Kerala

ജോസ് വിഭാഗത്തെ തിരിച്ചെടുത്താല്‍ മുന്നണി വിടുമെന്ന് പി ജെ ജോസഫ്; യുഡിഎഫിന് വീണ്ടും തലവേദനയായി കേരള കോണ്‍ഗ്രസിലെ തര്‍ക്കം

ജോസ് കെ മാണിക്ക് ചെയര്‍മാനെന്ന് കാണിച്ച് ഒരു കത്ത് പുറപ്പെടുവിക്കാനാവുമോയെന്നാണ് പി ജെ ജോസഫിന്റെ ചോദ്യം. ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി മരവിപ്പിച്ച ഇടുക്കി സബ് കോടതി വിധി ഇപ്പോഴും നിലനില്‍ക്കുകയാണ്. ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് കോടതി അലക്ഷ്യമാണ്.

ജോസ് വിഭാഗത്തെ തിരിച്ചെടുത്താല്‍ മുന്നണി വിടുമെന്ന് പി ജെ ജോസഫ്; യുഡിഎഫിന് വീണ്ടും തലവേദനയായി കേരള കോണ്‍ഗ്രസിലെ തര്‍ക്കം
X

കോട്ടയം: 'രണ്ടില' ചിഹ്നവും പേരും സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ ഉടലെടുത്ത രൂക്ഷമായ തര്‍ക്കം യുഡിഎഫിന് വീണ്ടും തലവേദനയാവുന്നു. കേരള കോണ്‍ഗ്രസ് പേരും രണ്ടില ചിഹ്‌നവും ഉപയോഗിക്കുന്നതിന് ജോസ് പക്ഷത്തിന് അവകാശം നല്‍കുന്നതായിരുന്നു കമ്മീഷന്റെ ഉത്തരവ്. ഇതോടെ ജോസ് പക്ഷത്തോടുള്ള നിലപാട് മയപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്കെതിരേ പി ജെ ജോസഫ് രംഗത്തുവന്നതാണ് പുതിയ പ്രതിസന്ധിയ്ക്ക് കാരണം. ജോസ് വിഭാഗത്തെ മുന്നണിയിലെടുക്കുന്നതിനെതിരേ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ജോസ് കെ മാണിയെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവന്നാല്‍ യുഡിഎഫ് വിടുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ഭീഷണി. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ എന്നിവരെ അറിയിച്ചതായും പി ജെ ജോസഫ് വ്യക്തമാക്കി. ജോസ് കെ മാണിയുമായി യുഡിഎഫില്‍ ഒരുമിച്ചുപോകാനാവില്ല. യുഡിഎഫിനെ വഞ്ചിച്ച വിഭാഗത്തെ ഒപ്പംനിര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നത് ശരിയല്ല. തീരുമാനത്തില്‍ മാറ്റംവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തില്‍നിന്ന് വിട്ടുനിന്ന ജോസ് പക്ഷത്തെ മുന്നണിയില്‍നിന്ന് പുറത്താക്കാന്‍ നിന്നവര്‍ പെട്ടെന്ന് നിലപാട് മാറ്റിയതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്. ജോസ് കെ മാണിക്ക് ചെയര്‍മാനെന്ന് കാണിച്ച് ഒരു കത്ത് പുറപ്പെടുവിക്കാനാവുമോയെന്നാണ് പി ജെ ജോസഫിന്റെ ചോദ്യം. ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി മരവിപ്പിച്ച ഇടുക്കി സബ് കോടതി വിധി ഇപ്പോഴും നിലനില്‍ക്കുകയാണ്. ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് കോടതി അലക്ഷ്യമാണ്. ഈ കോടതി വിധി തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിട്ടില്ലെന്നും നിലവില്‍ പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാന്‍ താന്‍ തന്നെയാണെന്നും പി ജെ ജോസഫ് അവകാശപ്പെട്ടു.

ജോസ് കെ മാണിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാനായി പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം തര്‍ക്കത്തിലേക്ക് കടക്കുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. ചിഹ്നത്തിന്റെ കാര്യം മാത്രമാണ് പറഞ്ഞത്. അതില്‍ റിട്ട് ഹരജി നല്‍കും. ഒപ്പം ജോസ് കെ മാണിക്കെതിരേ കോടതിയലക്ഷ്യ ഹരജിയും നല്‍കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കാര്യങ്ങള്‍ ശരിക്കും പഠിച്ചിട്ടില്ലെന്നും പി ജെ ജോസഫ് കുറ്റപ്പെടുത്തി. ജോസ് കെ മാണിക്ക് യൂഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നാണ് ബെന്നി ബെഹന്നാന്‍ പറഞ്ഞത്. ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വസ്തുനിഷ്ടമല്ല.

കമ്മീഷനിലെ ഒരംഗം വിയോജിപ്പ് രേഖപ്പെടുത്തിയതാണെന്നും ജോസഫ് പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിക്കെതിരേ അടുത്തയാഴ്ച ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജോസഫ് വിഭാഗം. അതേസമയം, ജോസ് പക്ഷവുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പി ജെ ജോസഫിനെ അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രണ്ടില ചിഹ്‌നം ലഭിച്ചത് ജോസ് പക്ഷത്തിന് കൂടുതല്‍ കരുത്തായിരിക്കുകയാണ്. മുന്നണി പ്രവേശം സംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ച ജോസ് പക്ഷം, താഴെത്തട്ടില്‍ പരാമവധി ആളുകളെ ഒപ്പംചേര്‍ക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി.

മുസ്‌ലിം ലീഗ് നേതാക്കള്‍ ജോസ് കെ മാണിയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി. ജോസഫിനൊപ്പം പോയ പരമാവധി ആളുകളെ തിരികെക്കൊണ്ടുവരാനാണ് ശ്രമം. പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ജില്ലാ പ്രസിഡന്റുമാരെ ചുമതലപ്പെടുത്തി. മടങ്ങിവരാന്‍ തയ്യാറാവാത്ത തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കെതിരേ കൂറുമാറ്റനിരോധനനിയമപ്രകാരം നടപടിയെടുക്കാനും നീക്കമുണ്ട്. ജോസ് പക്ഷത്തിന്റ ജില്ലാതല നേതൃയോഗങ്ങള്‍ക്കും തുടക്കമായി.

ജോസഫ് വിഭാഗത്തിനെതിരേ കൂറുമാറ്റ നിരോധനനിയമം അടക്കമുള്ള നടപടികളുമായി ജോസ് പക്ഷം മുന്നോട്ടുപോയാല്‍ യുഡിഎഫും പി ജെ ജോസഫും കൂടുതല്‍ പ്രതിസന്ധിയിലാവും. കേരള കോണ്‍ഗ്രസ് തര്‍ക്കത്തെത്തുടര്‍ന്ന് ബുധനാഴ്ച ചേരാനിരുന്ന യുഡിഎഫ് നേതൃയോഗവും മാറ്റിവച്ചിരുന്നു. 'രണ്ടില' ചിഹ്നത്തില്‍ മല്‍സരിച്ച് ജയിച്ചവര്‍ തിരിച്ചുവരണമെന്നും അല്ലാത്തപക്ഷം അയോഗ്യതയുണ്ടാവുമെന്നും ജോസ് കെ മാണി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് നല്‍കിയ വിപ്പ് ലംഘിച്ച ജോസഫ് വിഭാഗം എംഎല്‍എമാര്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും ജോസ് വിഭാഗം ഒരുങ്ങുന്നുണ്ട്.

Next Story

RELATED STORIES

Share it