Latest News

സംസ്ഥാനത്ത് ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ നല്‍കിവരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിനു പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിനു പകരമായി എക്കാലത്തും ഉപയോഗിക്കാവുന്നതും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് സാമൂഹിക ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയുംവിധത്തിലുള്ള നിയമ പിന്‍ബലത്തോടുകൂടിയ ആധികാരിക രേഖയായാണ് കാര്‍ഡ് നല്‍കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ജീവിക്കുന്നയാളെന്ന് തെളിയിക്കാനാണ് കാര്‍ഡ് നല്‍കുന്നതെന്നും പൗരത്വ ആശങ്കകള്‍ക്ക് ഒരു പരിധിവരെ പ്രതിരോധമാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. കാര്‍ഡിന് എസ്‌ഐആറുമായി ബന്ധമില്ലെന്നും ഭീതി ഒഴിവാക്കാനാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഡ് നല്‍കാനുള്ള അധികാരം തഹസില്‍ദാര്‍മാര്‍ക്കാണ്.

ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീര്‍ഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്. എന്നാല്‍, അത് നിയമ പ്രാബല്യമുള്ള രേഖയല്ല. നിലവില്‍ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്നു. ഈ വിഷയം പരാതിയായി സര്‍ക്കാരിനു മുന്നിലുണ്ട്. ജനങ്ങളുടെ നിരന്തരമായ അഭ്യര്‍ഥനയും ഇക്കാര്യത്തില്‍ വന്നിട്ടുണ്ട്. കാര്‍ഡ് വരുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. നേറ്റിവിറ്റി കാര്‍ഡിന് നിയമ പ്രാബല്യം നല്‍കുന്നതിനുള്ള നിയമത്തിന്റെ കരട് നിയമ വകുപ്പുമായി കൂടിയാലോചിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുവാന്‍ റവന്യു വകുപ്പിനെ ചുമലതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഗുണഭോക്തൃ തിരിച്ചറിയല്‍ രേഖയായി കാര്‍ഡിനെ ഉപയോഗപ്പെടുത്താനാകും. തഹസില്‍ദാര്‍മാര്‍ക്കായിരിക്കും കാര്‍ഡിന്റെ വിതരണച്ചുമതല. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥ ആശങ്കാജനകമാണ്. ഒരാള്‍, താന്‍ ഈ നാട്ടില്‍ ജനിച്ചു ജീവിക്കുന്നയാളാണെന്നോ സ്ഥിരതാമസക്കാരനാണെന്നോ ആരുടെ മുന്നിലും അനായാസം തെളിയിക്കാന്‍ പ്രാപ്തനാകണം. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരരുത്. അതിനായി ആധികാരികവും നിയമ പിന്‍ബലമുള്ളതുമായ രേഖ ആ വ്യക്തിയുടെ കൈവശമുണ്ടാകണം. അത്തരമൊരു രേഖ കേരളത്തില്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, എസ്‌ഐആറിലെ ആശങ്ക പരിഹരിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ വില്ലേജ് ഓഫീസിലും രണ്ട് ഉദ്യോഗസ്ഥര്‍ വീതം എസ്‌ഐആറില്‍ ജനങ്ങളെ സഹായിക്കും. വോളന്റിയര്‍മാരെയും ഉപയോഗിക്കും. എസ്‌ഐആര്‍ ജനാധിപത്യത്തിന്റെ ഉത്തമ താല്‍പര്യം സംരക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it