Kerala

നാല് ദിവസമായി കൊച്ചി മെട്രോ തൂണിന് മുകളില്‍ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ ഒടുവില്‍ അഗ്നി ശമന സേന സാഹസികമായി രക്ഷപെടുത്തി

മനുഷ്യനായാലും മൃഗമായാലും ജീവനുകള്‍ക്ക് എല്ലാം ഒരേ വിലയാണെന്ന് സന്ദേശം പകരുന്നതു കൂടിയായിരുന്നു പൂച്ചക്കുട്ടിയെ രക്ഷപെടുത്തല്‍.മെട്രോ തൂണിനും ഗര്‍ഡറിനുമിടയിലുള്ള ഭാഗത്ത് അകപ്പെട്ട പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ അഗ്നിശമന സേനയും കൊച്ചിമെട്രോ അധികൃതരുടെയുമൊപ്പം മൃഗസ്‌നേഹികളുടെയും കൂട്ടായ പരിശ്രമത്തിനാണ് കൊച്ചി നഗരം സാക്ഷ്യംവഹിച്ചത്

നാല് ദിവസമായി  കൊച്ചി മെട്രോ തൂണിന് മുകളില്‍ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ ഒടുവില്‍ അഗ്നി ശമന സേന സാഹസികമായി രക്ഷപെടുത്തി
X

കൊച്ചി: നാല് ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ കൊച്ചി മെട്രോ തൂണിന് മുകളില്‍ കുടുങ്ങിപോയ പൂച്ചക്കുഞ്ഞിന് ഒടുവില്‍ കൊച്ചി മെട്രോ അധികൃതരുടെയും സുമനസുകളുടെയും കനിവില്‍ രക്ഷ.മനുഷ്യനായാലും മൃഗമായാലും ജീവനുകള്‍ക്ക് എല്ലാം ഒരേ വിലയാണെന്ന് സന്ദേശം പകരുന്നതു കൂടിയായിരുന്നു പൂച്ചക്കുട്ടിയെ രക്ഷപെടുത്തല്‍.മെട്രോ തൂണിനും ഗര്‍ഡറിനുമിടയിലുള്ള ഭാഗത്ത് അകപ്പെട്ട പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ അഗ്നിശമന സേനയും കൊച്ചിമെട്രോ അധികൃതരുടെയുമൊപ്പം മൃഗസ്‌നേഹികളുടെയും കൂട്ടായ പരിശ്രമത്തിനാണ് കൊച്ചി നഗരം സാക്ഷ്യംവഹിച്ചത്. പൂച്ചക്കുട്ടി കുടുങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടമെട്രോ അധികൃതര്‍ ഇന്നലെ തന്നെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ഫയര്‍ഫോഴ്‌സും മെട്രോ ഉദ്യോഗസ്ഥരും മൃഗസംരക്ഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.


സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൊച്ചി മെട്രോയുടെ മാന്‍ ലിഫ്റ്റര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ മുകളിലേക്ക് കയറി പൂച്ചക്കുട്ടിയെ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പൂച്ചക്കുഞ്ഞ് അവരില്‍ നിന്നും അകന്ന് വശങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ശ്രമം തുടര്‍ന്നപ്പോള്‍ ഗര്‍ഡറിന് നടുവിലെ ഇടുങ്ങിയ ഭാഗത്തേക്ക് കയറിപോയി. ഇതിനുള്ളില്‍ നിന്ന് പൂച്ചയെ പിടികൂടുകയെന്നത് അസാധ്യമായിരുന്നു. പൂച്ചക്കുട്ടിയെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നത് കാണാന്‍ വന്‍ ജനാവലിയും തടിച്ചു കൂടിയതോടെ വൈറ്റിലയില്‍ നിന്നും എം ജി റോഡിലേക്കുള്ള പ്രധാന വഴിയായ എസ് എ റോഡില്‍ വലിയ ഗതാഗതക്കുരുക്കും രൂപപ്പെട്ടിരുന്നു.രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പൂച്ചക്കുഞ്ഞ് താഴേക്ക് വീണാല്‍ രക്ഷിക്കുന്നതിന് വലയും മറ്റ് സജ്ജീകരണങ്ങളുമായി അഗ്നി ശമന സേനയും ഉദ്യോഗസ്ഥര്‍ക്കൊപ്പം നാട്ടുകാരും മൃഗസ്‌നേഹികളും നിലയുറപ്പിച്ചു.


ഇതിനിടെ പൂച്ച മെട്രോ ട്രാക്കിലേക്ക് കയറിയോ എന്ന് സംശയവുമുണ്ടായി. ഇതോടെ ട്രാക്കിലെ വൈദ്യുതി ബന്ധം വിചേദിച്ച് മെട്രോ സര്‍വീസ് നിര്‍ത്തി ശ്രമം തുടരാന്‍ ആലോചിച്ചെങ്കിലും ഇതിനിടെ പൂച്ച ഗര്‍ഡറിനിടയില്‍ തന്നെയുണ്ടെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് പൂച്ചയിരിക്കുന്ന ഭാഗത്തേക്ക് ക്രെയിന്‍ വഴി ആളെ കയറ്റി. ഈ സമയം ഗര്‍ഡറിന്റെ ഒരുവശത്തേക്ക് ചാടിക്കയറിയ പൂച്ചക്കുഞ്ഞിനെ കമ്പ് ഉപയോഗിച്ച് തള്ളി താഴേക്കിടുകയായിരുന്നു. താഴെ പിടിച്ചിരുന്ന വലയിലേക്ക് കൃത്യം പൂച്ച വീഴുകയും ചെയ്തു. ഉടന്‍ മൃഗാശുപത്രിയിലെത്തിച്ച് ആവശ്യമായ ചികില്‍സയും നല്‍കി. ആവശ്യമായ സംരക്ഷണം നല്‍കിയ ശേഷം ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളവരുണ്ടെങ്കില്‍ കൈമാറുമെന്ന് മൃഗസംരക്ഷണ അധികൃതര്‍ അറിയിച്ചു. പൂച്ചക്കുഞ്ഞിനെ ഏറ്റെടുക്കാന്‍ താല്‍പര്യപ്പെട്ട് നിരവധി പേരാണ് കൊച്ചി മെട്രോ അധികൃതരെ സമീപിക്കുന്നത്.

Next Story

RELATED STORIES

Share it