Kerala

കേരള കോണ്‍ഗ്രസ് ബഹുജനപിന്തുണയുള്ള പാര്‍ട്ടി; ജോസ് വിഭാഗത്തെ ഉന്നമിട്ട് കോടിയേരി

പുന്നപ്ര- വയലാര്‍ സമരനായകനായ പി കെ ചന്ദ്രാനന്ദനെ അനുസ്മരിച്ച് 'രാജ്യസ്‌നേഹിയായ പി കെ സി എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് കോടിയേരി ജോസ് വിഭാഗത്തിന് എല്‍ഡിഎഫിലേക്ക് വഴിതുറന്നിട്ടിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് ബഹുജനപിന്തുണയുള്ള പാര്‍ട്ടി; ജോസ് വിഭാഗത്തെ ഉന്നമിട്ട് കോടിയേരി
X

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ല്‍ പി ജെ ജോസഫ് വിഭാഗവുമായുള്ള പോരിനൊടുവില്‍ ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍നിന്ന് പുറത്താക്കിയത് മുതലെടുക്കാനൊരുങ്ങി എല്‍ഡിഎഫ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ ജോസ് വിഭാഗത്തെ എല്‍ഡിഎഫിലെത്തിച്ച് നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേരള കോണ്‍ഗ്രസിനെ പുകഴ്ത്തിയുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം.

പുന്നപ്ര- വയലാര്‍ സമരനായകനായ പി കെ ചന്ദ്രാനന്ദനെ അനുസ്മരിച്ച് 'രാജ്യസ്‌നേഹിയായ പി കെ സി എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് കോടിയേരി ജോസ് വിഭാഗത്തിന് എല്‍ഡിഎഫിലേക്ക് വഴിതുറന്നിട്ടിരിക്കുന്നത്. യുഡിഎഫില്‍ ബഹുജനപിന്തുണയുള്ള പാര്‍ട്ടികളിലൊന്നാണ് കേരള കോണ്‍ഗ്രസെന്ന് കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കുന്നു. കേരള കോണ്‍ഗ്രസില്ലാത്ത യുഡിഎഫ് കൂടുതല്‍ ദുര്‍ബലമാവും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലുണ്ടായിരുന്ന എല്‍ജെഡി യുഡിഎഫ് വിട്ട് ഇപ്പോള്‍ എല്‍ഡിഎഫിലാണ് പ്രവര്‍ത്തിക്കുന്നത്.

രാഷ്ട്രീയരംഗത്തുവരുന്ന ഈ മാറ്റങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ എന്നിവരുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ ബഹുജനപിന്തുണ നേടി മുന്നോട്ടുപോവുകയാണ്. ആസന്നമായ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഈ മുന്നേറ്റം പ്രതിഫലിക്കും.

പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടുന്ന ഈ ഘട്ടത്തില്‍ പി കെ സിയുടെ സ്മരണ നമുക്ക് ആവേശം പകരുന്നതാണെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി. കെ എം മാണി ജീവിച്ചിരിക്കുമ്പോള്‍തന്നെ കേരള കോണ്‍ഗ്രസ് (എം) നെ ഇടതുപാളയത്തിലെത്തിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കരുക്കള്‍ നീക്കിയിരുന്നു. എന്നാല്‍, സിപിഐയുടെ കടുത്ത എതിര്‍പ്പ് കെ എം മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന് വിലങ്ങുതടിയാവുകയായിരുന്നു.

Next Story

RELATED STORIES

Share it