Kerala

കൂടത്തായി കൊലപാതക പരമ്പര: പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് ജോളിയുള്‍പ്പടെയുള്ള മൂന്നുപ്രതികളെയും താമരശ്ശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശനിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. നാളെ വീണ്ടും പ്രതികളെ കോടതിയില്‍ ഹാജരാക്കും.

കൂടത്തായി കൊലപാതക പരമ്പര: പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
X

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് ജോളിയുള്‍പ്പടെയുള്ള മൂന്നുപ്രതികളെയും താമരശ്ശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശനിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. നാളെ വീണ്ടും പ്രതികളെ കോടതിയില്‍ ഹാജരാക്കും. കേസിലെ മുഖ്യപ്രതി പൊന്നാമറ്റം വീട്ടില്‍ റോയിയുടെ ഭാര്യ ജോളി(47), രണ്ടാംപ്രതി കക്കാവയല്‍ മഞ്ചാടിയില്‍ വീട്ടില്‍ എം എസ് മാത്യു (44), മൂന്നാം പ്രതി താമരശ്ശേരി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാര്‍(48) എന്നിവരുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കോടതി ഒരുദിവസത്തേയ്ക്ക് ഇവരെ റിമാന്‍ഡില്‍ വിട്ടത്.

കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് നാലിനാണ് മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കിയത്. പോലിസിനെക്കുറിച്ച് പരാതികളില്ലെന്ന് പ്രതികള്‍ ഇന്നും കോടതിയെ അറിയിച്ചു. പ്രതികളുമായി സംസാരിക്കാന്‍ അഭിഭാഷകര്‍ക്ക് കോടതി അനുമതി നല്‍കി. എന്നാല്‍, ജോളിയുമായി രഹസ്യമായി സംസാരിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. തുടര്‍ന്ന് സംസാരിക്കാതെ മടങ്ങിയ അഭിഭാഷകര്‍ നാളെ കോടതിയില്‍ പരാതി നല്‍കുമെന്ന് വ്യക്തമാക്കി. റോയ് തോമസിനെ സയനൈഡ് ചേര്‍ത്ത ഭക്ഷണം നല്‍കി കൊലപ്പെടുത്തിയ കേസില്‍ മൂവരുടെയും റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനാല്‍ അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നില്ല.

അതേസമയം, കൂടത്തായി കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ഒന്നാംപ്രതി ജോളി ജോസഫിനെയും മാത്യുവിനെയും സിലിയുടെ കൊലപാതകത്തിലും അറസ്റ്റുചെയ്യാന്‍ കോടതി അനുമതി നല്‍കി. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യയാണ് സിലി. താമരശ്ശേരിയിലെ ഒരു സ്വകാര്യ ദന്താശുപത്രിയില്‍വച്ച് ജോളി സയനൈഡ് പുരട്ടിയ ഗുളിക നല്‍കി സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. വടകര തീരദേശ പോലിസ് സ്‌റ്റേഷന്‍ സിഐ ബി കെ സിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് സിലി വധക്കേസ് അന്വേഷിക്കുന്നത്. റോയ് വധക്കേസ് പ്രതികളായ ജോളി, എം എസ് മാത്യു എന്നിവരാണ് സിലി വധക്കേസിലും ഒന്നും രണ്ടും പ്രതികള്‍. എന്നാല്‍, റോയ് കേസിലെ മൂന്നാം പ്രതി പ്രജികുമാറിനെ സിലി വധക്കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. സിലി വധക്കേസിലും അറസ്റ്റുണ്ടാവുന്നതോടെ കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ അറസ്റ്റായിരിക്കും നടക്കാന്‍ പോവുന്നത്.

Next Story

RELATED STORIES

Share it