കേരള ബാങ്കിന് പച്ചക്കൊടി; സംസ്ഥാനത്തെ 68 ശതമാനം സംഘങ്ങളും അനുകൂലമായി വോട്ട് രേഖപ്പെടുത്തി
കേരള ബാങ്ക് എന്ന വലിയ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ച രീതിയില്‍ തന്നെ കേരള ബാങ്ക് നിലവില്‍ വരുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ലയനതീരുമാനം കൈക്കൊള്ളുന്നതിനായി ചേര്‍ന്ന ജില്ലാ സഹകരണ ബാങ്കുകളുടെ പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ 68 ശതമാനം സംഘങ്ങളും കേരള ബാങ്കിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. മലപ്പുറം ഒഴികെയുള്ള 13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുന്നതിനുള്ള തീരുമാനം കേവല ഭൂരിപക്ഷത്തോടെ പാസ്സാക്കി. നിലവിലെ സംസ്ഥാന സഹകരണ നിയമമനുസരിച്ച് ജില്ലാ സഹകരണ ബാങ്കുകളുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് വോട്ട് ചെയ്യുന്നവരുടെ കേവല ഭൂരിപക്ഷം മാത്രമാണ് ലയനതീരുമാനത്തിന് വേണ്ടത്. കേവല ഭൂരിപക്ഷത്തോടെ ലയന തീരുമാനം അംഗീകരിച്ച 13 ജില്ലാ സഹകരണ ബാങ്കുകളില്‍ 9 ഇടത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ലഭിച്ചു. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളുടെ ആകെ രേഖപ്പെടുത്തപ്പെട്ട വോട്ടില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലധികം ലയന തീരുമാനത്തിന് അനുകൂലമായി ലഭിച്ചു.
തിരുവനന്തപുരം ജില്ലയില്‍ ലയനത്തിന് അനുകൂലമായി 84 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കൊല്ലം- 78 ശതമാനം, പത്തനംതിട്ട- 79 ശതമാനം, ആലപ്പുഴ- 69 ശതമാനം, കോട്ടയം- 66 ശതമാനം, ഇടുക്കി- 58 ശതമാനം, എറണാകുളം- 65 ശതമാനം, തൃശൂര്‍- 69 ശതമാനം, പാലക്കാട് - 69 ശതമാനം, കോഴിക്കോട്- 78 ശതമാനം, വയനാട്- 61 ശതമാനം, കണ്ണൂര്‍- 77 ശതമാനം, കാസര്‍കോട്- 68 ശതമാനം എന്ന നിലയിലാണ് ലയനത്തെ അനുകൂലിച്ചത്. മലപ്പുറത്ത് 25 ശതമാനം മാത്രമാണ് ലയനത്തിന് അനുകൂലമായി വോട്ട് ചെയ്തത്. മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലയിലും കേവല ഭൂരിപക്ഷം നേടിയ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും തമ്മിലുളള ലയന പ്രക്രിയയ്ക്ക് അംഗീകാരം നേടാന്‍ കഴിഞ്ഞതോടെ കേരള ബാങ്കിന് മുന്നോടിയായ പ്രധാന കടമ്പ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. ലയനത്തിന് എതിരായ നിലപാട് തുടക്കം മുതല്‍ കൈക്കൊണ്ടുവന്ന യുഡിഎഫ് നേതൃത്വത്തിന് തിരിച്ചടിയാണ് ലയന തീരുമാനത്തിന് ലഭിച്ച അംഗീകാരമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വ്യാജ കത്തുകളും കോടതി കേസുകളും നിരവധിയുണ്ടായി. ജനറല്‍ ബോഡി യോഗത്തില്‍ അലങ്കോലമുണ്ടാകുമെന്ന വ്യാജപ്രചരണം അഴിച്ചുവിട്ടു. 9 ജില്ലകളില്‍ ജില്ലാ കലക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് വോട്ടിങ് നടന്നത്. കേരള ബാങ്ക് എന്ന വലിയ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ച രീതിയില്‍ തന്നെ കേരള ബാങ്ക് നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, നബാര്‍ഡ് നിര്‍ദ്ദേശിച്ച ഉപാധികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 14 ജില്ലാബാങ്ക് അംഗങ്ങളുടേയും അനുമതി തേടി പൊതുയോഗത്തില്‍ അവതരിപ്പിച്ച പ്രമേയം അഞ്ചുജില്ലകളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തള്ളികളഞ്ഞ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരളാബാങ്ക് എന്ന ആശയം ഒരു ചാപിള്ളയായെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയും ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഡോ.ശൂരനാട് രാജശേഖരന്‍ പറഞ്ഞു. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് തുടങ്ങിയ ജില്ലാ ബാങ്കുകളാണ് കേരളാ ബാങ്ക് രൂപീകരണത്തിനുള്ള പ്രമേയം തള്ളികളഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
ന്യൂജേഴ്സിയിലെ റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ മുസ്ലിം സംഘടനകള്‍...
29 March 2023 4:47 PM GMTകോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTവെടിവയ്പില്‍ വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMT