Kerala

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍

കാലാനുസൃതമായ മാറ്റങ്ങളാണ് ഇന്നത്തെ വിദ്യാഭ്യാസ രംഗത്തിന് അനിവാര്യം. ഇത് ഉള്‍ക്കൊണ്ടാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍
X

ആലപ്പുഴ : സംസ്ഥാനത്തെ എല്ലാ പൊതു വിദ്യാലയങ്ങളെയും രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തിന്റെ പല കോണുകളിലുമുള്ള ഉന്നത നിലവാരമുള്ള സ്‌കൂളുകളോട് കിടപിടിക്കുന്ന തരത്തില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളെ പ്രാപ്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ കെട്ടിടങ്ങള്‍, ഹയര്‍ സെക്കന്ററി ലാബുകള്‍, ഹയര്‍ സെക്കന്ററി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനവും നിര്‍മ്മാണം ആരംഭിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ കര്‍മ്മത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് വിദ്യാഭ്യാസ രംഗത്ത് നാം നേടിയത് അദ്ഭുതകരമായ നേട്ടങ്ങളാണ്. കാലാനുസൃതമായ മാറ്റങ്ങളാണ് ഇന്നത്തെ വിദ്യാഭ്യാസ രംഗത്തിന് അനിവാര്യം. ഇത് ഉള്‍ക്കൊണ്ടാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വിദ്യാഭ്യാസ രംഗം കാലാ കാലങ്ങളായി മികവോടെ തന്നെയാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ പലപ്പോഴും സ്‌കൂള്‍ കെട്ടിടങ്ങളുടെ ജീര്‍ണ്ണത, ശുചിമുറി സൗകര്യങ്ങളുടെ പോരായ്മ, ഇരിപ്പിടങ്ങള്‍ അടക്കമുള്ള ഭൗതിക സാഹചര്യങ്ങളുടെ നിലവാരം എന്നിവ ഉന്നത നിലവാരത്തിലേക്ക് എത്തിയിരുന്നില്ല. ഇതിനാണ് കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും മാറ്റം വരുത്താന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഗുണം സാധാരണക്കാരായ ജന സമൂഹത്തിനാണ് ലഭിക്കുക. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം അക്കാദമിക്ക് നിലവാരവും ഉയര്‍ത്താനുള്ള നടപടികളും നടന്നു വരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി 4000 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിലൂടെ നാം കൈവരിച്ച നേട്ടങ്ങളെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കണം. വിദ്യാഭ്യാസ രംഗത്ത് കേരളം എന്നുമൊരു ചാലക ശക്തിയാണ്. ശ്രീ നാരായണ ഗുരു അടക്കമുള്ളവര്‍ പങ്കുവെച്ച ആശയങ്ങള്‍ നമ്മുടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്കുള്ള പ്രാധാന്യം സമൂഹത്തിനിടയില്‍ വര്‍ധിപ്പിച്ചു. ഉന്നത പുരോഗതിയില്‍ നിന്നും ഇനിയും മുന്നോട്ട് കുതിച്ചുകൊണ്ട് വൈജ്ഞാനിക സമൂഹത്തിലേക്കുള്ള ചുവട് വെയ്പാണ് നമുക്ക് വേണ്ടത്.

പ്രളയവും, കൊവിഡും അടക്കമുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്ത വിദ്യാഭ്യാസ മേഖലയാണ് നമ്മുടേത്. കൊവിഡ് കാലത്തും വിമര്‍ശനങ്ങളെ കാര്യമാക്കാതെ നടത്തിയ പരീക്ഷകളും ഫലപ്രഖ്യാപനവും ഇതിന് ഉദാഹരണമാണ്. ഇതിന്റെ വെളിച്ചത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും കുട്ടികളെ സ്‌കൂളുകളിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. അനുകൂല സാഹചര്യമുണ്ടായാല്‍ ഉടന്‍ തന്നെ സ്‌കൂളുകള്‍ തുറന്നുള്ള അദ്ധ്യയനം സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ മാസക്കാലമായി കുട്ടികള്‍ വീടുകളില്‍ തന്നെയാണ്. ഇത് കുട്ടികളുടെ ശീലങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കുണ്ടായ പഠന വിടവ് നികത്താന്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള പരിപാടികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍, വ്യവസായ മന്ത്രി പി രാജീവ്, ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് സെക്രട്ടറി വി പി ജോയ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു.

Next Story

RELATED STORIES

Share it