Kerala

അയ്യപ്പജ്യോതി: എന്‍എസ്എസ് നിലപാടിനെതിരേ വീണ്ടും കോടിയേരി

ആര്‍എസ്എസിന്റെ വര്‍ഗീയ പരിപാടി വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതിലൂടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി എന്‍എസ്എസിനെ സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടുകയല്ലേ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.

അയ്യപ്പജ്യോതി: എന്‍എസ്എസ് നിലപാടിനെതിരേ വീണ്ടും കോടിയേരി
X

തിരുവനന്തപുരം: ശബരിമല കര്‍മസമിതി നടത്തുന്ന അയ്യപ്പജ്യോതി വിജയിപ്പിക്കണമെന്ന എന്‍എസ്എസ് നിലപാടിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ വര്‍ഗീയ പരിപാടി വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതിലൂടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി എന്‍എസ്എസിനെ സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടുകയല്ലേ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.

എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാന്‍ പോവുന്നില്ലെന്നും എന്‍എസ്എസിനെ ആര്‍എസ്എസ് വിഴുങ്ങില്ലെന്നും സുകുമാരന്‍ നായര്‍ പ്രസ്താവിച്ചതായി കണ്ടു. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ ജനുവരി 1 ന് സര്‍ക്കാര്‍ പിന്തുണയോടെ മതേതര ജനാധിപത്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച വനിതാ മതിലില്‍ ആരും പങ്കെടുക്കരുതെന്നും പങ്കെടുക്കുന്നവര്‍ എന്‍എസ്എസില്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതേയവസരത്തില്‍ ഡിസംബര്‍ 26ന് ആര്‍എസ്എസ് ആഭിമുഖ്യത്തിലുള്ള ശബരിമല കര്‍മ്മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ ആഹ്വാനം നല്‍കുകയും ചെയ്തു.

അയ്യപ്പജ്യോതി വിജയിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. ആര്‍എസ്എസിന്റെ ഭാഗമായുള്ള ഒരു സംഘപരിവാര്‍ സംഘടനയാണ് ശബരിമല കര്‍മ്മ സമിതി. ആര്‍എസ്എസ്് അഭിമുഖ്യത്തിലുള്ള 50 ലേറെ സംഘടനകളാണ് ഈ കര്‍മ്മ സമിതിയില്‍. അതുകൊണ്ടു തന്നെ അയ്യപ്പജ്യോതി പരിപാടി ആര്‍എസ്എസിന്റേതാണെന്ന് പകല്‍ പോലെ വ്യക്തം. അതുകൊണ്ടാണ് ഇതില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസും മറ്റും നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷേ, എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയാകട്ടെ ഇത് വിജയിപ്പിക്കാന്‍ ആഹ്വാനം മുഴക്കുകയും ചെയ്തിരിക്കുന്നു. എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാനല്ലാതെ എന്തിനാണ് ഇത് സഹായിക്കുകയെന്ന് പരിശോധിക്കണം.

എന്‍എസ്എസ് ഒരിക്കലും വര്‍ഗീയ സംഘടനയുടെ ഭാഗമാകാന്‍ പാടില്ലെന്ന കാഴ്ചപ്പാടാണ് സമൂഹത്തിലെ വലിയൊരു വിഭാഗത്തിനുള്ളത്. അവരുടെ വികാരവിചാരമാണ് ഞാന്‍ പ്രകടിപ്പിച്ചത്. കേരളത്തില്‍ മതനിരപേക്ഷ നവോത്ഥാന സമൂഹം പടുത്തുയര്‍ത്തുന്നതിന് എന്‍എസ്എസ് വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ മന്നത്ത് പത്മനാഭന്റെ സേവനം മഹത്തരവുമാണ്. ആ പാരമ്പര്യം ഇന്നത്തെ എന്‍എസ്എസ് നേതൃത്വം ഉയര്‍ത്തിപ്പിടിക്കണം. മന്നത്തിന്റെ പൊതുജീവിതത്തില്‍ 1958-59 കാലയളവില്‍ വിമോചനസമരത്തില്‍ പങ്കാളിയായി നേതൃത്വം കൊടുത്തൂവെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ, ഈ ചെറിയ കാലയളവിലൊഴികെ പൊതുവില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോവുകയാണ് മന്നം ചെയ്തത്. 1959 ലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ വിമോചന സമരത്തിന്റെ രാഷ്ട്രീയത്തിലേക്ക് എന്‍എസ്എസിനെ കൊണ്ടെത്തിക്കാനുള്ള നീക്കം വിപത്കരമാണെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it