Kerala

ഇടതുസര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി:ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 29 ബാറുകള്‍ ഉണ്ടായിരുന്നിടത്ത് ഇടതുസര്‍ക്കാര്‍ അത് 624 ബാറുകളാക്കി ഉയര്‍ത്തി. അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നു പറയുകയും എന്നാല്‍ എല്ലാം തുറന്നുകൊടുക്കുകയും പുതുതായി അനുവദിക്കുകയും ചെയ്തു. ഒരു തുള്ളി മദ്യം പോലും അധികം ലഭ്യമാക്കില്ലെന്നു പറഞ്ഞിടത്ത് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 65,000 കോടി രൂപയുടെ മദ്യമാണ് സര്‍ക്കാര്‍ മലയാളിയെകൊണ്ട് കുടിപ്പിച്ചത്

ഇടതുസര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി:ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്
X

കൊച്ചി: മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറച്ചുകൊണ്ടു വരുന്ന നയമായിരിക്കും ഇടതു മുന്നണിയുടേതെന്ന് അവകാശപ്പെട്ട് അധികാരത്തില്‍വന്ന ഇടതു സര്‍ക്കാര്‍ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ മദ്യാലയമാക്കി മാറ്റിയെന്ന് കെ സി ബി സി മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്. പാലാരിവട്ടം പിഒസി യില്‍ കെസിബിസി മദ്യവിരുദ്ധസമിതി 22-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 29 ബാറുകള്‍ ഉണ്ടായിരുന്നിടത്ത് ഇടതുസര്‍ക്കാര്‍ അത് 624 ബാറുകളാക്കി ഉയര്‍ത്തി. അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നു പറയുകയും എന്നാല്‍ എല്ലാം തുറന്നുകൊടുക്കുകയും പുതുതായി അനുവദിക്കുകയും ചെയ്തു. ഒരു തുള്ളി മദ്യം പോലും അധികം ലഭ്യമാക്കില്ലെന്നു പറഞ്ഞിടത്ത് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 65,000 കോടി രൂപയുടെ മദ്യമാണ് സര്‍ക്കാര്‍ മലയാളിയെകൊണ്ട് കുടിപ്പിച്ചത്. മദ്യലോബികളുടെ അടിമകളായി ഒരു ജനാധിപത്യസര്‍ക്കാര്‍ ഒരിക്കലും മാറരുത്. മദ്യവര്‍ജനവും മദ്യനിരോധനവും ഒന്നിച്ചുപോകുന്ന നയമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടതെന്നും ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് പറഞ്ഞു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ആനിമേറ്റര്‍ സിസ്റ്റര്‍ റോസ്മിന്‍ സംസാരിച്ചു.മദ്യനിരോധനം നയമായി സ്വീകരിക്കുന്ന മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം സംസ്ഥാന സെക്രട്ടറി യോഹന്നാന്‍ ആന്റണി അവതരിപ്പിച്ചു. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള കെസിബിസി ബിഷപ് മാക്കീല്‍ അവാര്‍ഡ് നേടിയ തലശ്ശേരി അതിരൂപതയ്ക്ക് പുരസ്‌കാരം നല്‍കി.

Next Story

RELATED STORIES

Share it