Kerala

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കി; തീരുമാനം സിന്‍ഡിക്കേറ്റ് യോഗത്തില്‍

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കി; തീരുമാനം സിന്‍ഡിക്കേറ്റ് യോഗത്തില്‍
X

കൊച്ചി: ഭാരതാംബ വിഷയത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി. ഇന്ന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. സിന്‍ഡിക്കേറ്റിന്റെ അധികാര പരിധി ഉപയോഗിച്ച് വി സിയുടെ വിയോജിപ്പ് തള്ളിക്കൊണ്ടാണ് തീരുമാനം. രജിസ്ട്രാറുടെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും താല്‍ക്കാലിക വി സിയായ സിസ തോമസ് തയ്യാറായിരുന്നില്ല. എന്നാല്‍ വി സിയും സിന്‍ഡിക്കേറ്റിന്റെ ഭാഗമാണെന്ന നിലയില്‍ വോട്ട് ചെയ്താണ് സസ്പെന്‍ഷന്‍ റദ്ദാക്കിയിരിക്കുന്നത്. ഇടത് അംഗങ്ങളുടെയും കോണ്‍ഗ്രസ് അംഗങ്ങളുടെയും വന്‍ ഭൂരിപക്ഷ വോട്ടുകളോടെയാണ് സസ്പെന്‍ഷന്‍ നടപടി റദ്ദാക്കിയത്.

ഇതുമായി ബന്ധപ്പെട്ട പ്രമേയം ഇടത് അംഗങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യ ഘട്ടത്തില്‍ അത് അവതരിപ്പിക്കാന്‍ വി സി അനുവദിച്ചിരുന്നില്ല. അവസാനം വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രമേയം അവതരിപ്പിക്കാന്‍ അനുവദിച്ചത്.

വിസി മോഹനന്‍ കുന്നുമ്മലാണ് രജിസ്ട്രാര്‍ അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. നിലവില്‍ മോഹനന്‍ കുന്നുമ്മല്‍ വിദേശ സന്ദര്‍ശനത്തിലാണ്. പകരം ചുമതല വഹിക്കുന്നത് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വി സി സിസ തോമസാണ്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നടപടി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിനെ വിയോജിച്ച് കുറിപ്പ് നല്‍കിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ച് സിസ തോമസിന് പ്രത്യേക സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കാം. വിസി ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കും.

സസ്‌പെന്‍ഷന്‍ കോടതിയുടെ പരിഗണനയിലാണെന്നും യോഗം അവസാനിപ്പിച്ചതായും വി സി പറഞ്ഞു. സസ്പെന്‍ഷന്‍ നടപടി അന്വേഷിക്കാന്‍ ഡോ. ഷിജുഖാന്‍, അഡ്വ.ജി.മുരളീധരന്‍, ഡോ.നസീബ് എന്നിവരെ ചുമതലപ്പെടുത്തി. ഇത് കോടതിയെ അറിയിക്കാന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.




Next Story

RELATED STORIES

Share it