങാന്‍പോലും അനുവദിക്കാതെ പോലിസ് ചോദ്യംചെയ്തുവരികയാണ്. ഇതുവരെ കേസില്‍ പോലിസ് മതിയായ ചോദ്യംചെയ്യല്‍ നടത്തിയിട്ടുണ്ട്. അതിനാല്‍, കസ്റ്റഡി അനുവദിക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍, ഇത് തള്ളിയാണ് കോടതി കസ്റ്റഡി അനുവദിച്ചത്. എന്നാല്‍, പോലിസിനെക്കുറിച്ച് പരാതിയില്ലെന്നും ശാരീരിക മാനസികബുദ്ധിമുട്ടില്ലെന്നും മൂന്ന് പ്രതികളും കോടതിയില്‍ പറഞ്ഞു. റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പ്രതികളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അതേസമയം, പ്രജികുമാറിന് ഭാര്യയുമായി സംസാരിക്കാന്‍ 10 മിനിറ്റ് കോടതി സമയം അനുവദിച്ചു. പ്രജികുമാറിന്റെ ഭാര്യയുടെ പ്രത്യേക അപേക്ഷ പ്രകാരമാണ് സമയം അനുവദിച്ചുനല്‍കിയത്. കേസിലെ പരാതിക്കാരനായ റോജോയുടെയും സഹോദരി റെഞ്ചിയുടെയും ജോളിയുടെ മക്കളായ റോമോ, റൊണാള്‍ഡ് എന്നിവരില്‍നിന്ന് അന്വേഷണസംഘം ബുധനാഴ്ചയും മൊഴിയെടുത്തു. കട്ടപ്പനയിലെ ജ്യോല്‍സ്യന്‍ കൃഷ്ണകുമാറിന്റെ മൊഴിയും പോലിസ് രേഖപ്പെടുത്തി. അതിനിടെ, ഷാജുവിന്റെ മുന്‍ ഭാര്യ സിലിയുടെ 40 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് സിലിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ജോളിയുടെ പേരില്‍ വ്യാജവില്‍പത്രം തയ്യാറാക്കിയ സംഭവത്തില്‍ റവന്യൂ വകുപ്പിന്റെ അന്വഷണവും മൊഴിയെടുക്കലും ഇന്നും തുടര്‍ന്നു. തഹസില്‍ദാര്‍ ജയശ്രീ, കൂടത്തായി മുന്‍ വില്ലേജ് ഓഫിസര്‍ കിഷോര്‍ഖാന്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ സുലൈമാന്‍ എന്നിവരുടെ മൊഴിയാണ് കോഴിക്കോട് കലക്ടറേറ്റില്‍ ഇന്ന് രേഖപ്പെടുത്തിയത്.

Next Story

RELATED STORIES

Share it