Kerala

തിരഞ്ഞെടുപ്പ്: പോലിസ് വിന്യാസം പൂര്‍ത്തിയായി; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

തിരഞ്ഞെടുപ്പ്: പോലിസ് വിന്യാസം പൂര്‍ത്തിയായി; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഉള്‍പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് തടയുന്നതിനും മറ്റ് അക്രമസംഭവങ്ങള്‍ കണ്ടെത്തുന്നതിനും രാവിലെ മുതല്‍ തന്നെ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. ഇതിന്റെ ദൃശ്യങ്ങള്‍ അപ്പപ്പോള്‍ പട്രോളിങ് ടീമിനും പോലിസ് ആസ്ഥാനത്തെ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമിനും ലഭ്യമാക്കും.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് മദ്യം കടത്തല്‍, കള്ളക്കടത്ത് മുതലായവ തടയുന്നതിനും മറ്റുമായി 152 അതിര്‍ത്തി കേന്ദ്രങ്ങളില്‍ പ്രത്യേക പരിശോധനയും നിരീക്ഷണവും തുടങ്ങി. ഏത് അടിയന്തര സാഹചര്യവും നേരിടാനായി 95 കമ്പനി പോലിസ് സേന സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ആവശ്യമായ സ്ഥലങ്ങളില്‍ കേന്ദ്രസേനയുടെ സേവനവും വിനിയോഗിക്കും. പോളിങ് ബൂത്തുകള്‍ സ്ഥിതിചെയ്യുന്ന 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ്പ് പട്രോള്‍ ടീമുകളുണ്ട്. എട്ടോ പത്തോ സ്ഥലങ്ങളിലുള്ള പോളിങ് ബൂത്തുകള്‍ പരമാവധി 15 മിനിറ്റിനുള്ളില്‍ ഒരു ടീമിന് ചുറ്റിവരാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം.

ഓരോ ടീമിലും ഒരു വീഡിയോഗ്രാഫറുമുണ്ടായിരിക്കും. കൂടാതെ ഓരോ പോലിസ് സ്റ്റേഷനും കേന്ദ്രീകരിച്ച് കേന്ദ്രസേനാംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു ലോ ആന്റ് ഓര്‍ഡര്‍ പട്രോള്‍ ടീം, ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഓരോ ഇലക്ഷന്‍ സബ് ഡിവിഷനിലും പ്രത്യേക പട്രോള്‍ ടീം എന്നിവയും ക്രമസമാധാനപാലനത്തിന് ഉണ്ടായിരിക്കും. നക്‌സല്‍ ബാധിതപ്രദേശങ്ങളില്‍ സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പും തണ്ടര്‍ബോള്‍ട്ടും തികഞ്ഞ ജാഗ്രതയിലാണ്. ഈ പ്രദേശങ്ങളിലെ പോലിസ് സ്റ്റേഷനുകള്‍ക്കും പോളിങ് ബൂത്തുകള്‍ക്കും പ്രത്യേക സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it