Kerala

അധികാരത്തില്‍ വന്നത് കാലിയായ ഖജനാവുമായി; വിട്ടൊഴിയുന്നത് 5,000 കോടിയുടെ മിച്ചവുമായി: മന്ത്രി തോമസ് ഐസക്

അധികാരത്തില്‍ വന്നത് കാലിയായ ഖജനാവുമായി; വിട്ടൊഴിയുന്നത് 5,000 കോടിയുടെ മിച്ചവുമായി: മന്ത്രി തോമസ് ഐസക്
X

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് കാലിയായ ഖജനാവുമായാണെങ്കില്‍ അധികാരം വിട്ടൊഴിയുന്നത് കുറഞ്ഞത് അയ്യായിരം കോടി രൂപയുടെ ട്രഷറി മിച്ചവുമായാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്‌മെന്റിലൂടെ എല്ലാ പേയ്‌മെന്റുകളും കൊടുത്താണ് ഈ വര്‍ഷം അവസാനിക്കുന്നത്. എല്ലാം നല്‍കി കഴിഞ്ഞ ശേഷവും അയ്യായിരം കോടി രൂപയെങ്കിലും ട്രഷറി മിച്ചമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഈ വര്‍ഷം എടുക്കാമായിരുന്നു രണ്ടായിരം കോടി രൂപയിലധികം കടമെടുക്കാതെ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചതുള്‍പ്പെടെയാണിത്. ഇത് അടുത്ത സാമ്പത്തിക വര്‍ഷത്തെ ധന മാനേജ്‌മെന്റ് സുഗമമാക്കുമെന്നുറപ്പാണെന്ന് ധനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അവസാന പത്തുദിവസങ്ങളില്‍ റെക്കോര്‍ഡ് പേയ്‌മെന്റുകളാണ് ട്രഷറി നടത്തിയത്. 375171 ബില്ലുകളിലായി 23202 കോടി രൂപയാണ് ട്രഷറി മാറി നല്‍കിയത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടിയാണ്. അവസാന മൂന്നു ദിവസങ്ങളില്‍ മാത്രം ഏകദേശം അയ്യായിരം കോടി രൂപയാണ് ട്രഷറിയില്‍നിന്ന് വിതരണം ചെയ്തത്. ട്രഷറി അക്കൗണ്ടില്‍ ചെലവാക്കാതെ വകുപ്പുകള്‍ ഇട്ടിരുന്ന തുക തിരിച്ചെടുത്തതിനെ മനോരമ വിമര്‍ശിച്ചത് കണ്ടു.

ട്രഷറിയില്‍ കാശില്ലാത്തതുകൊണ്ടല്ല അങ്ങനെ ചെയ്യേണ്ടിവന്നത്. അവസാന ദിവസം കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ചെയ്തതുപോലെ വകുപ്പുകള്‍ പല കാരണങ്ങളാല്‍ മാര്‍ച്ച് 31 നകം ചിലവഴിക്കാന്‍ കഴിയാതെ ട്രഷറി അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന ഏഴായിരം കോടി രൂപ തിരിച്ചെടുത്തിട്ടുണ്ട്. ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ അടുത്ത വര്‍ഷത്തെ കടമെടുപ്പില്‍നിന്ന് അത്രയും തുക കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുമായിരുന്നു. ഇങ്ങനെ തിരിച്ചെടുത്ത തുക കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്തതുപോലെ ഏപ്രിലില്‍തന്നെ ബന്ധപ്പെട്ട വകുപ്പുകളുടെ അക്കൗണ്ടില്‍ തിരിച്ചുനല്‍കും.

ട്രഷറി മിച്ചത്തിലെ അയ്യായിരം കോടി ഇതിന് പുറമെയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇനി ശ്രദ്ധചെലുത്തുന്നത് വരുന്ന മൂന്നു ദിവസത്തിനുള്ളില്‍ പരിഷ്‌കരിച്ച ശമ്പളവും പെന്‍ഷനും നല്‍കാനുള്ള നടപടികളാണ്. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആദ്യ ദിവസങ്ങളിലെ ബാങ്ക് അവധി പരിഗണിച്ച് പെന്‍ഷന്‍കാര്‍ക്ക് വിതരണം നടത്താനുള്ള തുക സൂക്ഷിക്കുന്നതിനായി ട്രഷറികള്‍ക്കു ഉത്തരവ് നല്‍കിക്കഴിഞ്ഞു. പ്രശ്ങ്ങള്‍ ഒന്നും തന്നെയില്ലാതെ ശമ്പള പെന്‍ഷന്‍ വിതരണം മൂന്നു ദിവസത്തിനുള്ളില്‍ പൂത്തിയാക്കുമെന്നുറപ്പാണെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it