Kerala

പാളയം മാറി ജോസ്; കൂട്ടിയും കിഴിച്ചും മുന്നണികള്‍

ആസന്നമായിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പും ആറുമാസത്തിനകം നടക്കാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ജോസിന്റെ മുന്നണി മാറ്റം ഏതുരീതിയില്‍ പ്രതിഫലിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം. മധ്യതിരുവതാംകൂറില്‍ പ്രത്യേകിച്ച് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴയുടേയും എറണാകുളത്തിന്റെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇതിന്റെ ചലനങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വ്യക്തമാവും.

പാളയം മാറി ജോസ്; കൂട്ടിയും കിഴിച്ചും മുന്നണികള്‍
X

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം ചേരിമാറ്റം പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഷ്ട്രീയസമവാക്യങ്ങളിലുണ്ടാവുന്ന വ്യതിയാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍. ആസന്നമായിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പും ആറുമാസത്തിനകം നടക്കാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ജോസിന്റെ മുന്നണി മാറ്റം ഏതുരീതിയില്‍ പ്രതിഫലിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം. മധ്യതിരുവതാംകൂറില്‍ പ്രത്യേകിച്ച് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴയുടേയും എറണാകുളത്തിന്റെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇതിന്റെ ചലനങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വ്യക്തമാവും.

നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ തദ്ദേശതിരഞ്ഞെടുപ്പിലാവും ജോസിന്റെ വരവ് കൂടുതല്‍ ഗുണം ചെയ്യുകയെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. ഇത് മുന്നില്‍കണ്ടാണ് തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പായി ജോസ് പക്ഷത്തെ മുന്നണിയിലെത്തിക്കാന്‍ സിപിഎം ഊര്‍ജിതശ്രമങ്ങള്‍ നടത്തിയത്. മധ്യകേരളത്തില്‍ ജോസിനെ മുന്‍നിര്‍ത്തി കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം കൈയാളാമെന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം. തദ്ദേശതിരഞ്ഞെടുപ്പില്‍ കരുത്തുകാട്ടിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസിന് വിലപേശലിന് കൂടുതല്‍ അവസരം ലഭിക്കും.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റുവിഭജനത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫില്‍ രൂക്ഷമായ തര്‍ക്കങ്ങളുയരുമെന്ന കാര്യം ഉറപ്പാണ്. ജോസിന്റെ വരവോടെ ചില സീറ്റുകളിലുണ്ടാവുന്ന മാറ്റങ്ങളാണ് മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിട്ടുള്ളത്. കെ എം മാണിയുടെ തട്ടകമായിരുന്ന പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയതും കാഞ്ഞിരപ്പള്ളി സീറ്റിലുള്ള സിപിഐയുടെ അവകാശവാദവുമാണ് എല്‍ഡിഎഫിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ജോസ് പക്ഷത്തിന്റെ വരവോടെ കാലങ്ങളായി മല്‍സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് പോവുന്നതാണ് സിപിഐയുടെ പ്രധാന എതിര്‍പ്പിന് കാരണം.

പ്രത്യേകിച്ച് കാനത്തിന്റെ ജന്‍മനാട് ഉള്‍പ്പെടുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. ജയരാജിന്റെ കാഞ്ഞിരപ്പള്ളിയും റോഷിയുടെ ഇടുക്കിയും എല്‍ഡിഎഫ് ഈ മുന്നണിമാറ്റത്തോടെ പിടിച്ചെടുക്കാമെന്ന് കരുതുന്നു. തിരുവല്ലയും ഏറ്റുമാനൂരും ഒന്നുകൂടി ഉറപ്പിക്കാമെന്ന് എല്‍ഡിഎഫ് ഉന്നമിടുന്നു. പി സി ജോര്‍ജിന്റെ എന്‍ഡിഎ ബാന്ധവം വഴിപിരിഞ്ഞ സാഹചര്യത്തില്‍ പൂഞ്ഞാര്‍ പിടിച്ചെടുക്കാനുള്ള എല്‍ഡിഎഫ് നീക്കങ്ങള്‍ക്ക് ജോസിന്റെ വരവ് ആക്കംകൂട്ടുമെന്ന് ഇടതുമുന്നണി വിലയിരുത്തുന്നു. സി എഫ് തോമസിന്റെ അഭാവത്തില്‍ ചങ്ങനാശ്ശേരി പിടിച്ചെടുക്കാനും സിപിഎം ലക്ഷ്യമിടുന്നു. യുഡിഎഫിന്റെ ഉറച്ചകോട്ടയായ കടുത്തുരുത്തിയിലും വിള്ളല്‍ വീഴ്ത്താമെന്നാണ് കരുതുന്നത്. തുടര്‍ഭരണമെന്ന എല്‍ഡിഎഫ് സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ ജോസിനും കൂട്ടര്‍ക്കും പരമാവധി വിട്ടുവീഴ്ച ചെയ്തുകൊടുക്കാനാവും സിപിഎം ശ്രമിക്കുക.

