Kerala

തൃപ്പൂണിത്തുറ തിരിച്ചു പിടിച്ച് കെ ബാബു

ആവേശകരമായ പോരാട്ടത്തിനൊടുവില്‍ 992 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഎമ്മിലെ എം സ്വരാജിനെ പരാജയപ്പെടുത്തി കെ ബാബു മണ്ഡലം തിരിച്ചു പിടിച്ചത്

തൃപ്പൂണിത്തുറ തിരിച്ചു പിടിച്ച് കെ ബാബു
X

കൊച്ചി: തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ തവണ കൈവിട്ട വിജയം ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ കെ ബാബു തിരിച്ചു പിടിച്ചു.ആവേശകരമായ പോരാട്ടത്തിനൊടുവില്‍ 992 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഎമ്മിലെ എം സ്വരാജിനെ പരാജയപ്പെടുത്തി കെ ബാബു മണ്ഡലം തിരിച്ചു പിടിച്ചത്.കെ ബാബു, 65875 വോട്ടുകളും എം സ്വരാജ്, 64883 വോട്ടുകളും നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായ ഡോ. കെ എസ്. രാധാകൃഷ്ണന്‍ 23,756 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.1099 വോട്ടുകള്‍ വീണ നോട്ടയാണ് ഇവിടെ നാലാം സ്ഥാനത്തെത്തിയത്

91 മുതല്‍ 2016 വരെ കെ ബാബുവായിരുന്നു ഇവിട തുടര്‍ച്ചയായി വിജയിച്ചിരുന്നത് എന്നാല്‍ 2016 ലെതിരഞ്ഞെടുപ്പില്‍ ബാബുവിനും യുഡിഎഫിനും ഇവിടെ അടിതെറ്റി.ബാര്‍ക്കോഴ വിവാദത്തില്‍ കുരുങ്ങിയ ബാബുവിനെ നേരിടാന്‍ സിപിഎം അന്ന് രംഗത്തിറക്കിയത് ഡിവൈ എഫ് ഐ നേതാവായിരുന്ന എം സ്വരാജിനെയായിരുന്നു.ഫലം വന്നപ്പോള്‍ 4,467 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സ്വരാജ് അപ്രതീക്ഷിത വിജയം സ്വന്തമാക്കിയത് ഇടത് ക്യാപിനെ തന്നെ അല്‍ഭുതപ്പെടുത്തിയിരുന്നു.കഴിഞ്ഞ തവണ ഏറ്റ പരാജയത്തിന് പ്രതികാരം ചെയ്യാന്‍ ഇത്തവണ ബാബുവിനെത്തന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗവും ബാബുവിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും രംഗത്തുവന്നിരുന്നു.എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ നിലപാടിനെ തുടര്‍ന്ന് ബാബുവിന് തന്നെ നറുക്ക് വീഴുകയായിരുന്നു.

കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ മണ്ഡലത്തിന്റെ മുക്കും മൂലയും വരെ കേന്ദ്രീകരിച്ച് ശക്തമായ പ്രചരണമാണ് കെ ബാബുവും കോണ്‍ഗ്രസും നടത്തിയത്. രാഹുഗാന്ധിയടക്കം കോണ്‍ഗ്രസിന്റെ മുന്‍ നിര നേതാക്കല്‍ പലരും കെ ബാബുവിനായി വോട്ടു തേടി മണ്ഡലത്തില്‍ എത്തിയിരുന്നു.അതേ സമയം കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്തുന്നതിനായി സിപിഎമ്മും മണ്ഡലത്തില്‍ ശക്തമായ പ്രചരണമാണ് നടത്തിയത് താന്‍ എംഎല്‍എയായിരുന്ന കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു എം സ്വരാജ് വോട്ടു തേടിയത്.

ബിജെപി സ്ഥാനാര്‍ഥി കെ എസ് രാധാകൃഷ്ണനും മണ്ഡലത്തില്‍ ശക്തമായ പ്രചരണമാണ് നടത്തുന്നത്.കേന്ദ്രമന്ത്രി അമിത് ഷാ അടക്കമുളള ബിജെപി നേതാക്കള്‍ രാധാകൃഷ്ണനുവേണ്ടി വോട്ടു തേടി എത്തി. അമിത് ഷാ തൃപ്പൂണിത്തുറയില്‍ റോഡ് ഷോയും നടത്തിയിരുന്നു.2011 ല്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച സാബു വര്‍ഗ്ഗീസ് 4,942 വോട്ടുകളും 2016 ല്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച തുറവൂര്‍ വിശ്വംഭരന്‍ 29,843 വോട്ടുകളും നേടിയിരുന്നു. എന്നാല്‍ ഇക്കുറി ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഡോ. കെ എസ്. രാധാകൃഷ്ണന് 23,756 വോട്ടുകള്‍ മാത്രമാണ് നേടാനായത്.ബാക്കിയുള്ള ആറായിരത്തില്‍പ്പരം വോട്ടുകള്‍ എവിടെപ്പോയി എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ബിജെപി വോട്ടുകള്‍ തനിക്ക് കിട്ടിയിട്ടില്ലെന്നാണ് കെ ബാബുവിന്റെ അവകാശ വാദം.

Next Story

RELATED STORIES

Share it