Kerala

മദ്യനയം: സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്ക സഭയുടെ സര്‍ക്കുലര്‍

മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ നയമെന്ന് ആവര്‍ത്തിക്കുമ്പോഴും മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ നടപടിയില്ലെന്നു മാത്രമല്ല മദ്യവര്‍ജന നയത്തെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു. പ്രകടന പത്രികയിലെ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണം. പ്രതിപക്ഷം എതിര്‍ത്തത് മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിച്ചതിനെയല്ല മറിച്ച് ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാരിന്റെ നടപടിക്രമങ്ങളിലെ വീഴ്ച മാത്രം

മദ്യനയം: സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്ക സഭയുടെ സര്‍ക്കുലര്‍
X

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതി മദ്യവിരുദ്ധ കമ്മീഷന്‍.മദ്യവിരുദ്ധ ഞായര്‍ ആചരണത്തിന്റെ ഭാഗമായി ഈ മാസം 10 ന് പളളികളില്‍ വായിക്കാന്‍ പുറപ്പെടുവിച്ചിരിക്കുന്ന സര്‍ക്കുലറിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.സര്‍ക്കാര്‍ മദ്യനിരോധനം നടപ്പാക്കണമെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മദ്യലഭ്യത കുറച്ചുകൊണ്ടുവരാനുളള നിലപാടുകളല്ല സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു.മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരാനുളള നയത്തിനായിരിക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്നാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനു മുമ്പായി തിരഞ്ഞെുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇത് പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ നയമെന്ന് ആവര്‍ത്തിക്കുമ്പോഴും മദ്യത്തിന്റെ ലഭ്യത കുറയക്കാന്‍ നടപടിയില്ലെന്നു മാത്രമല്ല മദ്യവര്‍ജന നയത്തെ നിര്‍വീര്യമാക്കുകയുമാണ് ചെയ്യുന്നത്.പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതായി കണക്കാക്കി മദ്യശാല തുടങ്ങാന്‍ അനുമതി നല്‍കിയത് പ്രകടന പത്രികയക്ക് തന്നെ എതിരാണ്.പ്രതിവര്‍ഷം 10 ശതമാനം ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട് ലെറ്റുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം അട്ടിമറിച്ചു.

മദ്യത്തിന്റെ വിഷയത്തില്‍ ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതില്‍ പ്രതിപക്ഷത്തിന്റെ പങ്കും പരിശോധിക്കപ്പെടേണ്ടതാണ്.പ്രതിപക്ഷം എതിര്‍ത്തത് മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിച്ചതിനെയല്ല മറിച്ച് ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാരിന്റെ നടപടിക്രമങ്ങളിലെ വീഴ്ച മാത്രമാണെന്നും സര്‍ക്കുലറില്‍ വിമര്‍ശിക്കുന്നു.ഭാഗിക മദ്യനിരോധനം പിന്‍വലിക്കാന്‍ തൊടുന്യായം പറഞ്ഞത് മദ്യലഭ്യത കുറഞ്ഞതുകൊണ്ട് മയക്കുമരുന്നുപയോഗം വര്‍ധിച്ചുവെന്നാണ്.എന്നാല്‍ മദ്യത്തിന്റെ കുത്തൊഴുക്ക് അനുഭവപെടുന്ന ഈ കാലഘട്ടത്തിലും മയക്കുമരുന്നുപയോഗം വ്യാപകമായി തുടരുന്നതിന്റെ കാരണം പറയാന്‍ ആരും തയാറാകുന്നില്ലെന്നും സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു.യുവതലമുറ മയക്കുമരുന്നിലേക്ക് നീങ്ങുന്നത് ഗുരുതരമാണ്. ശക്തമായ നിയമസംവിധാനത്തിലൂടെ ഇതിനെതിരെ നടപടി സ്വീകരിക്കണം. ഇതിനായി എക്‌സൈസ്-പോലീസ്- ഫോറസ്റ്റ്-റവന്യു സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കണമെന്നും സര്‍ക്കൂലറില്‍ ആവശ്യപ്പെടുന്നു.നവകേരളമെന്ന മുദ്രാവാക്യം തകര്‍ന്ന വീടുകളും പാലങ്ങളും പുനര്‍നിര്‍മിക്കാന്‍ മാത്രമല്ല വേണ്ടത് മറിച്ച് എല്ലാ അര്‍ഥത്തിലുമുള്ള പുതിയ കേരള സൃഷ്ടിക്കുകൂടി വേണ്ടിയാണ്.അഴിമതി,മാലിന്യ മുക്ത കേരളമെന്ന പോലെ മദ്യവിമുക്ത കേരളവും നവകേരള നിര്‍മാണത്തിന്റെ ഭാഗമാകണമെന്നും ബിഷപുമാരായ മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍,ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്,ആര്‍ ക്രിസ്തുദാസ് എന്നിവര്‍ സംയുക്തമായി ഇറക്കിയ സര്‍ക്കൂലറില്‍ ആവശ്യപ്പെടുന്നു.


Next Story

RELATED STORIES

Share it