Kerala

കേരള ബാങ്ക് പൊതുയോഗം ജനുവരിയില്‍

ബാങ്കിന്റെ നിയമാവലിക്ക് പൊതുയോഗം അംഗീകാരം നല്‍കും. മൂന്നുവര്‍ഷത്തേക്കുള്ള വ്യാപാര (ബിസിനസ്) ലക്ഷ്യവും പൊതുയോഗത്തില്‍ അവതരിപ്പിക്കും.

കേരള ബാങ്ക് പൊതുയോഗം ജനുവരിയില്‍
X

തിരുവനന്തപുരം: കേരള ബാങ്ക് പൊതുയോഗം ജനുവരി മൂന്നാംവാരം തിരുവനന്തപുരത്ത് ചേരും. ബാങ്കിന്റെ നിയമാവലിക്ക് പൊതുയോഗം അംഗീകാരം നല്‍കും. മൂന്നുവര്‍ഷത്തേക്കുള്ള വ്യാപാര (ബിസിനസ്) ലക്ഷ്യവും പൊതുയോഗത്തില്‍ അവതരിപ്പിക്കും.

മൂന്നുവര്‍ഷത്തിനുള്ളില്‍ മൂന്നുലക്ഷം കോടിരൂപ വ്യാപാരശേഷിയുള്ള ബാങ്കായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജില്ല-സംസ്ഥാന സഹകരണ ബാങ്കുകളുടെ ലയനത്തിലൂടെ രൂപീകൃതമായ കേരള ബാങ്കില്‍ 65,000 കോടിയുടെ നിക്ഷേപവും 40,000 കോടിയുടെ വായ്പാ മൂല്യവുമുണ്ട്. പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളുടെ വ്യാപാരമൂല്യവും ചേര്‍ത്താല്‍ ഇത് 2.40 ലക്ഷം കോടിയാകും. എന്നാല്‍, കേരള ബാങ്കിന് മാത്രമായി മൂന്നുലക്ഷം കോടിയുടെ വ്യാപാരമൂല്യം ഉറപ്പാക്കുന്ന വാണിജ്യതന്ത്രമായിരിക്കും നടപ്പാക്കുക. ആദ്യവര്‍ഷം ബാങ്കിങ് നെറ്റ്വര്‍ക്ക് യാഥാര്‍ഥ്യമാകും. രണ്ടാംവര്‍ഷം വ്യാപാരമൂല്യം ഒന്നരലക്ഷം കോടിയായി ഉയര്‍ത്തും.

ഒന്നരലക്ഷം കോടിയാണ് സംസ്ഥാനത്തെ പ്രവാസിനിക്ഷേപം. കേരള ബാങ്കിന് പ്രവാസി നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ലഭിക്കുന്നതോടെ ഇതില്‍ 50,000 കോടിയുടെ നിക്ഷേപമെങ്കിലും സമാഹരിക്കാനാകും. പ്രതിവര്‍ഷം ഒരുലക്ഷം കോടിയിലേറെ രൂപയുടെ ഇടപാടുകളാണ് സംസ്ഥാന സര്‍ക്കാരിന്റേത്. ബിവറേജസ് കോര്‍പറേഷന്‍, സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങീ പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളുടെ അടക്കം ഇടപാടുകളും കൈകാര്യം ചെയ്യും. പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളുടെ ശാഖകളടക്കം കൈകാര്യം ചെയ്യുന്ന നിലയിലേക്ക് ഉയരുന്ന കോര്‍ ബാങ്കിങ് 2021 ജനുവരിയില്‍ സജ്ജമാകും. ഇതോടെ 5000ല്‍പ്പരം ബാങ്കിങ് ഓഫീസ് സൗകര്യമുള്ള (ടച്ച് പോയിന്റ്സ്) ബാങ്കായി മാറും.

ടാഗോര്‍ തിയറ്ററിലാണ് പൊതുയോഗം ചേരുക. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെയും അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും പ്രതിനിധികളായി 1600ല്‍പ്പരം പേര്‍ പങ്കെടുക്കും. ലോഗോ പ്രകാശനവും നടക്കും. അംഗങ്ങളായി പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെയും അര്‍ബന്‍ ബാങ്കുകളെയും നിശ്ചയിക്കുന്നതാണ് നിയമാവലിയിലെ പ്രധാന ഭേദഗതി. ഭരണക്രമം, ഭരണസമിതിയുടെ ഘടന തുടങ്ങിയ സുപ്രധാന കാര്യങ്ങളെല്ലാം നിയമാവലിയിലുണ്ട്. സഹകരണ, ബാങ്കിങ് മേഖലയിലെ വിദഗ്ധരാണ് സംസ്ഥാന സഹകരണ ബാങ്കിന്റെ നിയമാവലിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കേരള ബാങ്കിന്റെ കരടിന് രൂപം നല്‍കിയത്.

Next Story

RELATED STORIES

Share it