Kerala

ഏപ്രിലിലെ ശമ്പള, പെൻഷൻ വിതരണത്തിന് കേരളം വീണ്ടും കടമെടുക്കും

ഏപ്രിൽ ആദ്യം കടമെടുത്ത ആറായിരം കോടി മുഴുവൻ തീർന്നു. ഇനി കൈയിലുള്ളത് മാർച്ചിലെ കേന്ദ്ര നികുതി വിഹിതമായ 8000 കോടി മാത്രം. തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യമേഖലയ്ക്കും വീതിച്ച് കഴിയുന്നതോടെ മാസാവസാനം സംസ്ഥാന ഖജനാവ് കാലിയാകും.

ഏപ്രിലിലെ ശമ്പള, പെൻഷൻ വിതരണത്തിന് കേരളം വീണ്ടും കടമെടുക്കും
X

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ വരുമാനമാർഗങ്ങൾ അടഞ്ഞതോടെ ഏപ്രിലിലെ ശമ്പള, പെൻഷൻ വിതരണത്തിന് അടുത്തയാഴ്ച കേരളം വീണ്ടും കടമെടുക്കും. ഏപ്രിൽ ആദ്യം കടമെടുത്ത ആറായിരം കോടി മുഴുവൻ തീർന്നു. ഇനി കൈയിലുള്ളത് മാർച്ചിലെ കേന്ദ്ര നികുതി വിഹിതമായ 8000 കോടി മാത്രം. തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യമേഖലയ്ക്കും വീതിച്ച് കഴിയുന്നതോടെ മാസാവസാനം സംസ്ഥാന ഖജനാവ് കാലിയാകും. 3,000 കോടി രൂപയെങ്കിലും കടമെടുക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ല. ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിക്കുന്നതിലൂടെ ഒരു മാസത്തെ നേട്ടം 350 കോടി രൂപ മാത്രമാണ്. എത്ര കോടി കടമെടുക്കണം എന്നതിൽ പോലും അനിശ്ചിതത്വമുണ്ട്.

ശമ്പളത്തിനും പെൻഷനുമായി 3500 കോടി വേണമെന്നിരിക്കെ 3000 കോടി കുറഞ്ഞത് കടമെടുക്കണം. മറ്റ് ചെലവുകൾ വേറെയും. അഞ്ച് മാസം കൊണ്ട് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കാനുള്ള മന്ത്രിസഭാ തീരുമാനം നേരിയ ആശ്വാസം മാത്രമാണ് സർക്കാരിന് നൽകുക. മാസം 350 കോടി വച്ച് 1800 കോടിയോളം എത്തുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ. ഇത് താൽക്കാലികാശ്വാസം ആണെങ്കിലും ജീവനക്കാർക്ക് തിരികെ നൽകേണ്ട ഈ തുകയും കടമായി നിൽക്കും. അത്യാവശ്യഘട്ടത്തിൽ റിസർവ് ബാങ്കിൽ നിന്ന് 2100കോടി വരെ കുറഞ്ഞ പലിശയ്ക്ക് വായ്പയെടുക്കാൻ അവസരമുണ്ടെങ്കിലും മൂന്നാഴ്ചക്കുള്ളിൽ തിരിച്ചടക്കണമെന്ന വ്യവസ്ഥ കേരളത്തെ പിന്നോട്ടടിക്കുന്നു.

Next Story

RELATED STORIES

Share it