മധ്യതിരുവതാംകൂറില്‍, പ്രത്യേകിച്ച് ക്രൈസ്തവസമൂഹത്തില്‍ സ്വാധീനം മെച്ചപ്പെടുത്താനും പ്രബലമായ കേരള കോണ്‍ഗ്രസിന്റെ വരവ് മുതല്‍കൂട്ടാവുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. അതേസമയം, ജോസിന്റെ രാഷ്ട്രീയനീക്കങ്ങള്‍ക്ക് പി ജെ ജോസഫിന്റെ കരുനീക്കങ്ങള്‍ വെല്ലുവിളി സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. ജോസഫിനെ പിണക്കിയ ജോസിന് പാലായില്‍ കനത്ത തിരിച്ചടി നേരിട്ടതിന്റെ അനുഭവപാഠമുള്ളതാണ് എല്‍ഡിഎഫിനെയും ആശയക്കുഴപ്പത്തിലാക്കുന്നത്. കോട്ടയം ജില്ലയില്‍ കൂടുതല്‍ സീറ്റില്‍ മല്‍സരിക്കാന്‍ കഴിയുന്നത് നേട്ടമാവുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിട്ടും ജില്ലയിലെ അഞ്ചുസീറ്റില്‍ കേരള കോണ്‍ഗ്രസാണ് മല്‍സരിച്ചുവന്നത്.

തൊടുപുഴ, കടുത്തുരുത്തി, കോതമംഗലം, കുട്ടനാട് സീറ്റുകള്‍ക്ക് പുറമെ ചാലക്കുടിയും ഇടുക്കിയും ജോസഫിന് യുഡിഎഫ് നല്‍കിയേക്കും. പാലായില്‍ ഇടഞ്ഞുനില്‍ക്കുന്ന മാണി സി കാപ്പനെ യുഡിഎഫിലെത്തിക്കാനായില്ലെങ്കില്‍ പാലാ അല്ലെങ്കില്‍ ചങ്ങനാശ്ശേരി സീറ്റും ജോസഫ് ഗ്രൂപ്പിന് നല്‍കിയേക്കും. കോട്ടയം ലോക്‌സഭാ സീറ്റിനെ ചൊല്ലി ഒരുവര്‍ഷം മുമ്പ് തുടങ്ങിയ കലഹമാണ് ഇപ്പോള്‍ ജോസ് കെ മാണിയെ ഇടതുപക്ഷത്തെത്തിച്ച രാഷ്ട്രീയതീരുമാനത്തിലേക്ക് നയിച്ചത്. ലോക്‌സഭയിലേക്ക് പി ജെ ജോസഫ് മല്‍സരിക്കാന്‍ ആഗ്രഹിച്ചതും ജോസിന് വഴങ്ങി മാണി അത് വെട്ടി ചാഴികാടനെ നിര്‍ത്തിയത് മുതല്‍ ഭിന്നത കൊടുമ്പിരി കൊണ്ടു. പിന്നാലെ കെ എം മാണിയുടെ വിയോഗം. അതോടെ വര്‍ക്കിങ് ചെയര്‍മാന്റെ വിപ്പുമായി ജോസഫിന്റെ അധികാര വടംവലി. ജോസിന്റെ നേതൃത്വം അംഗീകരിക്കാന്‍ ജോസഫ് പക്ഷവും ജോസഫിന്റെ നേതൃത്വം അംഗീകരിക്കാന്‍ ജോസ് പക്ഷവും തയ്യാറാവാതെ വന്നതോടെ ഒരു പാര്‍ട്ടിയെങ്കിലും രണ്ടുപക്ഷമായി പിരിഞ്ഞ് യുഡിഎഫില്‍നിന്നു.

പാലാ ഉപതിരഞ്ഞെടുപ്പില്‍ ചിഹ്നത്തെച്ചൊലി വീണ്ടും പോര്. രണ്ടിലയില്ലാതെ നിന്ന ജോസ് ടോം പാലായില്‍ വീണു. കോട്ടയത്തിനും പാലായ്ക്കും ശേഷം അടുത്ത തര്‍ക്കവിഷയമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ധാരണയനുസരിച്ച് ഒഴിയണമെന്ന് കോണ്‍ഗ്രസും യുഡിഎഫും ആവശ്യപ്പെട്ടെങ്കിലും ജോസ് വഴങ്ങിയില്ല. ജോസഫിന്റെ ഭീഷണിക്കൊടുവില്‍ ജോസിനെ പുറത്തുനിര്‍ത്താന്‍ യുഡിഎഫ് തീരുമാനം. പേരും ചിഹ്നവും അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തോടെ ജോസ് കെ മാണിപക്ഷം കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന നിലയുണ്ടായി.

കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ജോസിന്റെ മോഹങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി. അതിനിടെയാണ് എല്‍ഡിഎഫ് പാളയത്തിലേക്കുള്ള യാത്ര ജോസ് കെ മാണി വേഗത്തിലാക്കിയത്. ഏറെനാളത്തെ അണിയറചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവിലാണ് യുഡിഎഫുമായി വര്‍ഷങ്ങളായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിച്ച് കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷം എല്‍ഡിഎഫിലേക്ക് പോവുന്നമെന്ന് പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it